SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.11 PM IST

ഗവർണറെ വെട്ടാനുള്ള ബില്ലിൽ പിഴവ്: പി.വി.സി ഇല്ലാത്ത 4 സർവകലാശാലകളിൽ വി.സിയുടെ ചുമതല പി.വി.സിക്ക്

Increase Font Size Decrease Font Size Print Page
governor-vs-cm

തിരുവനന്തപുരം: ഗവർണറെ ചാൻസലർ പദവിയിൽ നിന്നൊഴിവാക്കാൻ സർക്കാർ കൊണ്ടു വരുന്ന ബില്ലിൽ ഗുരുതര പിഴവുകൾ.

വൈസ്ചാൻസലറുടെ ഒഴിവുണ്ടാവുമ്പോൾ താത്കാലിക ചുമതല പ്രോ വൈസ് ചാൻസലർക്ക് കൈമാറാമെന്നാണ് ബില്ലിലെ വ്യവസ്ഥ. എന്നാൽ പി.വി.സി തസ്തികയില്ലാത്ത ഫിഷറീസ്, വെറ്ററിനറി, കാർഷിക, ഡിജിറ്റൽ സർവകലാശാലകളിലും ഈ വ്യവസ്ഥ ഉൾപ്പെടുത്തി. 4 സർവകലാശാലകളും ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലല്ല. ബന്ധപ്പെട്ട വകുപ്പുകളുമായി ചർച്ച ചെയ്യാതെ നിയമ വകുപ്പ് ബില്ലുണ്ടാക്കിയതാണ് പിഴവിനിടയാക്കിയത്.

നിലവിലെ യു.ജി.സി നിയമ പ്രകാരം, വൈസ്ചാൻസലർക്കൊപ്പം കോ-ടെർമിനസ് വ്യവസ്ഥയിൽ പ്രോവൈസ് ചാൻസലറും പുറത്താവും. അതിനാൽ പി.വി.സിയുടെ അഭാവത്തിൽ മറ്റേതെങ്കിലും സർവകലാശാലയുടെ വി.സിക്ക് ചുമതല കൈമാറാമെന്നാണ് ഭേദഗതി ബില്ലിലുള്ളത്. വിരമിച്ച ഐ.എ.എസുകാർക്കും ചീഫ്സെക്രട്ടറിമാർക്കും ചാൻസലറാവാനുള്ള വ്യവസ്ഥയും ബില്ലിലുണ്ട്. വിദ്യാഭ്യാസ വിചക്ഷണനെ ചാൻസലറാക്കാനായിരുന്നു കരട് ബില്ലിലെ നിർദ്ദേശമെങ്കിൽ, പൊതു ഭരണത്തിൽ പ്രാഗത്ഭ്യമുള്ളയാളെയും ചാൻസലറാക്കാമെന്നാണ് നിയമസഭാ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ബില്ലിലുള്ളത്. വി.സിമാരെ തിരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റിയിൽ ചീഫ്സെക്രട്ടറിയെ ഉൾപ്പെടുത്തിയത് നിയമവിരുദ്ധമാണെന്ന് കോടതികൾ ചൂണ്ടിക്കാട്ടിയപ്പോൾ, പഠനശാഖയായ പബ്ലിക് അഡ്മിനിസ്ട്രേഷനിൽ വൈദ്ഗ്ദ്ധ്യമുള്ള ചീഫ്സെക്രട്ടറി അക്കാഡമിക് വിദഗ്ദ്ധനാണെന്നായിരുന്നു സർക്കാർ വാദം. ഇത് തള്ളിയാണ് ഫിഷറീസ് വി.സിയായിരുന്ന റിജി ജോണിനെ ഹൈക്കോടതി പുറത്താക്കിയത്.

കല, ശാസ്ത്രം, സാങ്കേതികം, വൈദ്യശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഹ്യുമാനിറ്റീസ്, സാഹിത്യം, സാംസ്കാരികം, നിയമം മേഖലകളിൽ പ്രാഗത്ഭ്യമുള്ളവരെ ചാൻസലറാക്കാമെന്നാണ് ബില്ലിൽ. 5 വർഷ കാലാവധിയും ഒരു ടേമിൽ തുടർച്ചയും ലഭിക്കും. പ്രതിഫലമില്ലാത്ത പദവിയാണ്. ഓഫീസ് സർവകലാശാലയിലായിരിക്കും. ഓഫീസ് പ്രവർത്തനത്തിന് ജീവനക്കാരെയും ഉദ്യോഗസ്ഥരെയും സർവകലാശാല നൽകും.

ഭരണഘടനാപരമായ നിരവധി ചുമതലകൾ നിർവഹിക്കാനുള്ള ഗവർണറെ വിവാദങ്ങൾക്കും വിമർശനത്തിനും കാരണമാവുന്ന പദവികൾ നൽകി ബുദ്ധിമുട്ടിക്കരുതെന്ന, കേന്ദ്ര- സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് മദൻമോഹൻ പുഞ്ചി കമ്മിഷന്റെ ശുപാർശ പ്രകാരമാണ് ഗവർണറെ ചാൻസലർ പദവിയിൽ നിന്നൊഴിവാക്കുന്നതെന്ന് ബില്ലിന്റെ ഉദ്ദേശ്യ കാര്യങ്ങളുടെ വിവരണമായി പറയുന്നു.

TAGS: GOVERNOR VS CM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY