വയനാട്: സുൽത്താൻ ബത്തേരി ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. ഇന്നലെ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. നഗരത്തിലെ രണ്ട് വിദ്യാലയങ്ങളിലെ ഹയർ സെക്കൻഡറി വിദ്യാർത്ഥികളാണ് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്.
ചില കുട്ടികൾ തമ്മിലുണ്ടായ വ്യക്തി വിരോധമാണ് ഏറ്റുമുട്ടലിലേയ്ക്ക് നയിച്ചത്. നാട്ടുകാർ ഇടപെട്ടാണ് പിന്നീട് വിദ്യാർത്ഥികളെ പിരിച്ചു വിട്ടത്. സംഭവത്തിൽ പരാതികളൊന്നും ലഭിച്ചിട്ടില്ലെങ്കിലും അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. മുൻപും ഈ രണ്ട് വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. എന്നാൽ അത് അന്നുതന്നെ പരിഹരിച്ചിരുന്നെന്നാണ് പൊലീസ് പറയുന്നത്.