തിരുവനന്തപുരം: എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമനം സ്‌പെഷ്യൽ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് റാങ്ക് ലിസ്റ്റിലെ സീനിയോറിറ്റി അടിസ്ഥാനമാക്കിയാകണമെന്ന് സർക്കാർ നിർദ്ദേശം. ഉദ്യോഗാർത്ഥിക്ക് സൗകര്യപ്രദമായ സ്‌കൂളിലാണ് നിയമന ശുപാർശ നൽകേണ്ടത്. ഒരേ ഒഴിവിൽ ഒന്നിലധികം പേരുണ്ടെങ്കിൽ റൊട്ടേഷൻ വ്യവസ്ഥകൾക്കനുസൃതമായി രജിസ്‌ട്രേഷൻ സീനിയോറിറ്റി മാനദണ്ഡമാക്കണം.
ഭിന്നശേഷിനിയമനം ശുപാർശ ചെയ്യുന്ന സമിതിയുടെ പ്രവർത്തനത്തിനായി സമന്വയ സോഫ്റ്റ് വെയറിലെ പ്രത്യേക മൊഡ്യൂൾ ജൂലായ് ഒന്നിനുമുമ്പ് പ്രവർത്തനസജ്ജമാകണം. ജില്ലാതലസമിതികൾ 21 ന് മുൻപ് പ്രവർത്തനമാരംഭിക്കണം. സമന്വയയിൽ സ്‌കൂൾ മാനേജർമാർ ഭിന്നശേഷിഒഴിവുകൾ ജൂലായ് ഏഴിനുമുമ്പ് അപ്‌ലോഡ് ചെയ്യണം. 15 ദിവസത്തിനുള്ളിൽ മാനേജർമാർ റിപ്പോർട്ട് ചെയ്ത ഒഴിവുകൾ ചട്ടപ്രകാരമാണെന്ന് ഉറപ്പുവരുത്തി വിദ്യാഭ്യാസ ഓഫീസർമാർ ജില്ലാതലസമിതിക്ക് പ്രൊപ്പോസൽ സമർപ്പിക്കണം. എയ്ഡഡ് സ്‌കൂൾ മാനേജ്‌മെന്റുകൾ അതതു വിഭാഗങ്ങൾക്കായി നീക്കിവച്ചിരിക്കുന്ന ഒഴിവുകൾ ജില്ലാടിസ്ഥാനത്തിൽ ഒരു യൂണിറ്റായി പരിഗണിച്ചാവണം സീനിയോറിറ്റി പട്ടിക തയ്യാറാക്കേണ്ടത്.
ഉദ്യോഗാർത്ഥിയുടെ പ്രായപരിധി നിശ്ചയിക്കേണ്ടത് ജനുവരി ഒന്ന് കണക്കാക്കി വേണം. ജില്ലാസമിതി പ്രസിദ്ധീകരിക്കുന്ന പട്ടികയുടെ കാലാവധി ഡിസംബർ 31 വരെയാണ്. ഓരോ അക്കാഡമിക വർഷത്തിന്റെയും ആരംഭത്തിൽ ലിസ്റ്റ് പ്രസിദ്ധീകരിക്കണം. ലിസ്റ്റിൽനിന്ന് ജില്ലാതലസമിതി ശുപാർശ ചെയ്യുന്ന ഉദ്യോഗാർത്ഥിക്ക് 15 ദിവസത്തിനകം ബന്ധപ്പെട്ട മാനേജ്‌മെന്റ് നിയമന ഉത്തരവ് നൽകണം. തുടർന്ന് വിദ്യാഭ്യാസ ഓഫീസർ നിയമനാംഗീകാരം നൽകണം. അനദ്ധ്യാപക ഒഴിവുകളിലേക്കുള്ള നിയമനങ്ങൾക്കും ജില്ലാതല സമിതികൾ നടപടി സ്വീകരിക്കണമെന്ന് ഉത്തരവിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |