ന്യൂഡൽഹി:ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന എസ്. മുരളീധറിനെ ട്വിറ്ററിലൂടെ വിമർശിച്ചതിന് കോടതിയലക്ഷ്യ നടപടി നേരിട്ട കാശ്മീർ ഫയൽസ് സംവിധായകൻ വിവേക് അഗ്നിഹോത്രി നിരുപാധികം മാപ്പ് പറഞ്ഞു. 2023 മാർച്ച് 16ന് വിവേക് അഗ്നിഹോത്രിയോട്
ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകാൻ ജസ്റ്റിസ് സിദ്ധാർത്ഥ് മൃദുൽ, ജസ്റ്റിസ് തൽവന്ത് സിംഗ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.
ഭീമ കൊറേഗാവ് കേസിൽ പ്രതിയായ ഗൗതം നവ് ലാഖയ്ക്ക് അനുകൂലമായി വിധി പറഞ്ഞതിനായിരുന്നു ജസ്റ്റിസ് എസ്.മുരളീധറിനെതിരെ വിവേക് അഗ്നിഹോത്രി
ട്വിറ്ററിൽ പരാമർശം നടത്തിയത്. സ്വാധീനത്തിന് വഴങ്ങിയുള്ള വിധിയെന്നായിരുന്നു കുറിപ്പ്. തുടർന്ന് ഡൽഹി ഹൈക്കോടതി സ്വമേധയ കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കുകയായിരുന്നു. നിലവിൽ ഒഡിഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആണ് ജസ്റ്റിസ് എസ്.മുരളീധർ.