SignIn
Kerala Kaumudi Online
Friday, 26 April 2024 9.29 PM IST

മൊറോക്കൻ മറിമായം

morocco

സ്പെയ്നിനെ ഷൂട്ടൗട്ടിൽ പുറത്താക്കി മൊറോക്കോ ചരിത്രത്തിലാദ്യമായി ക്വാർട്ടറിൽ

ദോഹ :ലോകകപ്പ് ഫുട്ബാളിൽ ഇന്നലെ നടന്ന പ്രീ ക്വാർട്ടർ പെനാൽറ്റി ഷൂട്ടൗട്ടിൽ മുൻ ചാമ്പ്യന്മാരായ സ്പെയ്നിനെ 3-0ത്തിന് തോൽപ്പിച്ച് മൊറോക്കോ ക്വാർട്ടറിലെത്തി.നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകൾക്കും ഗോളടിക്കാനാവാതെ വന്നതോടെയാണ് കളി ഷൂട്ടൗട്ടിലെത്തിയത്. സ്പെയ്നിനായി കിക്കെടുത്ത സരാബിയ,സോളർ,ബുസ്ക്വെറ്റ്സ് എന്നിവർക്ക് പിഴച്ചു. മൊറോക്കോയ്ക്ക് വേണ്ടി സബീരി,സിയേഷ്,ഹക്കീമി എന്നിവർ കിക്ക് വലയിലാക്കി ഈ ലോകകപ്പിലെ രണ്ടാം പെനാൽറ്റി ഷൂട്ടൗട്ടായിരുന്നു ഇത്.

ഇരു പകുതികളിലും ഇരുടീമുകൾക്കും ഗോളടിക്കാൻ കഴിയാതെ വന്നതോടെയാണ് എക്സ്ട്രാടൈം അനുവദിച്ചത്. ആദ്യ പകുതിയിൽ ലക്ഷ്യത്തിലേക്ക് ഒരു ഷോട്ടുപോലും തൊടുക്കാൻ അനുവദിക്കാതെ മൊറോക്കോ സ്‌പെയ്നിനെ പ്രതിരോധത്തിൽ നിറുത്തി.

ചെറുപാസുകളിലൂടെ പന്തിന്റെ നിയന്ത്രണം കാത്തുസൂക്ഷിക്കാൻ സ്പെയ്ൻ ശ്രമിക്കുന്നതാണ് തുടക്കത്തിൽ കണ്ടത്. എന്നാൽ പ്രതിരോധത്തിൽ കൂടുതൽ ശ്രദ്ധിക്കാനായിരുന്നു മൊറോക്കോയുടെ തീരുമാനം. മൊറോക്കോയുടെ പകുതിയിൽ തന്നെയായിരുന്നു പന്ത് കൂടുതൽ സമയവും. ബാക്ക് പാസുകളിലൂടെ സ്പെയ്ൻ മുന്നേറ്റങ്ങളുടെ മുനയൊടിച്ചുകൊണ്ടേയിരുന്ന മൊറോക്കോ കൗണ്ടർ അറ്റാക്കിന് കിട്ടിയ അവസരങ്ങൾ മുതലാക്കാനും നോക്കി.

ആറാം മിനിട്ടിൽ ഹക്കിം സിയേഷ് സ്പാനിഷ് ഡിഫൻഡർ അൽബയെ വെട്ടിച്ച് മുന്നേറിയെങ്കിലും ഗോളിയുടെ കയ്യിൽഅവസാനിച്ചു. ബൗഫലും ഹക്കീമിയും സിയേഷും ചേർന്നാണ് മൊറോക്കോയുടെ പ്രത്യാക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ചത്. മറുവശത്ത് അസെൻഷ്യോയും ഗാവിയും റോഡ്രിയും അൽബയും ഫെറാൻ ടോറസുമൊക്കെ സ്പാനിഷ് മുന്നേറ്റങ്ങളൊരുക്കി. മൊറോക്കോയെ തങ്ങളുടെ പകുതിയിലേക്ക് ആകർഷിച്ച് അതിൽ നിന്ന് കിട്ടുന്ന പഴുതുകൾ മുതലെടുക്കാനാണ് സ്പെയ്ൻ നോക്കിയത്.

27-ാം മിനിട്ടിൽ സ്പെയ്നിന് മത്സരത്തിലെ അതുവരെയുള്ള ഏറ്റവും മികച്ച ചാൻസ് ലഭിച്ചു. അൽബയിൽ നിന്ന് കിട്ടിയ പന്തുമായി ലെഫ്ട് വിംഗിലൂടെ ഡിഫൻഡറെ വെട്ടിച്ചുമുന്നേറിയ അസൻഷ്യോയുടെ ശ്രമം പക്ഷേ സൈഡ് നെറ്റിൽതട്ടി അവസാനിക്കുകയായിരുന്നു. 33-ാം മിനിട്ടിൽ മൊറോക്കോയുടെ ഒരു മികച്ച മുന്നേറ്റം കണ്ടു.ബോക്സിന് പുറത്തുനിന്ന് മസ്റോയ് തൊടുത്ത ഷോട്ട് സ്പാനിഷ് ഗോളി ഉനേയ് സൈമൺ കയ്യിലൊതുക്കുകയായിരുന്നു.ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് രണ്ടുവട്ടമാണ് മൊറോക്കോ സ്പാനിഷ് ഗോൾ മുഖം വിറപ്പിച്ചത്. ആദ്യ തവണ ബൗഫലിന്റെ ക്രോസിന് തലവയ്ക്കാൻ അഗ്യുറേഡിന് കഴിയാതെ പോയി. തൊട്ടുപിന്നാലെ ഹക്കീമിയും മസ്റോയ്‌യും ചേർന്ന് നടത്തിയ ശ്രമവും പാഴായി.

രണ്ടാം പകുതിയിൽ ഗോളടിക്കാനായി സ്പെയ്ൻ ആക്രമണം ശക്തമാക്കിയപ്പോൾ മൊറോക്കോ പ്രതിരോധത്തിൽ കൂടുതൽ കരുത്തുകാട്ടി. 54-ാം മിനിട്ടിൽ ഒാൾമോയിലൂടെ സ്പെയ്ൻ ആദ്യമായി പോസ്റ്റിന് നേരേ ഒരു ഷോട്ട് തൊടുത്തു. 57-ാം മിനിട്ടിൽ ബൗഫലിന്റെയും മസ്റോയിയും ചേർന്ന് സ്പാനിഷ് ഗോൾ മുഖത്ത് ഭീതി വിതച്ച് മടങ്ങി. 63-ാം മിനിട്ടിൽ സ്പെയ്ൻ കോച്ച് എൻറിക്വെ അസെൻഷ്യോയെ പിൻവലിച്ച് അൽവാരോ മൊറാട്ടയെ കളത്തിലിറക്കി. എന്നാൽ സ്കോർ ബോർഡിൽ ചലനങ്ങൾ സൃഷ്ടിക്കാനുള്ള സ്പെയ്നിന്റെ നീക്കങ്ങൾ വിഫലമായിക്കൊണ്ടേയിരുന്നു. 82-ാം മിനിട്ടിൽ മൊറാട്ട പോസ്റ്റിന് സമാന്തരമായി ഒരു ക്രോസ് നൽകിയെങ്കിലും കണക്ട് ചെയ്യാൻ ആളുണ്ടായിരുന്നില്ല. മറുപുറത്ത് 86-ാം മിനിട്ടിൽ ഹക്കീമിയുടെ ഒരു ശ്രമം വിഫലമാകുന്നതും കണ്ടു.നിശ്ചിതസമയം അവസാനിക്കാറായപ്പോഴേക്കും കളി ചൂടുപിടിച്ചു. അധികസമയത്ത് പൊരിഞ്ഞ പോരാട്ടം നടത്തിയെങ്കിലും വല മാത്രം കുലുങ്ങിയില്ല.

1

ചരിത്രത്തിലാദ്യമായാണ് മൊറോക്കോ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ കളിക്കുന്നത്. പ്രീക്വാർട്ടറിലെത്തിയത് 20 വർഷത്തിന് ശേഷവും. ഗ്രൂപ്പ് റൗണ്ടിൽ ബെൽജിയത്തെ തോൽപ്പിക്കുകയും ക്രൊയേഷ്യയെ ഗോൾരഹിത സമനിലയിൽ തളയ്ക്കുകയും ചെയ്ത ടീമാണ് മൊറോക്കോ.

1

ലോകകപ്പ് ക്വാർട്ടറിലെത്തുന്ന ആദ്യ അറബ് രാജ്യമാണ് മൊറോക്കോ.

4

ലോകകപ്പ് ക്വാർട്ടറിലെത്തുന്ന നാലാമത്തെ ആഫ്രിക്കൻ രാജ്യവും ഷൂട്ടൗട്ടി​ൽ വി​ജയി​ക്കുന്ന ആദ്യ ആഫ്രി​ക്കൻ രാജ്യവും. 1990ൽ കാമറൂൺ,2002ൽ സെനഗൽ,2010ൽ ഘാന എന്നിവരാണ് ഇതിന് മുമ്പ് ക്വാർട്ടറിലെത്തിയ ആഫ്രിക്കൻ രാജ്യങ്ങൾ.

2010

ൽ ഘാന ഷൂട്ടൗട്ടിൽ ഉറുഗ്വേയോട് തോറ്റ് പുറത്തായശേഷം ഷൂട്ടൗട്ട് നേരിടേണ്ടിവന്ന ആദ്യ ആഫ്രിക്കൻ രാജ്യം

18 വർഷവും 123 ദിവസവും പ്രായമുള്ളപ്പോൾ ലോകകപ്പിന്റെ നോക്കൗട്ടിൽ കളിക്കാനിറങ്ങിയ സ്പാനിഷ് താരം ഗാവി പെലെയ്ക്ക് ശേഷം നോക്കൗട്ടിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി. 1958ൽ 17 വർഷവും 249 ദിവസവും പ്രായമുള്ളപ്പോഴാണ് പെലെ തന്റെ ആദ്യ ലോകകപ്പ് നോക്കൗട്ടിനിറങ്ങിയത്.

കഴിഞ്ഞ ലോകകപ്പിന്റെ ഗ്രൂപ്പ് റൗണ്ടിൽ ഏറ്റുമുട്ടിയ ടീമുകളാണ് മൊറോക്കോയും സ്പെയ്നും. അന്ന് രണ്ട് വട്ടം ലീഡ് ചെയ്തശേഷം 2-2ന് സമനില സമ്മാനിക്കുകയായിരുന്നു മൊറോക്കോ.

ഷൂട്ടൗട്ടിലെ കളി

മൊറോക്കോയ്ക്ക് വേണ്ടി ആദ്യ കിക്കെടുത്ത സബീരി പന്ത് വലയിലാക്കുന്നു

സ്പെയ്നിന്റെ ആദ്യ കിക്ക് സരാബിയ പോസ്റ്റിലടിച്ച് കളയുന്നു

സിയേഷിന്റെ കിക്കും സ്പാനിഷ് വല കടക്കുന്നു

സോളർ എടുത്ത കിക്ക് മൊറോക്കോ ഗോളി ബോനോ സേവ് ചെയ്യുന്നു

ബെനൗന്റെ കിക്ക് പാഴാവുന്നു,സ്പെയ്നിന് നേരിയ പ്രതീക്ഷ.

സ്പാനിഷ് ക്യാപ്ടൻ ബുസ്ക്വെറ്റ്സിന്റെ കിക്ക് സേവ് ചെയ്യപ്പെടുന്നു

ഹക്കീമി കിക്ക് ചിപ്പ് ചെയ്ത് വലയിലാക്കി റൊറോക്കോയെ വിജയിപ്പിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, MOROCCO
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.