SignIn
Kerala Kaumudi Online
Friday, 26 April 2024 2.43 PM IST

നിരാശ വാർത്തെടുക്കുന്ന കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസം

youth

വ്യത്യസ്തമായ വികസന അനുഭവമാണ് കേരളത്തിലുള്ളതെന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും അധിഷ്ഠിതമായ വികസനമാതൃക സാമൂഹികവളർച്ചയിൽ കുതിപ്പിന് സഹായകമായെന്ന കാര്യത്തിലും ഭിന്നാഭിപ്രായമില്ല. പക്ഷേ, കാർഷികവ്യാവസായിക മേഖലകളെ ആധുനികവത്‌കരിക്കാനോ, ആവശ്യമായ ഗുണനിലവാരത്തിലുള്ള പശ്ചാത്തല സൗകര്യങ്ങളൊരുക്കാനോ അങ്ങനെ സമ്പദ് വ്യവസ്ഥയെ കലോചിതമായി കരുത്തുള്ളതാക്കാനോ ഈ വികസനമാതൃകയ്ക്ക് സാധിച്ചില്ല. ദേശീയശരാശരിയുടെ ഇരട്ടിയോളമുള്ള തൊഴിലില്ലായ്മയായിരുന്നു ബാക്കിപത്രം.

അഭ്യസ്തവിദ്യരിലും സ്ത്രീകൾക്കിടയിലുമുള്ള തൊഴിലില്ലായ്മ കൈവിട്ടുപോയ ദീർഘവീക്ഷണത്തിന്റെ തെളിവാണ്. ലോകത്തിന്റെ നാനാഭാഗങ്ങളിലെ വൈജ്ഞാനികമണ്ഡലങ്ങളിലും സങ്കേതികവിദ്യയിലും സംഭവിക്കുന്ന മാറ്റങ്ങൾക്കനുസരിച്ച് കേരളസമൂഹത്തെയും സമ്പദ് വ്യവസ്ഥയേയും മാറ്റിയെടുക്കാൻ കഴിയാതെപോയി. ശരാശരി ഉദ്യോഗസ്ഥതല ബോദ്ധ്യങ്ങളിൽ തട്ടിനിന്ന നയരൂപീകരണത്തിന്റെയും പദ്ധതി ആസൂത്രണങ്ങളുടേയും ദുരന്തഫലമായിരുന്നു അത്. നിരന്തരം പുതുക്കപ്പെടുന്ന ഒരു ഉന്നതവിദ്യാഭ്യാസ സമ്പ്രദായത്തിന് മാത്രമേ സൂക്ഷ്മനിരീക്ഷണവും ഉൾക്കാഴ്ചയും ദീർഘവീക്ഷണവുമുള്ള യുവതലമുറയെ സൃഷ്ടിക്കാൻ സാധിക്കൂ.

സാർവത്രികവിദ്യാഭ്യാസവും സാക്ഷരതയും സാദ്ധ്യമായപ്പോൾ, പതിനായിരക്കണക്കിന് യുവാക്കൾക്ക് ആവശ്യമായ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങൾ ഇവിടെയുണ്ടായിരുന്നില്ല. കോളേജുകളും പോളിടെക്നിക്കുകളും ഐ.ടി.ഐകളും ചേർന്ന് വളരെ ചെറിയൊരു ശതമാനത്തിന് മാത്രം അവസരങ്ങൾ നൽകി. ബാക്കിയുള്ളവരിൽ ഒരുഭാഗം കൂണുപോലെ പൊട്ടിമുളച്ച സമാന്തര കോളേജുകളിലെത്തി. ബാക്കി വന്നവരിൽ നല്ലൊരുപങ്കും പ്രത്യേകിച്ച് തൊഴിൽ നൈപുണ്യമൊന്നും ആർജ്ജിക്കാതെ തൊഴിലന്വേഷകരായി. ബഹുഭൂരിപക്ഷം സ്ത്രീകളും പ്രതിഫലമൊന്നും ലഭിക്കാത്ത വീട്ടമ്മമാരുടെ സ്ഥാനമേറ്റെടുക്കാൻ കാത്തുനിന്നു. എന്നാൽ തൊണ്ണൂറുകളിൽ പൊതുസമ്പദ്‌വ്യവസ്ഥയിലുണ്ടായ സ്വകാര്യവത്‌കരണം ഉന്നതവിദ്യാഭ്യാസമേഖലയേയും സ്വാധീനിച്ചു. കേരളത്തിന്റെ അയൽസംസ്ഥാനങ്ങളിൽ എൻജിനീയറിങ്ങും നഴ്സിങ്ങും പഠിപ്പിക്കുന്ന സ്വാശ്രയ കോളേജുകൾ എമ്പാടും ഉയർന്നുവന്നു. അതിനുമപ്പുറത്ത് നേപ്പാളിലും മറ്റും മെഡിസിനും ഡെന്റലും പഠിക്കാൻ നൂറുകണക്കിന് പേർ തയ്യാറായി. വർഷം തോറും ആയിരക്കണക്കിന് കോടി രൂപ കേരളത്തിൽനിന്ന് ഈ വഴിക്ക് ഒഴുകുന്നുവെന്ന അഭിപ്രായങ്ങൾ ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും നിറഞ്ഞു. വികസന ചർച്ചകളിൽ അതൊരു കീറാമുട്ടിയായി.

പുറത്തേക്ക് ഒഴുകുന്ന കോടികൾ അണകെട്ടി പിടിച്ചു നിറുത്താൻ ഇവിടെയും സ്വാശ്രയ കേളേജുകൾ തുടങ്ങി. ഉന്നതനിലവാരമുള്ള വിദ്യാഭ്യാസമായിരുന്നില്ല, പകരം അതിനായി രക്ഷകർത്താക്കൾ ചെലവഴിക്കുന്ന പണമായിരുന്നു ഇവിടെ ശ്രദ്ധിക്കപ്പെട്ടത്. അങ്ങനെ മദ്യവ്യവസായികളും കശുഅണ്ടി കച്ചവടക്കാരും റബർ എസ്‌റ്റേറ്റ് ഉടമകളുമൊക്കെ പുതിയ മേൽവിലാസങ്ങളിൽ കോളേജുകൾ തുടങ്ങി. വർഷങ്ങളോളം കേരളത്തിലെ രാഷ്ട്രീയാന്തരീക്ഷത്തിൽ സ്വാധീനം ചെലുത്താൻ സ്വാശ്രയ വിഷയത്തിനായി. നിയമസഭയിലെ ഇരിപ്പിടത്തിന്റെ സ്ഥാനംവെച്ച് ഇടതും വലതും സ്വാശ്രയത്തെ തല്ലിയും തലോടിയും പൊതുജനത്തെ വിഡ്ഢികളാക്കി. പഠിപ്പുമുടക്കിയും ബന്ദും ഹർത്താലും നടത്തിയും നാടുനീളെ ലാത്തിച്ചാർജുകൾ സാദ്ധ്യമാക്കിയും എല്ലാ പത്രങ്ങളിലും നിരവധി കോളങ്ങളിൽ സ്വാശ്രയ വാർത്തകൾ കാലങ്ങളോളം നിറഞ്ഞുനിന്നു. സ്വന്തം ജീവിതം ത്യജിച്ച രക്തസാക്ഷികളുമുണ്ടായി. ഫീസും മെറിറ്റ് സീറ്റും എൻ.ആർ.ഐ ക്വാട്ടയും തട്ടുകടയിലെ ചർച്ചകളിൽ പോലും കടന്നുവന്നു. ഇതൊക്കെ നടക്കുമ്പോഴും നൂറുകണക്കിന് വിദ്യാർത്ഥികൾ ചൈനയിലും റഷ്യയിലും തെക്കുകിഴക്കേഷ്യൻ രാജ്യങ്ങളിലും കിഴക്കൻ യൂറോപ്പിലും പ്രൊഫഷണൽ വിദ്യാഭ്യാസം നേടാൻ പോകുന്നുണ്ടായിരുന്നു. മെട്രോനഗരങ്ങളിലെ പ്രശസ്ത കോളേജുകളിലും കേന്ദ്ര സർവകലാശാലകളിലും ഭാഷാസാമൂഹ്യശാസ്ത്ര വിഷയങ്ങൾ പഠിക്കാൻ മറ്റൊരുകൂട്ടം മിടുക്കരും പോയി.

ബാക്കിവന്ന സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് കാലഹരണപ്പെട്ട സിലബസും പഠനസാമഗ്രികളും വെച്ച്, അന്താരാഷ്ട്ര നിലവാരമുള്ള സെമിനാറുകളിലോ പ്രഭാഷണങ്ങളിലോ പങ്കെടുക്കാനാകാതെ, കൃത്യസമയത്ത് പരീക്ഷ നടക്കാത്ത, മൂല്യനിർണയം നടത്തി ഫലം പ്രസിദ്ധീകരിക്കാത്ത ഇവിടത്തെ സർവകലാശാലകളിൽ പഠിക്കേണ്ടിവന്നു. പിൽക്കാലത്ത് അവർക്കൊക്കെ എന്തുതരം തൊഴിലാണ് ലഭ്യമാകുക? ഇവിടുത്തെ സിവിൽ സർവീസ് ഉൾപ്പെടെയുള്ള സർക്കാർ മേഖലയ്ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നിയമിക്കാനാകുന്ന എണ്ണത്തിന് പരിമിതികളുണ്ട്. അതുതന്നെ ബഹുഭൂരിപക്ഷവും ഇപ്പോഴും കരാർ നിയമനമായി തുടരുന്നു. കുടുംബസ്വത്തുള്ളവരിൽ പലരും സ്വന്തമായി കച്ചവടം തുടങ്ങി. നിവൃത്തിയില്ലാതെ ബാക്കിയുള്ളവരും നാട്ടിലും ദൂരെയും കിട്ടിയ ജോലികളിൽ കയറിപ്പറ്റി. ഔദ്യോഗിക ജീവിതത്തിലെ നിരന്തര ഉയർച്ചയ്ക്ക് അനിവാര്യമായ ഉന്നതവിദ്യാഭ്യാസത്തിന്റെ ഉയർന്ന ഗുണനിലവാരം അവർക്ക് അപ്രാപ്യമായിരുന്നു. കഴുത്തിൽ ടൈയും മൊബൈലും തൂക്കി, മുറി ഇംഗ്ലീഷും പറഞ്ഞ് ഡിക്‌ഷ്‌ണറിയോ തടിച്ച പുസ്തകങ്ങളോ വിൽക്കാൻ യുവാക്കൾ തെരുവുകളിൽ അലഞ്ഞിരുന്ന കാലം ആരും മറന്നുകാണില്ല. ഇന്നവർ പല കമ്പനികളുടെയും യൂണിഫോമിട്ട് ഭക്ഷണമെത്തിക്കുന്ന 'ഡെലിവറി ബോയ്സ്' ആയി രൂപാന്തരം പ്രാപിച്ചിട്ടുണ്ട്. അതേവേഷത്തിൽ തന്നെ ഇൻഷ്വറൻസും ഷെയറും വിൽക്കാൻ ആയിരക്കണക്കിന് മിടുക്കർ മത്സരിക്കുന്നതും കാണാം.

മികച്ചൊരു ഉന്നതവിദ്യാഭ്യാസരംഗം കേരളത്തിനുണ്ടായിരുന്നെങ്കിൽ, മേൽപ്പറഞ്ഞ ദുരവസ്ഥ സംഭവിക്കില്ലായിരുന്നു. മാറിമാറി വരുന്ന ഭരണകൂടങ്ങളുടെ ചുവരെഴുത്തുകൾക്കും പരസ്യങ്ങൾക്കും നിറംനൽകുന്ന തൊലിപ്പുറമാറ്റങ്ങളെ കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖലയിൽ സംഭവിച്ചിട്ടുള്ളൂ. ഏതാണ്ട് ഇരുപതിനടുത്ത് സർവകലാശാലകളും രണ്ടായിരത്തിനടുത്ത് കോളേജുകളും ഒക്കെയുണ്ടായിട്ടും, ദേശീയതലത്തിൽ പോലും ശ്രദ്ധിക്കപ്പെടുന്ന ഗവേഷണമികവോ പഠനനിലവാരമോ കേരളത്തിന് ആർജ്ജിക്കാൻ സാധിച്ചിട്ടില്ല. ഇത് ക്രമേണ മിടുക്കരായ വിദ്യാർത്ഥികളുടെ പ്രവാസജീവിതത്തിനായിരിക്കും ഇടവരുത്തുക.

ഏതാണ്ട് മുപ്പതിനായിരത്തോളം വിദ്യാർത്ഥികളാണ് ഉന്നതവിദ്യാഭ്യാസത്തിനായി കഴിഞ്ഞവർഷവും വിദേശരാജ്യങ്ങളിലേക്ക് ചേക്കേറിയത്. നിലവിലെ നിരക്കിൽ ഏതാണ്ട് രണ്ടായിരം കോടി രൂപയാണ് അവരവിടെ കഴിഞ്ഞവർഷം മാത്രം ചെലവാക്കിയത്. പൂർവികസ്വത്ത് വിറ്റോ വായ്പയെടുത്തോ ആണ് ഇവരെല്ലാം പഠിക്കാൻ പോകുന്നത്. ഗുണനിലവാരമുള്ള പഠനത്തിനും സംതൃപ്തിയും ഉപജീവനവും ഉറപ്പുവരുത്തുന്ന തൊഴിൽ നേടുന്നതിലും ഈ നാട്ടിൽ നിലനില്‌ക്കുന്ന അനിശ്ചിതത്വം മാത്രമാണ് ഇതിന് കാരണം.

ഗവേഷണവും അറിവും സങ്കേതികവിദ്യയും രാകി കൂർപ്പിക്കുന്ന ഒരു അക്കാഡമിക സമൂഹത്തിന് മാത്രമേ വെല്ലുവിളിയെ നേരിട്ട് വിദ്യാഭ്യാസനിലവാരും ഉയർത്താനാകൂ. അതൊരുക്കേണ്ട സർവകലാശാലകൾ രാഷ്ട്രീയഭിന്നതകളുടെ അടർക്കളങ്ങളാണ്. ഉന്നതവും ഉദാത്തവുമായ മൂല്യങ്ങൾ പടിയിറങ്ങിപ്പോയ വെറും കോൺക്രീറ്റ് കെട്ടിടങ്ങളാണ് ഇന്ന് കേരളത്തിലെ സർവകലാശാലകൾ.

സാമൂഹിക അംഗീകാരത്തിനും അന്തസിനും ഉയർന്ന ശമ്പളത്തിനുമായി, സ്ഥാനമാനങ്ങൾ വിലപേശിയോ സ്വാധീനത്തിലൂടെയോ നേടിയെടുക്കുന്ന അദ്ധ്യാപകർക്ക് സാമൂഹികരാഷ്ട്രീയ പ്രതിബദ്ധതയുള്ള വിദ്യാർത്ഥികളെ വാർത്തെടുക്കാനാവില്ല.

(ലേഖിക ചിന്മയ ഡീംഡ് യൂണിവേഴ്സിറ്റിയിലെ ഡിപ്പാർട്ട്മെന്റ് ഒഫ് എഡ്യൂക്കേഷനിൽ അസിസ്റ്റന്റ് പ്രൊഫസറാണ്)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA HIGHER EDUCATION
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.