അയ്മനം: അങ്കണവാടി കെട്ടിടത്തിന് ഭീഷണിയായി അനധികൃത റൂഫ് നിർമ്മാണം. അയ്മനം പഞ്ചായത്തിന്റെ കീഴിൽ കൂടമാളൂരിൽ പ്രവർത്തിക്കുന്ന 38ാം നമ്പർ അങ്കണവാടി കെട്ടിടത്തിന് മുകളിലാണ് അനധികൃത നിർമ്മാണം. കെട്ടിടത്തിന് മുകളിൽ നിർമ്മാണപ്രവർത്തനം നടത്തുന്നത് സുരക്ഷിതമല്ലെന്ന് അസി.എൻജിനീയർ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കഴിഞ്ഞ വർഷം ഗ്രാമപഞ്ചായത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെച്ചു. എന്നാൽ, ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ പദ്ധതിയിൽ ഉൾപ്പെടുത്തി കെട്ടിടത്തിന് മുകളിൽ റൂഫിംഗ് നടത്താനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു. പഞ്ചായത്ത് അനുമതിയില്ലാതെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത് വാർഡ് മെമ്പറും അറിഞ്ഞിരുന്നില്ല. നിർമ്മാണം സംബന്ധിച്ച് വാർഡ് മെമ്പറെ അങ്കണവാടി അദ്ധ്യാപികയും ബ്ലോക്ക് പഞ്ചായത്ത് അധികൃതരും അറിയിച്ചില്ലെന്നും പരാതി ഉയർന്നു. 29 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. കുട്ടികളുടെ സുരക്ഷയ്ക്ക് ഭീഷണിയായതിനാൽ അനുമതിയില്ലാതെ നിർമ്മാണം നടത്തുന്നത് പുനപരിശോധിക്കണമെന്ന് എട്ടാം വാർഡ് മെമ്പർ ത്രേസ്യാമ്മ ചാക്കോ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |