ന്യൂഡൽഹി: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപുള്ള സെമി ഫൈനൽ പോരാട്ടങ്ങളിൽ യു.പിക്ക് ശേഷം ഒടുവിലേത്തായിരുന്നു
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും സ്വന്തം നാടായ ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ്.
ഭരണത്തുടർച്ചയ്‌ക്കായി 140 സീറ്റുകൾ ലക്ഷ്യമിട്ട് വർഷങ്ങളായി നടത്തിയ പ്രവർത്തനങ്ങൾ സമ്മാനിച്ചത് സംസ്ഥാനത്തെ ഏറ്റവും മികച്ച വിജയം. 150ലേറെ സീറ്റുമായി 1985ൽ കോൺഗ്രസിന്റെ മാധവ് സിംഗ് സോളങ്കി സൃഷ്‌ടിച്ച റെക്കാഡും മറികടന്നു. മോദിക്കും അമിത്‌ഷായ്‌ക്കും 2024ലെ ഫൈനൽ നേരിടാനുള്ളതെല്ലാമായി.
1995ൽ കേശുഭായ് പട്ടേലിലൂടെ തുടങ്ങിയ അശ്വമേധമാണ് ഗുജറാത്തിൽ ബി.ജെ.പിയുടേത്. 2001മുതൽ നാലുതവണ തുടർച്ചയായി മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി 2014ൽ പ്രധാനമന്ത്രിയായെങ്കിലും ബി.ജെ.പി ആധിപത്യത്തിന് കുറവുണ്ടായില്ല.
ഭരണവിരുദ്ധ വികാരം പ്രതിഫലിച്ച 2017ൽ 182ൽ 99 സീറ്റുമായി അധികാരം നിലനിറുത്തിയെങ്കിലും 77 സീറ്റ് നേടിയ കോൺഗ്രസിന്റെ മുന്നേറ്റവും പുതിയ എതിരാളിയായ ആംആദ്‌മിയുടെ സാന്നിധ്യവും മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങളാണ് ബി.ജെ.പി ആസൂത്രണം ചെയ്‌തത്.
പ്രചാരണത്തിൽ തുറുപ്പു ചീട്ടായ മോദി 34 റാലികളാണ് നടത്തിയത്. റോഡ് ഷോകൾ വേറെയും. അഹമ്മദാബാദിലെ 50 കിലോമീറ്റർ റോഡ് ഷോ ശ്രദ്ധിക്കപ്പെട്ടു. അമിത് ഷാ ഗുജറാത്തിൽ ക്യാമ്പ് ചെയ്‌ത് നേതൃത്വം നൽകി. പുലർച്ചെ രണ്ടു മണി വരെ അദ്ദേഹം നേതാക്കൾക്കൊപ്പം ചെലവഴിച്ചു.
റാലികളിൽ മോദി അടക്കം അഴിമതി ആരോപണങ്ങളുമായി കോൺഗ്രസിനെയാണ് ഉന്നമിട്ടത്. അവരുടെ വോട്ടുകൾ ഭിന്നിപ്പിക്കാനിടയുള്ള ആംആദ്‌മി പാർട്ടിയെ കണ്ടില്ലെന്നു നടിച്ചു. (ആംആദ്‌മി ഒരുപക്ഷേ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മോദിക്ക് വെല്ലുവിളിയാകാം ) അസദുദ്ദീൻ ഒാവൈസിയുടെ എ.ഐ.എം.ഐ.എമ്മും ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിച്ച് ബി.ജെ.പിയെ സഹായിച്ചു.
കഴിഞ്ഞവർഷം വിജയ് രൂപാണിയെ മാറ്റി ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയായി അവരോധിച്ചതോടെ ഭരണവിരുദ്ധ വികാരം കുറഞ്ഞു. കൊവിഡ് പ്രതിരോധത്തിലടക്കം രൂപാണിയുടെ വീഴ്ചകൾ പരിഹരിക്കാനും പ്രബലരായ പാട്ടിദാർ വിഭാഗത്തെ അടുപ്പിക്കാനുമുള്ള തന്ത്രവുമായിരുന്നു അത്.
2017ൽ, കർഷക-പാട്ടിദാർ പ്രക്ഷോഭങ്ങൾ മൂലം സൗരാഷ്ട്രയിൽ ബി.ജെ.പിക്ക് തിരിച്ചടി നേരിട്ടിരുന്നു. പ്രക്ഷോഭത്തിന്റെ മുന്നണിപ്പോരാളി ഹാർദിക് പട്ടേലിനെ പാർട്ടിയിലെത്തിച്ചതോടെ ഇക്കുറി സൗരാഷ്‌ട്ര തൂത്തുവാരി. ജയസാദ്ധ്യതയുള്ള സ്ഥാനാർത്ഥികളെ മാത്രം മത്സരിപ്പിക്കുന്ന പതിവും വൻവിജയത്തിന് കാരണമായി. 38 സിറ്റിംഗ് എം.എൽ.എമാരെയാണ് ഒഴിവാക്കിയത്. വിമതരെ പുറത്താക്കി. തൂക്ക് പാലം അപകടം നടന്ന മോർബിയിൽ സർക്കാർ വിരുദ്ധ തരംഗ സാദ്ധ്യത മുന്നിൽ കണ്ടാണ് സിറ്റിംഗ് എം.എൽ.എയെ മാറ്റി നദിയിൽ ചാടി രക്ഷാപ്രവർത്തനം നടത്തിയ കാന്തിലാൽ അമൃതിയയെ നിറുത്തിയത്. കേന്ദ്രഭരണത്തിന്റെ പിന്തുണയോടെ നടപ്പാക്കിയ വികസനമായിരുന്നു ബി.ജെ.പി പ്രചാരണത്തിന്റെ കാതൽ.
ബി.ജെ.പി മുന്നേറ്റത്തിന്റെ സൂചനകളെ തുടർന്ന് മുസ്ളീങ്ങൾ അടക്കം ന്യൂനപക്ഷങ്ങൾ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നുവെന്ന് പോളിംഗ് ശതമാനത്തിലെ കുറവ് വ്യക്തമാക്കുന്നു. എന്നാൽ പരമ്പരാഗതമായി കോൺഗ്രസിനെ പിന്തുണയ്‌ക്കുന്ന മുസ്ളീം ഭൂരിപക്ഷ മേഖലകളിലെ 17 സീറ്റുകളിൽ 12ഉം ബി.ജെ.പി ജയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |