തിരുവനന്തപുരം: നടിയും സംവിധായികയുമായ നന്ദിതാ ദാസിന്റെ അഞ്ചാമത്തെ സംവിധാന സംരംഭമായ 'സ്വിഗാറ്റോ" 27-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുന്നു. മേളയുടെ കലിഡോസ്‌കോപ്പ് വിഭാഗത്തിലെ ഉദ്ഘാടന ചിത്രമാണ് സ്വിഗാറ്റോ. ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ വേൾഡ് പ്രീമിയർ, ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ ഏഷ്യൻ പ്രീമിയർ വിഭാഗങ്ങളിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു. 10, 13 തീയതികളിലായി പ്രദർശിപ്പിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധായിക തന്നെയാണ്. അപ്ലാസ് എന്റർടെയ്ൻമെന്റാണ് ചിത്രം നിർമ്മിച്ചത്.
ലോകമാസകലം കൊവിഡ് ഭീതി തുടരുന്നതിനിടെ ഫുഡ് ഡെലിവറി റൈഡറായി എത്തുന്ന മാനസിന്റെ ജീവിതകഥ പറയുന്ന ചിത്രത്തിൽ കപിൽ ശർമ്മ, ഷഹാന ഗോസ്വാമി, തുഷാർ ആചാര്യ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്.