തിരുവനന്തപുരം: ചെറുപ്പക്കാർ തൊഴിലില്ലായ്മയിൽ നിരാശരായാൽ കേരളം കലാപഭൂമിയാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഐക്യജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൊഴിലില്ലായ്മയിൽ വീർപ്പുമുട്ടിയാൽ യുവത ലഹരിക്ക് അടിമപ്പെടും. ചരിത്രത്തിൽ ഇത് വരെ നടക്കാത്ത പിൻവാതിൽ നിയമനം പി.എസ്.സിയെയും എംപ്ലോയ്മെന്റ് എക്സ്ചെയ്ഞ്ചിനെയും നോക്കുകുത്തിയാക്കുകയാണെന്നും സതീശൻ പറഞ്ഞു.
യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.കെ.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. പി.കെ.കുഞ്ഞാലിക്കുട്ടി, പി.ജെ.ജോസഫ് , എ.എ.അസീസ്, അനൂപ് ജേക്കബ്, പാലോട് രവി, എം.വിൻസന്റ്, വി.എസ്.ശിവകുമാർ, ബീമാപള്ളി റഷീദ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |