SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.42 AM IST

പഠനയാത്രകളിൽ 'വെട്ട്', വെട്ടിലായി വിദ്യാർത്ഥികൾ

s
പഠനയാത്ര

ആലപ്പുഴ: വടക്കാഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ രാത്രികാല വിനോദയാത്രകൾക്ക് നിയന്ത്രണം വന്നതോടെ വി​ദ്യാലയങ്ങൾ പഠനയാത്രകൾ വെട്ടി​ച്ചുരുക്കി​യതി​നാൽ വെട്ടി​ലായത് ടൂറിസ്റ്റ് ബസ് ഓപ്പറേറ്റർമാർ.

പകൽ യാത്രയിൽ ചെലവു കൂടുമെന്നതി​നാൽ ടൂർ നിരക്ക് വർദ്ധിപ്പിക്കാൻ സ്‌കൂൾ അധികൃതർ നി​ർബന്ധി​തരാവുന്നു. രാത്രിയാത്ര പാടില്ലെന്നും വിനോദയാത്രകൾ മൂന്നു ദിവസത്തിലൊതുക്കണമെന്നുമുള്ള നിർദ്ദേശങ്ങൾ വിദ്യാർത്ഥികളുടെ സുരക്ഷ ലക്ഷ്യമിട്ടാണെങ്കിലും പാക്കേജുകൾ വെട്ടിച്ചുരുക്കേണ്ടിവരുന്നതടക്കമുള്ള വെല്ലുവിളികളേറെയാണ്. 'ഓട്ടപ്രദക്ഷിണ'മായതി​നാൽ എല്ലാ സ്ഥലങ്ങളും കാണാനുമാകില്ല. കൊവിഡി​നെത്തുടർന്ന് രണ്ടുവർഷത്തോളം വീടുകളിൽ അടച്ചിരുന്നശേഷം കൂട്ടുകാർക്കരികിൽ എത്തിയവർ സ്വപ്നം കണ്ട ഉല്ലാസയാത്രയുടെ പകിട്ടാണ് ഇതോടെ ഇടി​ഞ്ഞത്.

രാത്രി പത്തിനും പുലർച്ചെ അഞ്ചിനുമിടയിൽ യാത്ര പാടില്ലെന്നാണ് പ്രധാന നിർദ്ദേശം. ചെലവു ചുരുക്കാനാണ് പല സ്‌കൂളുകളും രാത്രിയാത്ര ആസൂത്രണം ചെയ്തിരുന്നത്. രാത്രി പുറപ്പെട്ട് പുലർച്ചെ ലക്ഷ്യത്തിലെത്തിയാൽ, പകൽ മുഴുവൻ കാഴ്ചകൾ കാണാമെന്ന സൗകര്യമുണ്ട്. രാത്രിയിൽ ഹോട്ടലിൽ തങ്ങി പിറ്റേന്ന് അടുത്ത കേന്ദ്രത്തിലേക്കു പുറപ്പെടും. എന്നാൽ, പകൽ യാത്രയ്ക്കുശേഷം രാത്രി തങ്ങി പിറ്റേന്നു സന്ദർശനത്തി​നി​റങ്ങുമ്പോൾ സമയനഷ്ടത്തിനു പുറമേ കൂടുതൽ സ്ഥലങ്ങളിലേക്കു പോകാനും കഴിയില്ല. ഭക്ഷണ ചെലവും കൂടും. യാത്ര മൂന്നു ദിവസത്തിൽ കൂടരുതെന്ന നിബന്ധനയുള്ളതിനാൽ ദീർഘദൂര യാത്രകൾ നടക്കി​ല്ല. കുട്ടികൾക്ക് ഹ്രസ്വദൂര യാത്രകളോട് താത്പര്യവുമില്ല.

# ലക്ഷ്യം തെറ്റി യാത്ര

കുട്ടികളുടെ സാമൂഹിക, സാംസ്കാരിക, മാനസിക വികാസമാണ് പഠനയാത്രകളുടെ ലക്ഷ്യം. പുസ്തകങ്ങൾക്ക് പുറത്ത് നേരിട്ടുള്ള അറിവുകൾ നിർണായകമാണ്. എന്നാൽ നിലവിൽ നടക്കുന്ന പഠനയാത്രകൾക്ക് പഠനവുമായി യാതൊരു ബന്ധവുമില്ലെന്ന വിമർശനവുമുണ്ട്. കെ.എസ്.ആർ.ടി.സിയുടെ ആഡംബര ബസുകൾ ഉൾപ്പെടെ ഇപ്പോൾ വിനോദസഞ്ചാരത്തിന് ലഭ്യമാണ്. ഇത്തരം മാർഗങ്ങളിലൂടെ ചെലവ് ചുരുക്കി ടൂർ സംഘടിപ്പിച്ചാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളെ ഉൾപ്പെടെ പങ്കെടുപ്പിക്കാനാവുമെന്ന അഭിപ്രായവുമുണ്ട്.

.......................................

നിർദ്ദേശങ്ങൾ

# വിനോദയാത്ര ബസുകളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് അദ്ധ്യാപകർ ഉറപ്പാക്കണം

# കുട്ടികളുടെ വിശദാംശങ്ങൾ രക്ഷിതാക്കളുടെ സമ്മതപത്രത്തോടെ ഡി.ഇ.ഒ ഓഫീസിൽ ഹാജരാക്കണം

# സ്ഥലം, യാത്രാ പരിപാടികൾ, താമസം, ചെലവ് എന്നിവ തയ്യാറാക്കി പി.ടി.എയിൽ ചർച്ച ചെയ്യണം

# രക്ഷിതാക്കളുടെ യോഗം ചേർന്ന് എല്ലാ തയ്യാറെടുപ്പുകളും അറിയിക്കണം

# യാത്രാസംഘത്തിലെ അദ്ധ്യാപക - വിദ്യാർത്ഥി അനുപാതം 1:15 വേണം

...........................................

പഠനയാത്രകളിൽ ലഹരി ഉപയോഗിക്കുന്ന പ്രവണത കൂടുന്നുണ്ട്. അദ്ധ്യാപകരുടെ ഉത്തരവാദിത്വം ഏറുകയാണ്. ഇതുമൂലമാണ് പലരും വിനോദയാത്രയുടെ തലവേദന ഏറ്റെടുക്കാൻ മടിക്കുന്നത്

വിജീഷ്, അദ്ധ്യാപകൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.