SignIn
Kerala Kaumudi Online
Sunday, 05 May 2024 4.07 PM IST

പെണ്ണിന്റെ ആത്മാഭിമാനത്തിന്റെ അറിയിപ്പ്

gg

''ഹരീഷേട്ടാ, ഞാനിതിൽ ഒപ്പിടില്ല. ആ പെൺകുട്ടിയുടെ മരണത്തിന്റെ കൈക്കൂലിയാണ് നമ്മൾക്കായി ഇവർ വച്ചു നീട്ടുന്നത്....''

സ്വന്തം ആത്മാഭിമാനമാണ് രശ്മിയെക്കൊണ്ട് ഭർത്താവ് ഹരീഷിനോട് ഇങ്ങനെ പറയിക്കുന്നത്. അപമാനിക്കപ്പെട്ടത് മറ്റൊരു പെണ്ണിന്റെ സ്ത്രീത്വം കൂടിയാണെന്ന തിരിച്ചറിവോടെ രശ്മി പ്രതികരിക്കുമ്പോൾ, അവസരം പ്രയോജനപ്പെടുത്തുകയെന്ന പ്രായോഗിക ബുദ്ധിയാണ് ഹരീഷിനെ ഭരിക്കുന്നത്.

ശക്തമായ നിലപാട് രശ്മിയുടെ തുടർ ജീവിതത്തിന് സമാധാനം പകരുമ്പോൾ, ഒത്തുതീർപ്പിന് വഴങ്ങി സ്വപ്നങ്ങൾക്കു പുറകെ പോകുന്ന ഹരീഷിന്റെ സമാധാനം നഷ്ടപ്പെടുകയും ചെയ്യുന്നിടത്ത് അവസാനിക്കുകയാണ് മഹേഷ് നാരായണന്റെ 'അറിയിപ്പ് '. കൊവിഡ് കാലത്തിന്റെ എല്ലാ അടയാളങ്ങളോടും കൂടി മഹേഷ് ചിത്രീകരിച്ച ചിത്രം എന്തുകൊണ്ട് ചലച്ചിത്രോത്സവങ്ങൾക്ക് പ്രിയപ്പെട്ടതാകുന്നതിന്റെ ഉത്തരമാണ് ചിത്രത്തിന്റെ ഓരോ ഫ്രെയിമും ഐ.എഫ്.എഫ്.കെയിൽ കിട്ടുന്ന കൈയടികളും. മത്സര വിഭാഗത്തിലാണ് അറിയിപ്പ് പ്രദർശിപ്പിച്ചത്.

പത്ര വാർത്തയിൽ നിന്നാണ് മഹേഷ് നാരായണന് ചിത്രത്തിന്റെ ത്രെഡ് കിട്ടുന്നത്. സാമൂഹിക മാദ്ധ്യമങ്ങളിൽ അശ്ലീല ചിത്രം പ്രചരിച്ചപ്പോൾ, അത് തന്റേതല്ലെന്ന് തെളിയിക്കാൻ ഒരു യുവതി നടത്തിയ പോരാട്ടത്തെക്കുറിച്ചുള്ള വാർത്തയായിരുന്നു അത്. ചിത്രം തന്റേതല്ലെന്ന് ആണയിട്ടു പറഞ്ഞിട്ടും പലരും വിശ്വസിച്ചില്ല. പിന്നാലെ കുടുംബ ജീവിതവും ഇല്ലാതായി. നിശബ്ദയാകാതെ, ധീരമായ നീക്കം അവൾ നടത്തി. മക്കളുടെ മുന്നിൽ തന്റെ നിരപരാധിത്തം ബോധിപ്പിക്കണം, അതുമാത്രമായിരുന്നു ലക്ഷ്യം. കൂടെ നിൽക്കാൻ ആരുമില്ല. എന്നിട്ടും നിയമപോരാട്ടത്തിനിറങ്ങി, ഒടുവിൽ വിജയം കൈവരിച്ചു. ഇതായിരുന്നു വാർത്ത.

വിദേശ ജോലി സ്വപ്നം കണ്ട് ഉത്തർപ്രദേശ് - ഡൽഹി അതിർത്തിയിലെ ഗ്ലൗസ് നിർമ്മാണ ഫാക്ടറിയിൽ ജോലി ചെയ്യാനെത്തുന്ന ഹരീഷിന്റെ ഭാര്യ രശ്മിയുടെ ജീവിതത്തിലൂടെയാണ് സിനിമ വികസിക്കുന്നത്.

വിസ ലഭിക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായി വർക്ക് സ്‌കിൽ തെളിയിക്കാനുള്ള രശ്മിയുടെ വീഡിയോ എടുക്കുന്നിടത്താണ് ചിത്രം ആരംഭിക്കുന്നത്. അതേ വീഡിയോയുടെ അവസാനം മറ്റൊരു പെൺകുട്ടിയുടെ അശ്ലീല വീഡിയോ എഡിറ്റ് ചെയ്ത് ചേർത്ത് കമ്പനി തൊഴിലാളികളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിക്കുന്നിടത്താണ് കഥ മുറുകുന്നത്. അശ്ലീല ഭാഗത്തിലുള്ളത് തന്റെ ഭാര്യ രശ്മി അല്ലെന്ന് ഉറപ്പുള്ള ഹരീഷ് തന്നെയാണ് പൊലീസ് കേസിലേക്ക് കാര്യങ്ങൾ എത്തിക്കുന്നത്. പക്ഷെ, ഒരു ഘട്ടത്തിൽ അയാൾ ഭാര്യയെ സംശയിക്കുന്നതോടെ സ്വന്തം അഭിമാനം സംരക്ഷിക്കാനുള്ള ബാധ്യത രശ്മി ഏറ്റെടുക്കുന്നു.

സമാന അനുഭവങ്ങളിലൂടെ യഥാർത്ഥത്തിൽ കടന്നുപോകുന്നവർക്ക് രശ്മി സ്വീകരിച്ച ഉറച്ച നിലപാട് പ്രചോദനമായി മാറുകയാണ്.

രശ്മിയുടെയും ഹരീഷിന്റെയും കാഴ്ചപ്പാടുകൾക്ക് 'അറിയിപ്പി'ൽ ഒരുപോലെ ഇടമുണ്ട്. സംവിധായകൻ ഇരു കഥാപാത്രങ്ങളിലൂടെയും മാറിമാറിയാണ് വിഷയത്തെ സമീപിക്കുന്നത്. ആഗ്രഹിച്ചിരുന്നത് ഒത്തുവരുമ്പോൾ, എങ്ങനെയാണ് ഇവരുടെ തീരുമാനങ്ങൾ വ്യത്യസ്തമാവുന്നത് എന്നതിലൂടെയാണ് സിനിമയുടെ രാഷ്ട്രീയം സംവിധായകൻ വ്യക്തമാക്കുന്നത്.

വിദേശത്ത് പോകാനായി ആദ്യം സെൽഫ് ഡിക്ലറേഷൻ കൊടുക്കുന്ന ദമ്പതികളിൽ നിന്നാണ് സിനിമ ആരംഭിക്കുന്നതെങ്കിൽ, തന്റെ അഭിമാനം തിരിച്ചുപിടിക്കാൻ ആവശ്യമായ 'അറിയിപ്പ്' പതിക്കാൻ ഫാക്ടറി നിർമാതാക്കളെ നിർബന്ധിതരാക്കുന്ന രശ്മിയുടെ നിശ്ചയദാർഢ്യത്തിലാണ് ചിത്രം അവസാനിക്കുന്നത്.

ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന നീക്കങ്ങളോട് സന്ധിയില്ലാത്ത രശ്മിയെ ദിവ്യപ്രഭയും അവസരത്തിന് വേണ്ടി വിട്ടുവീഴ്ച ചെയ്യാൻ തയ്യറാകുന്ന ഹരീഷിനെ കുഞ്ചാക്കോ ബോബനും ഭദ്രമായി അവതരിപ്പിച്ചു. കെട്ടുറപ്പുള്ള തിരക്കഥയും ശക്തമായ കഥാപാത്ര നിർമ്മിതിയുമാണ് സിനിമയുടെ ബലം.

മഹേഷ് നാരായണൻ

കേരള കൗമുദിയോട്

മേളകളിലെ പ്രതികരണം?​

എല്ലായിടത്തും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിദേശ ഫിലിം ഫെസ്റ്റിവലുകളിൽ നല്ല റിവ്യു വരുമ്പോഴാണ് പ്രമേയം എല്ലാവരാലും അംഗീകരിക്കപ്പെട്ടെന്ന് ബോദ്ധ്യമാകുന്നത്.

ടേക്ക് ഓഫിനു ശേഷം ശക്തയായ നായിക?

അതെ, മറ്റൊരു പെൺകുട്ടിയുടെ കൊലപാതകം മറക്കാനുള്ള കൈക്കൂലിയായാണ് ഫാക്ടറി വെച്ചുനീട്ടുന്ന വിദേശജോലിയെ നായിക കാണുന്നത്. നായകൻ സ്വന്തം ജീവിതവുമായി ബന്ധമില്ലാത്ത ഒരു സംഭവത്തിന്റെ പേരിൽ അവസരം നഷ്ടപ്പെടുത്താൻ തയ്യാറാവുന്നില്ല.

നായിക റോളിൽ ദിവ്യപ്രഭ?​

ദിവ്യപ്രഭ എന്റെ തന്നെ ടേക്ക് ഓഫ്,​ മാലിക് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രത്തിൽ താരപരിവേഷമില്ലാത്ത നടി നായികയാവണമെന്ന് തീരുമാനിച്ചിരുന്നു.

നായകനായി കുഞ്ചാക്കോ ബോബൻ?​

നമ്മുടെ തരത്തിലുള്ള സിനിമ ഇഷ്ടപ്പെടുന്ന ആളാണ് കുഞ്ചാക്കോബോബൻ. മാത്രമല്ല,​ ഇത്തരം സിനിമയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്ന ആളെന്നു മാത്രമല്ല, ഈ ചിത്രത്തിന്റെ നി‌ർമ്മാതാക്കളിൽ ഒരാളുമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: IFFK, IFFK2022
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.