SignIn
Kerala Kaumudi Online
Saturday, 04 May 2024 9.56 AM IST

ജി. അരവിന്ദന് ആദരമായി തമ്പിന്റെ പുതിയ പതിപ്പ്,​ കാലം മായ്‌ക്കാത്ത 'തമ്പ് '

photo

നിളയുടെ തീരത്ത് ജി.അരവിന്ദൻ കുത്തിനാട്ടിയ 'തമ്പ് ' മലയാള സിനിമയുടെ ചരിത്രമായിട്ട് നാലരപ്പതിറ്റാണ്ട്. അതിശയോക്തികളുടെ കാഴ്ചമേളങ്ങളിൽ നിന്നും മാറി പരുക്കൻ ജീവിതങ്ങളെ കറുപ്പിലും വെളുപ്പിലുമായി സ്ക്രീനിൽ എത്തിക്കുകയായിരുന്നു അദ്ദേഹം. ആ കൂടാരത്തിലെ ജീവിതക്കാഴ്ചകൾ ഇന്നും പ്രസക്തമാണെന്ന് തെളിയിച്ചുകൊണ്ടാണ് പുതിയ തലമുറ തമ്പ് ആസ്വദിക്കാൻ ഇന്നലെ ടാഗോർ തിയേറ്ററിന് മുന്നിൽ ക്യൂ നിന്നത്.

ജനറൽ പിക്‌ചേഴ്‌സിന്റെ ബാനറിൽ കെ. രവീന്ദ്രനാഥൻ നായർ നിർമിച്ച് ജി.അരവിന്ദൻ രചനയും സംവിധാനവും നിർവഹിച്ച തമ്പ് ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പുതുക്കിയ പതിപ്പാണ് പ്രദർശിപ്പിച്ചത്. പഴമയുടെ അടയാളങ്ങളെ മുഴുവനായി തുടച്ചു കളയാതെ 4 കെയിലാക്കിയ ചിത്രം കാൻ ഫെസ്റ്റിവെലിന്റെ പ്രശംസ നേടിയ ശേഷമാണ് ഐ.എഫ്.എഫ്.കെയിൽ എത്തിയത്.

ചലച്ചിത്ര നിർമ്മാതാവും ആർക്കൈവിസ്റ്റുമായ ശിവേന്ദ്ര സിംഹ് ദുംഗാർപൂരിന്റെ ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷനാണ് 'തമ്പ്' പുനരവതരിപ്പിച്ചത്. ഇറ്റലിയിലെ സിനിടെക് ദി ബൊലോഗ്‌നയുടെ ഫിലിം ഫൗണ്ടേഷൻസ് വേൽഡ് സിനിമാ പ്രോജക്ട്, ചെന്നൈയിലെ പ്രസാദ് ലാബ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു ശബ്ദവും വെളിച്ചവും അടക്കം എല്ലാം മനോഹരമായി പുതുക്കിയെടുത്തത്. നാഷണൽ ഫിലിം ആർക്കൈവ്‌സ് ഒഫ് ഇന്ത്യയിൽ സൂക്ഷിച്ചിരുന്ന ഫിലിം പ്രിന്റിൽനിന്നാണ് ചിത്രം ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റിയെടുത്തത്.

വിനോദത്തിന് ഉപാധികളില്ലാത്ത ഒരു ഗ്രാമജീവിതത്തിലേക്ക് രണ്ട് രൂപ, ഒരു രൂപ, 50 പൈസ നിരക്കിൽ അതിശയങ്ങൾ കാഴ്ചവയ്‌ക്കാൻ വരുന്ന ഗ്രേറ്റ് ചിത്ര സർക്കസ് സംഘം. സർക്കസ് റാമ്പിൽ കാണുന്ന കടുംചായം പൂശിയ മുഖങ്ങൾക്കപ്പുറം മരവിച്ച മുഖവുമായി ജീവിതം തള്ളുന്ന കുറേ മനുഷ്യർ. അവർ വന്നിറങ്ങിയ ഗ്രാമം. അവിടുത്തെ ജീവിതങ്ങൾ. രാഷ്ട്രീയം, കല ... എല്ലാമെല്ലാം 'തമ്പി'ലുണ്ടായിരുന്നു.

നാട്ടിൽ ഉത്സവം തുടങ്ങിയതോടെ സർക്കസ് കാണാൻ ആളില്ലാതാവുന്നതും തമ്പ് മടക്കി സംഘം മടങ്ങുന്നതും അഭിരുചികളുടെ കാലാവസ്ഥാ മാറ്റം സൃഷ്ടിക്കുന്ന ആഘാതവും അരവിന്ദൻ ആവിഷ്കരിച്ചത് അതേ ചൂടോടെ ഇന്നലെ പ്രേക്ഷകർ ഏറ്റുവാങ്ങി. അത് അരവിന്ദന് പുതിയ കാലം നൽകിയ പ്രണാമം കൂടിയായി മാറി.

നെടുമുടി വേണു, ജലജ, വി.കെ.ശ്രീരാമൻ എന്നീ അഭിനേതാക്കളുടെ ആദ്യചിത്രമായിരുന്നു തമ്പ്. ഗോപിയുടെ രണ്ടാമത്തെ ചിത്രവും. പിന്നെ സോപാനസംഗീത കുലപതി ഞെരളത്ത് രാമപ്പൊതുവാളിന്റെ സാന്നിദ്ധ്യവും. 1977 നവംബർ ,​ ഡിസംബർ മാസങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. 1978ൽ റിലീസ് ചെയ്തു. മികച്ച സംവിധായകൻ, മികച്ച മലയാളചിത്രം എന്നിവയ്ക്ക് ദേശീയ പുരസ്‌കാരം, മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം തുടങ്ങി നിരവധി ബഹുമതികൾ നേടിയിരുന്നു തമ്പ്.

തമ്പിൽ ഒരു കാവ്യമുണ്ട്:

ഷാജി എൻ കരുൺ

മികച്ച സിനിമയ്ക്ക് തേയ്‌മാനമുണ്ടാക്കാൻ കാലത്തിനാകില്ല. എല്ലാ കലാരൂപങ്ങൾക്കും ഇത് ബാധകമാണ്. മറ്റുള്ളവർക്ക് പഠിക്കാൻ ഇന്നും ഏറെയുള്ളതുകൊണ്ടാണ് 'തമ്പ്' വീണ്ടും സ്വീകരിക്കപ്പെടുന്നത്. ഈ സിനിമ കാലത്തെ അതിജീവിക്കുമെന്ന് തിരിച്ചറിഞ്ഞ് പ്രിന്റ് കണ്ടെടുത്ത് ആദ്യം സംരക്ഷിച്ചത് വിഖ്യാത സംവിധായകൻ മാർട്ടിൻ സ്കോർസെയാണ്. അദ്ദേഹം ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും നല്ല സിനിമകൾ കണ്ടെടുത്തിരുന്നു. 'തമ്പി'ൽ ഒരു കാവ്യമുണ്ട്. ജി.അരവിന്ദന്റെ ഏറ്റവും മികച്ച ചിത്രം തമ്പാണെന്നാണ് നിരീക്ഷണം

തമ്പ് എന്റെ ഭാഗ്യം: ജലജ

എനിക്ക് കാൻഫെസ്റ്റവലിൽ പങ്കെടുക്കാനുള്ള ഭാഗ്യം തന്നത് തമ്പിന്റെ പുതിയ പതിപ്പായിരുന്നു. അവിടെ വിദേശ ഡെലിഗേറ്റുകളുടെ കൂട്ടത്തിൽ സിനിമ കാണാനും അവരുടെ പ്രശംസകൾ സ്വീകരിക്കാനും കഴിഞ്ഞത് സിനിമാ ജീവിതത്തിലെ നാഴികകല്ല് തന്നെയാണ്. വേണുച്ചേട്ടനോട് നന്ദി. ചേട്ടൻ കാരണമാണ് ഈ സിനിമയിൽ അഭിനയിച്ചത്. സിനിമയിൽ എനിക്ക് ഡയലോഗില്ല. അരവിന്ദൻ സാർ മിതഭാഷിയാണെങ്കിലും സീനുകൾ വ്യക്തമാകുന്ന രീതിയിൽ പറഞ്ഞു തരുമായിരുന്നു.1988ൽ ഫ്രാൻസിലെ ഫിലിം ഫെസ്റ്റിൽ പോയിരുന്നു. അന്നാദ്യമായിട്ടാണ് ഒരു ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പോകുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: THAMBU
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.