ന്യൂഡൽഹി:ഇന്ത്യ ആഗോള ശക്തിയായി വളരുന്നത് തടയുക എന്ന അജണ്ടയുടെ ഭാഗമായാണ് ചൈന യഥാർത്ഥ നിയന്ത്രണ രേഖയിൽ നിരന്തരം അതിക്രമിച്ചു കയറി സൈനിക സംഘർഷം സൃഷ്‌ടിക്കുന്നത്. അതിർത്തിയിലെ സംഘർഷത്തിൽ ഇന്ത്യയുടെ സൈനിക സന്നാഹങ്ങളെയും വിഭവശേഷിയെയും രാഷ്‌ട്രീയ, ഭരണ നേതൃത്വത്തെയും തളച്ചിട്ടാൽ രാജ്യത്തിന്റെ വളർച്ച മുരടിപ്പിക്കാമെന്നാണ് ചൈന കരുതുന്നത്. റഷ്യയുമായി ദീർഘകാല സൗഹൃദം ഉള്ളപ്പോൾ തന്നെ ഇന്ത്യ അമേരിക്ക, ഫ്രാൻസ് തുടങ്ങിയ പാശ്ചാത്യ ശക്തികളുമായി അടുക്കുന്നത് ചൈനയ്‌ക്ക് ദഹിക്കുന്നില്ല.
അമേരിക്കയിൽ നിന്ന് ഇന്ത്യയെ അകറ്റണം. ഇന്ത്യയുമായുള്ള അടുപ്പത്തിന്റെ മറവിൽ ഈ മേഖലയിൽ അമേരിക്കയ്‌ക്ക് ആധിപത്യം വരുമെന്ന ഭയമാണ് കാരണം. ഉത്തരാഖന്ധിൽ അമേരിക്കയും ഇന്ത്യയും സംയുക്തമായി നടത്തിയ പർവത സൈനികാഭ്യാസമാണ് പെട്ടെന്ന് തവാങിൽ പ്രകോപനമുണ്ടാക്കാൻ ചൈന കരുവാക്കിയത്. ഇന്ത്യയുടെ പാഠങ്ങൾ അതിർത്തി തർക്കം പരിഹരിക്കാൻ ചൈനയ്‌ക്ക് താൽപര്യമില്ല. ഇന്ത്യ ആഗോള ശക്തിയാകുന്നത് തടയാൻ 3488 കിലോമീറ്റർ എൽ. എ. സിയിൽ ഉടനീളം ചൈന സംഘർഷം സൃഷ്ടിച്ചു കൊണ്ടിരിക്കും. ചൈന അതിർത്തി നിരന്തരം സ്വയം മാറ്റിക്കൊണ്ടിരിക്കും. ചൈനയെ ഏകപക്ഷീയമായി അതിർത്തി മാറ്റാൻ അനുവദിക്കില്ലെന്ന് അടുത്തിടെ ഇന്ത്യ മുന്നറിയിപ്പ് നൽകിയിരുന്നു). അരുണാചൽ പ്രദേശ് കൈക്കലാക്കുകയാണ് ചൈനയുടെ ഒരു ലക്ഷ്യം. 1950ൽ ചൈന ആക്രമിച്ചു കീഴടക്കിയ ടിബറ്റിന്റെ ഭാഗമാണ് അരുണാചൽ എന്നാണ് അവരുടെ അവകാശവാദം. ടിബറ്റിനെ സാംസ്‌കാരികമായും ഭൂമിശാസ്‌ത്രപരമായും പൂർണമായും ചൈനീസ്‌വൽക്കരിക്കുക. റഷ്യയുമായി ഇന്ത്യയ്‌ക്ക് ദീർഘകാല സൗഹൃദമുണ്ടെങ്കിലും റഷ്യ ചൈനയുടെ സുഹൃത്തുമായതിനാൽ ഇന്ത്യയ്‌ക്ക് ആധുനിക സൈനിക സാമഗ്രികൾ കിട്ടാൻ അമേരിക്കയുമായി ശക്തമായ ബന്ധം അനിവാര്യമാണ്.
2002ൽ അമേരിക്കയും ഇന്ത്യയും തമ്മിൽ ആണവക്കരാറുണ്ടാക്കിയപ്പോഴാണ് സിക്കിമിനെ ഇന്ത്യയുടെ ഭാഗമായി ചൈന അംഗീകരിച്ചത്. ചൈനയെ പോലൊരു കരുത്തനായ ശത്രു അയലത്തുള്ളപ്പോൾ ഇന്ത്യയ്‌ക്ക് അമേരിക്കയുടെയും ഫ്രാൻസിന്റെയും മറ്റും സഹായം അനിവാര്യമാണ്.
അതിർത്തിയിൽ റോഡുകളും സൈനികകേന്ദ്രങ്ങളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇന്ത്യ ശക്തമാക്കണം.
ചൈനയിലെ ഇന്ത്യൻ ഇന്റലിജൻസ് ശക്തമാക്കണം. എൽ. എ. സിയിൽ ചൈനീസ് പട്ടാളത്തിന്റെ നീക്കങ്ങൾ മുൻകൂട്ടി അറിയാൻ അത് അനിവാര്യമാണ്.ചൈനയിലേക്കും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്കും ശക്തമായി നുഴഞ്ഞുകയറാൻ ഇന്ത്യൻ ഇന്റലിജൻസിന് കഴിഞ്ഞിട്ടില്ല. സത്യത്തിൽ ഇന്ത്യയ്‌ക്ക് ഭയമായിരുന്നു. അതിന് അൽപ്പമെങ്കിലും അറുതി വരുത്തിയത് മോദി സർക്കാരിന്റെ നടപടികളാണ്. 1950കളിൽ രൂപം നൽകിയ പ്രത്യേക അതിർത്തി സേനയെ ( സ്പെഷ്യൽ ഫ്രോണ്ടിയർ ഫോഴ്സ് ) ആദ്യമായി അതിർത്തിയിൽ ( പാംഗോങിൽ ) വിന്യസിച്ചത് 2020ൽ മോദി സർക്കാരാണ്.
ഇന്ത്യയുടെ ഇന്റലിജൻസ് ശക്തമായില്ലെങ്കിൽ തവാങ് സംഭവങ്ങൾ ചൈന ആവർത്തിക്കും. എൽ.എ. സിയിൽ ഇന്ത്യൻ സേന ദുർബലമായ ഇടങ്ങളിലാണ് ചൈന നുഴഞ്ഞു കയറുന്നത്. അതുപോലെ ചൈനീസ് സേന ദുർബലമായ സ്ഥലങ്ങളിൽ ഇന്ത്യയും നുഴഞ്ഞു കയറണമെന്നാണ് സൈനിക തന്ത്രജ്ഞർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |