കോഴിക്കോട്: സംസ്ഥാനത്തെ സംരക്ഷിത വനമേഖലകളുടെ ഒരു കിലോമീറ്റർ പരിധിയിലുള്ള ഭൂപ്രദേശങ്ങൾ അടയാളപ്പെടുത്താൻ കേരള സ്റ്റേറ്റ് റിമോട്ട് സെൻഡിംഗ് ആൻഡ് എൻവിയോൺമെന്റ് സെന്റർ തയ്യാറാക്കി പുറത്തുവിട്ട മാപ്പ് മലയോര ജനതയെ ആശങ്കയിലാക്കുന്നുവെന്ന് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ പ്രവീൺകുമാർ . ഈ മേഖലയിലെ സാധാരണ ജനങ്ങൾ തങ്ങളുടെ സ്വത്തുക്കൾ ബഫർ സോണിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാൻ സാധിക്കാത്ത അവസ്ഥയിലാണ്. മാപ്പ് അപൂർണവും അശാസ്ത്രീയവുമാണ്. വിഷയത്തിൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രക്ഷോഭത്തിലേക്ക് കടക്കും. 20ന് വൈകീട്ട് 3.30ന് കൂരാച്ചുണ്ടിൽ മേഖലയിലെ ജനങ്ങളെ പങ്കെടുപ്പിച്ച് ബഹുജനങ്ങളുടെ സമരപ്രഖ്യാപന കൺവെൻഷനും ഇരകളുമായുള്ള സംവാദവും നടത്തും. രമേശ് ചെന്നിത്തല കൺവെൻഷൻ ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആദംമുൽസി, അഡ്വ എം.രാജൻ എന്നിവർ പങ്കെടുത്തു.
'പി.എൻ.ബി തട്ടിപ്പിൽ സി.ബി.ഐ
അന്വേഷണം വേണം'
കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിൽ മാനേജരുടെ അറസ്റ്റ് കൊണ്ട് കാര്യങ്ങൾ അവസാനിക്കുന്നില്ലെന്നും തട്ടിപ്പിലെ ഉന്നതരുടെ പങ്ക് പുറത്തുകൊണ്ടുവരാൻ സി.ബി.ഐ അന്വേഷണം വേണമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീൺകുമാർ. കോർപ്പറേഷൻ ഉദ്യോഗസ്ഥരോ സി.പി.എമ്മോ തട്ടിപ്പിൽ പങ്കാളിയായിട്ടുണ്ടോയെന്ന് സമഗ്രമായി അന്വേഷിക്കണം. കോർപ്പറേഷന് ബാങ്ക് പണം തിരിച്ച് നൽകിയാലും പ്രശ്നങ്ങൾ തീരില്ല. ആരുടെ അക്കൗണ്ടിലേക്കാണോ പണം പോയതെന്നും അവിടെ നിന്നും പണം എങ്ങോട്ട് മാറ്റിയെന്നും കണ്ടുപിടിക്കണമെന്നും പ്രവീൺകുമാർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |