SignIn
Kerala Kaumudi Online
Friday, 19 April 2024 11.57 PM IST

അശീതിയുടെ നിറവിൽ

ss

രണ്ട് പതിറ്റാണ്ടുകൾക്കു മുൻപ് സ്തുത്യർഹമായ സേവനത്തിനുശേഷം സുരേന്ദ്രൻ, തിരുവനന്തപുരം ആകാശവാണി നിലയത്തിന്റെ പടിയിറങ്ങുമ്പോൾ കേരളകൗമുദിയിൽ ഈ ലേഖകൻ ഒരു ആശംസാകുറിപ്പെഴുതിയിരുന്നു. സുരേന്ദ്രന് ആയിരം പൂർണചന്ദ്രന്മാരെ ദർശിക്കാൻ കഴിഞ്ഞതിൽ ആഹ്ലാദവും അഭിമാനവുമുണ്ട്. സുരേന്ദ്രന്റെ ബാല്യകൗമാരങ്ങൾ അത്രയ്ക്ക് സുഖമുള്ളതായിരുന്നില്ല. പ്രൊഫ. മാവേലിക്കര വേലുക്കുട്ടിനായർ സാറിനെ കണ്ടെത്തിയതോടെ സുരേന്ദ്രന്റെ ജാതകം മാറിമറിഞ്ഞു. ഗുരുവിന്റെ ഔദ്യോഗികത്തിരക്കും കച്ചേരികളുടെ ബാഹുല്യവും കാരണം വേലുക്കുട്ടിസാറിന് അധികനാൾ സുരേന്ദ്രനെ അഭ്യസിപ്പിക്കാനായില്ല. എങ്കിലും ഗുരു എക്കാലത്തേയും മൃദംഗചക്രവർത്തിയും കാലപ്രമാണത്തിന്റെ അതികായനുമായ മണിസ്വാമിയുടെ സന്നിധിയിലേക്ക് സുരേന്ദ്രനെ പറഞ്ഞുവിട്ടു. അതാണ് സുരേന്ദ്രനെ മൃദംഗവിദ്വാൻ തിരുവനന്തപുരം സുരേന്ദ്രനായി പരിവർത്തനം ചെയ്യുന്നതിന് കാരണമായത്.
ഗുരുകുല വിദ്യാഭ്യാസമായിരുന്നു, സുരേന്ദ്രന്റേത്. പക്ഷേ കുറേക്കാലം ഗുരു ഒന്നും മിണ്ടിയില്ല. കച്ചേരിസ്ഥലങ്ങളിലേക്ക് ഗുരുവിന്റെ മൃദംഗവും പേറി നടക്കാനായിരുന്നു വിധി. മാസങ്ങൾ കഴിഞ്ഞപ്പോൾ മടുത്തു. ഗുരുവിന് അനക്കമില്ല. തിരുവനന്തപുരത്തേക്ക് മടങ്ങാൻ തയ്യാറായി. ഒരിക്കൽ അറച്ചറച്ച് കാര്യം സുരേന്ദ്രൻ മണി അയ്യരോട് പറഞ്ഞു. ''അപ്പടിയാ.. നാളെ കാലത്ത് തുടങ്ങാം.'' ഗുരു ഒന്നുകൂടി പറഞ്ഞു. ''പഠിച്ചതെല്ലാം മറന്നേയ്ക്ക്. എല്ലാം ഒന്നേന്നു തുടങ്ങീടലാം.'' സുരേന്ദ്രന് ആത്മസംഘർഷമായി. കുറേക്കാലം പാഴായിപ്പോയല്ലോ എന്ന ഖേദം അലട്ടി. എങ്കിലും ഗുരുവിലുള്ള അചഞ്ചലഭക്തിയാൽ തുടങ്ങി.
മണിസ്വാമിയുടെ ശിഷ്യനായാൽ, ആ ബാണിയുടെ ലയവിന്യാസ പാടവം പകർന്നെടുക്കാൻ കഴിഞ്ഞാൽ മറ്റൊന്നും വേണ്ടന്ന ധാർഷ്ട്യം സുരേന്ദ്രനില്ലായിരുന്നു.

കാരക്കുടി മണി, പാലക്കാട് രഘു, ഉമയാൾപുരം ശിവരാമൻ, ത്രിച്ചി ശങ്കരൻ, കുറ്റാലം വിശ്വനാഥഅയ്യർ തുടങ്ങിയവരുടെ പക്കവാദ്യം ശ്രവിക്കാൻ സുരേന്ദ്രൻ ആദ്യന്തം ശ്രോതാക്കളുടെ കൂട്ടത്തിൽ സ്ഥാനംപിടിക്കുമായിരുന്നു. തിരുവനന്തപുരം സുരേന്ദ്രന്റെ ഒരു പ്രത്യേകത പറയാതെവയ്യ. ഭാഗവതർ കീർത്തനം പാടി വിസ്താരമൊക്കെ കഴിഞ്ഞ് പല്ലവി ആവർത്തിച്ച് കീർത്തനം അവസാനിപ്പിക്കുമ്പോൾ മൃദംഗവാദകൻ മുത്തായ്പ്പിട്ട് കീർത്തനാലാപനത്തിന് പരിസമാപ്തി കുറിക്കേണ്ടതായിട്ടുണ്ട്. ആദി, ത്രിപുട, രൂപകം തുടങ്ങിയ താളങ്ങളിലാണ് കീർത്തനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഒരേതാളത്തിലുള്ള കീർത്തനങ്ങളായാൽത്തന്നെ സുരേന്ദ്രന്റെ മുത്തായ്പുകൾ വൈവിദ്ധ്യപൂർണമായിരിക്കും.

സുരേന്ദ്രന്റേത് പുണ്യജന്മം തന്നെ. ഗുരുശ്രേഷ്ഠനായ മണിഅയ്യരുടെ അന്ത്യകാലത്ത് അദ്ദേഹത്തെ ശുശ്രൂഷിച്ച് സമയാസമയങ്ങളിൽ ഭക്ഷണവും, മരുന്നും നൽകി അന്ത്യയാത്ര വരെ ഒപ്പം നിൽക്കാൻ സുരേന്ദ്രന് കഴിഞ്ഞു. തിരുവനന്തപുരം നവരാത്രിമണ്ഡപത്തിൽ 26 വർഷം കച്ചേരികൾക്ക് പക്കമൊരുക്കാനുള്ള മഹാഭാഗ്യവും അദ്ദേഹത്തെ തേടിയെത്തി. ചെമ്പൈ, ശെമ്മങ്കുടി, പട്ടമ്മാൾ, ജയറാം, ബാലമുരളികൃഷ്ണ, മധുരസോമസുന്ദരം, നെയ്യാറ്റിൻകര വാസുദേവൻ ലാൽഗുഡി ജയരാമൻ, തുടങ്ങിയ മഹാസംഗീതജ്ഞർക്ക് പക്കമൊരുക്കാൻ കഴിഞ്ഞത് മഹാഭാഗ്യമായി അദ്ദേഹം കാണുന്നു. നെയ്യാറ്റിൻകര വാസുദേവന്റെ കച്ചേരികൾക്ക് ഏറ്റവും കൂടുതൽ വായിച്ചിട്ടുള്ളത് സുരേന്ദ്രനാണ്.
25-ൽപ്പരം പുരസ്‌‌കാരങ്ങൾ! മദ്രാസ് മ്യൂസിക് അക്കാഡമിയുടെ ജൂനിയർ, സീനിയർ അവാർഡുകൾ,​ കേരള സംഗീതനാടക അക്കാഡമി അവാർഡും ഫെല്ലോഷിപ്പും ഗുരുവായ പാലക്കാട് മണിഅയ്യരുടെ പേരിലുള്ള മൃദംഗശിരോമണി പുരസ്‌കാരം (ബാംഗ്ലൂർ), ചെന്നൈ ഇന്ത്യൻ ഫൈനാർട്‌സ് സൊസൈറ്റിയുടെ ബെസ്റ്റ് സീനിയർ മൃദംഗിസ്റ്റിനുള്ള അവാർഡ്, നീലകണ്ഠശിവന്റെ പേരിലുള്ള അവാർഡ്, ഗുരുവായൂർ ചെമ്പൈ സ്മാരക അവാർഡ്, കേന്ദ്രസംഗീതനാടക അക്കാഡമി (2019) അവാർഡ് തുടങ്ങിയവ അവയിൽ ചിലതാണ്.
80-ാം വയസിലും സുരേന്ദ്രൻ പ്രവർത്തനനിരതനാണ്. മണിഅയ്യരുടെ ബാണിക്ക് പിൻതുടർച്ച കണ്ണികളാകാൻ യുവാക്കളായ തലവൂർ ബാബു, ശ്രീകാന്ത് പുളിക്കൽ,ദേവീപ്രസാദ് തുടങ്ങിയ പ്രതിഭകളെ സുരേന്ദ്രൻ വാർത്തെടുത്തു കഴിഞ്ഞു. ഗുരുക്കന്മാരുടെ കടാക്ഷവും, ഈശ്വരകൃപയും കൊണ്ട് താൻ സംതൃപ്തനാണെന്ന് അദ്ദേഹം പറയുന്നു.

ഭാര്യ സുശീലയോടും രണ്ടു മക്കളോടും മരുമക്കളോടും പേരക്കുട്ടികളോടുമൊപ്പം സ്വസ്ഥനായി കഴിയുന്നു. ഇനിയും ഉയരങ്ങളിലേക്കെത്താൻ അദ്ദേഹത്തിന് കഴിയട്ടെ എന്നാശംസിക്കുന്നു.

ലേഖകന്റെ ഫോൺ - 9497571844

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: THIRUVANANTHAPURAM SURENDRAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.