മുണ്ടക്കയം : പൂഞ്ഞാർ എരുമേലി സംസ്ഥാനപാതയിൽ കണ്ണിമല വളവിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് 10 വയസുകാരി മരിച്ചു. 17 പേർക്ക് പരിക്കേറ്റു. ചെന്നൈ താംബരം സ്വദേശിനി സംഘമിത്രയാണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു അപകടം. പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും, കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. 21 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം നഷ്ടമായ വാഹനം ക്രാഷ് ബാരിയർ തകർത്ത് താഴേക്ക് പതിക്കുകയായിരുന്നു. ഉടൻ മുണ്ടക്കയം, എരുമേലി പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ആന്റോ ആന്റണി എം.പി സ്ഥലം സന്ദർശിച്ചു. കൂടുതൽ പോലീസിനെ മേഖലയിൽ നിയോഗിക്കാൻ ഉദ്യോഗസ്ഥർക്ക് എം.പി നിർദ്ദേശം നൽകി.
കണ്ണിമല ഇറക്കം പേടി സ്വപ്നം
ശബരിമല തീർത്ഥാടനകാലത്ത് അപകടങ്ങൾ തുടർക്കഥയാണ് കണ്ണിമല വളവിൽ. അപകടകരമായ ഹെയർപ്പിൻ വളവിൽ സുരക്ഷാക്രമീകരണങ്ങൾ ഉണ്ടെങ്കിലും ഫലം കാണുന്നില്ല. വളവും തിരിവും ഇറക്കവും നിറഞ്ഞ റോഡിൽ ഇറക്കം ആരംഭിക്കുന്ന സ്ഥലത്തും, കണ്ണിമല സ്‌കൂൾ കവലയിലുമാണ് അപകട മുന്നറിയിപ്പ് സംവിധാനങ്ങൾ സ്ഥാപിച്ചിരിക്കുന്നത്. കട്ടക്കളം ഭാഗത്ത് പൊലീസ് വാഹനങ്ങളുടെ വേഗം കുറച്ച് പോകാൻ നിർദ്ദേശം നൽകുന്നുണ്ടെങ്കിലും അത് കഴിഞ്ഞാൽ കൊടും വളവുള്ളതാണ് ഡ്രൈവർമാരെ കുഴക്കുന്നത്. ഇവിടെ പൊലീസിന്റെ സേവനവുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |