SignIn
Kerala Kaumudi Online
Friday, 26 April 2024 11.38 AM IST

കൊച്ചിയിലെ വാട്ടർ മെട്രോ

photo

കേരളത്തിന്റെ വാണിജ്യ തലസ്ഥാനമാണ് കൊച്ചി. ദക്ഷിണേന്ത്യയിലെ വലിയ നഗരങ്ങളിൽ ഒന്നുകൂടിയാണത്. കേരളത്തിൽ ഏറ്റവും ജനസാന്ദ്രത കൂടിയ നഗരം. ട്രാഫിക്കിൽ നഗരം ഏറ്റവും വീർപ്പുമുട്ടുന്ന ഘട്ടത്തിലാണ് കൊച്ചി മെട്രോ വന്നത്. അത് ലാഭത്തിലല്ലെന്ന പേരിൽ അതിനെ വിമർശിക്കുന്നതിൽ കാര്യമില്ല. ലോകത്തിലെ ഒരു മെട്രോയും തുടങ്ങിയ പാടെ ലാഭത്തിലായിട്ടില്ല. ലാഭനഷ്ടത്തിനപ്പുറം അത് നഗരത്തിന്റെ ട്രാഫിക് വീർപ്പുമുട്ടൽ എത്രമാത്രം ഒഴിവാക്കുന്നു എന്നതിനാണ് പ്രാധാന്യം നൽകേണ്ടത്. ‌ഡൽഹി മെട്രോയും തുടക്കത്തിൽ ലാഭമല്ലായിരുന്നു. അന്ന് അതിനെ വിമർശിച്ചവർപോലും ഇന്ന് മെട്രോയുടെ ഗുണഭോക്താക്കളാണ്. ഡൽഹി നഗരത്തിലെവിടെയും ട്രാഫിക് കുരുക്കിൽപ്പെടാതെ എത്താൻ ഇന്ന് മെട്രോ വഴിയൊരുക്കിയിരിക്കുന്നു. എന്നാൽ ഡൽഹിക്കില്ലാത്ത മറ്റൊരു അനുഗ്രഹം കൊച്ചിക്കുള്ളത് ഉൾനാടൻ ജലവഴികളുടെ സമൃദ്ധിയാണ്. അത് മറ്റ് പല നഗരങ്ങൾക്കും ഇല്ലാത്തതാണ്.

പഴയകാലത്ത് കൊച്ചിയിലേതെന്നു മാത്രമല്ല കേരളത്തിലെ മുഴുവൻ ചരക്കുനീക്കവും യാത്രയും നടന്നിരുന്നത് കായലുകളിലൂടെയും തോടുകളിലൂടെയുമായിരുന്നു. കാലക്രമത്തിൽ വേഗത കൂടിയ റോഡ് ഗതാഗതം വന്നപ്പോൾ ജലഗതാഗതം അപ്രസക്തമായി. എന്നാൽ പുതിയകാലം ജലഗതാഗതത്തിന്റെ പല മേന്മകളും തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു. ഒന്നാമത് പരിസ്ഥിതിദോഷം വളരെ കുറവാണ്. പണച്ചെലവും കുറവാണ്. ട്രാഫിക് കുരുക്കില്ല. റോഡ്, റെയിൽ ഗതാഗതത്തെക്കാൾ കൂടുതൽ ആസ്വാദ്യകരമാണ് ജല യാത്ര. ഇത്തരം തിരിച്ചറിവുകളിൽ നിന്നാണ് കൊച്ചിക്ക് ഒരു സമഗ്ര വാട്ടർമെട്രോ എന്ന ആശയം 2014 ൽ ഉടലെടുത്തത്.

പദ്ധതി അവസാനഘട്ടം എത്തിയപ്പോൾ 2021 ൽ കൊച്ചി മെട്രോ റെയിലിന് കീഴിൽ കൊച്ചി വാട്ടർ മെട്രോ കമ്പനിക്ക് രൂപം നല്‌കി.

കേന്ദ്രത്തിനും സംസ്ഥാനത്തിനും അമ്പതു ശതമാനം ഒാഹരി പങ്കാളിത്തമുള്ള കമ്പനിയാണിത്. കൊച്ചിയിലെ ഉൾനാടൻ ജലഗതാഗത വികസനത്തിനായി 743 കോടി രൂപയുടെ വലിയ പദ്ധതിയാണ് കമ്പനി നടപ്പാക്കുന്നത്. 76 കിലോമീറ്റർ നീളുന്ന 15 റൂട്ടുകളും 10 ദ്വീപുകളെ ബന്ധിപ്പിക്കുന്ന 38 ടെർമിനലുകളും പദ്ധതിയുടെ ഭാഗമാണ്. ഏറ്റവും ഒടുവിലത്തെ വാർത്ത വാട്ടർ മെട്രോ സജ്ജമായിട്ട് മാസങ്ങളായെങ്കിലും ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ പ്രതീക്ഷിക്കുന്നതിനാൽ കാലതാമസം വരുന്നു എന്നതാണ്. എറണാകുളം - വൈപ്പിൻ റൂട്ടിലാണ് ആദ്യഘട്ടം ഉദ്ഘാടനം നടക്കേണ്ടത്. ജീവനക്കാരും ട്രയൽ കഴിഞ്ഞ് ബോട്ടും റെഡിയാണ്. കഴക്കൂട്ടം മേൽപ്പാലം കേന്ദ്രമന്ത്രി നിതിൻ ഗ‌ഡ്ഗരി എത്തുന്നതിന് മുമ്പ് തുറന്നു കൊടുത്തതുപോലെ ഇതിന്റെ സർവീസും തുടങ്ങാവുന്നതാണ്. ഒൗപചാരിക ഉദ്ഘാടനം താമസിച്ചുപോയതിന്റെ പേരിൽ അതിന്റെ പകിട്ടൊന്നും മങ്ങാൻ പോകുന്നില്ല.

ഹൈക്കോടതിക്ക് പിന്നിലെ വാട്ടർ മെട്രോ ടെർമിനലിന് എയർപോർട്ടിന്റെ ലുക്കാണ് നല്‌കിയിരിക്കുന്നത്. ബോട്ടുകൾ ഹൈബ്രിഡാണ്. എ.സിയുമാണ്. സാധാരണ ബോട്ടിൽ സഞ്ചരിക്കുമ്പോൾ കേൾക്കുന്ന ശബ്ദമുണ്ടാവില്ല. വിശാലമായ ചില്ലുജാലകങ്ങളിലൂടെ കായൽഭംഗി നുകർന്ന് യാത്രചെയ്യാം. കൊച്ചി കപ്പൽശാലയാണ് ഇന്ത്യയിലെ ആദ്യ അലൂമിനിയം യാത്രാബോട്ടുകൾ നിർമ്മിച്ചത്. ഭാവിയിൽ 15 റൂട്ടുകളും സജ്ജമാകുമ്പോൾ കൊച്ചിയുടെ ദ്വീപുകൾ കേന്ദ്രീകരിച്ചുള്ള വികസന സാദ്ധ്യതകളിൽ കുതിച്ചുചാട്ടമാകും ഉണ്ടാവുക. കൊച്ചിയിലേതുപോലുള്ള വാട്ടർമെട്രോ സംവിധാനം ലോകത്ത് തന്നെ ആദ്യമാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്. രാജ്യത്തിനു തന്നെ അഭിമാനമാകുന്നതാണ് ഇൗ പദ്ധതി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KOCHI WATER METRO
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.