SignIn
Kerala Kaumudi Online
Saturday, 27 April 2024 1.30 AM IST

സ്മാർട്ട് മീറ്ററിനെ പേടിക്കണോ?

meter

സംസ്ഥാനത്ത് സ്മാർട്ട് വൈദ്യുതിമീറ്റർ സ്ഥാപിക്കുന്നത് വിവാദമായിരിക്കുകയാണ്. ജനങ്ങൾക്ക് അധികബാദ്ധ്യതയാകുമെന്ന് പറഞ്ഞ് കെ.എസ്.ഇ.ബി.യിലെ ഒരുവിഭാഗം സംഘടനകളാണ് സ്മാർട്ട് മീറ്ററിനെ എതിർക്കുന്നത്. ജനങ്ങൾക്കും വൈദ്യുതി ബോർഡിനും ഒരുപോലെ ഗുണകരമാണെന്ന് പറഞ്ഞാണ് കെ.എസ്.ഇ.ബി. ഇത് നടപ്പാക്കാൻ ശ്രമിക്കുന്നത്. കേന്ദ്രസർക്കാർ രാജ്യമെമ്പാടും നടപ്പാക്കുന്ന പദ്ധതിയായതിനാൽ അതുവേണ്ടെന്ന് ഇടതുപക്ഷ വൈദ്യുതിജീവനക്കാരുടെ സംഘടനകൾ വാശിപിടിക്കുന്നു. എന്നാൽ പദ്ധതി നടപ്പാക്കിയാൽ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന സംസ്ഥാനസർക്കാരിന് 8000കോടിരൂപ അധികവായ്പ കിട്ടാൻ വഴിതെളിയുമെന്ന പ്രതീക്ഷ സംസ്ഥാനസർക്കാരിനുണ്ട്. അതേസമയം സ്മാർട്ട് മീറ്റർ എന്ത് ? അതിന്റെ ഫലം ജനത്തെ എങ്ങനെ ബാധിക്കും തുടങ്ങിയ കാര്യങ്ങളിൽ ആശങ്ക നിലനിൽക്കുകയാണ്.

വിവാദം കത്തിപ്പടരുമ്പോഴും എന്താണ് സ്മാർട്ട് മീറ്റർ ? വീട്ടിൽ സ്ഥാപിച്ചാൽ നിലവിലെ വൈദ്യുതി ബില്ലിൽ മാറ്റമുണ്ടാകുമോ ? വൈദ്യുതി ലഭിക്കുന്നതിൽ, പവർകട്ട് ഒഴിവാക്കുന്നതിൽ, വോൾട്ടേജ് കൂടുതൽ കിട്ടുന്നതിൽ ഒക്കെ മാറ്റമുണ്ടാകുമോ ? വൈദ്യുതിബിൽ കൂടുമോ, കൂടുതൽ തുക ഡെപ്പോസിറ്റായി കെട്ടിവയ്ക്കേണ്ടിവരുമോ ? ബില്ലടയ്‌ക്കുന്നതിൽ മാറ്റമുണ്ടാകുമോ സ്മാർട്ട്മീറ്റർ എവിടെനിന്ന് കിട്ടും ? വിലയെത്രയാണ് ? കേടായാൽ എന്തുചെയ്യും ? തുടങ്ങി ജനങ്ങളുടെ സംശയങ്ങൾ പലതാണ് -

സ്‌മാർട്ട്

മീറ്ററിനെ അറിയാം

സ്മാർട്ട് മീറ്റർ എന്താണെന്ന് പറയുന്നതിന് മുമ്പ് നിലവിലെ മീറ്ററുകളെ കുറിച്ചറിയാം. കേരളത്തിലെ വീടുകളിൽ പണ്ട് ഉപയോഗിച്ചിരുന്ന കെ.എസ്.ഇ.ബി. മീറ്ററുകൾ ഇലക്ട്രോ മെക്കാനിക്കൽ വിഭാഗത്തിൽപ്പെടുന്നവയായിരുന്നു. അതായത് പുറത്തെ ലൈനിൽനിന്ന് വൈദ്യുതി വീട്ടിലെ മെയിൻ സ്വിച്ചിലേക്ക് വരുമ്പോഴെല്ലാം അത് എത്ര യൂണിറ്റാണെന്ന് അളന്നുകൊണ്ടിരിക്കും. പത്തുവർഷം മുമ്പ് അത് ഡിജിറ്റൽ മീറ്ററിലേക്ക് മാറി. നേരത്തെയുണ്ടായിരുന്ന മീറ്ററിൽ പുതിയ റീഡിംഗ് മാത്രമാണ് ഉണ്ടായിരുന്നത്. എത്ര വൈദ്യുതി ഉപയോഗിച്ചെന്ന് മീറ്റർ റീഡർ വന്ന് കണക്ക് കൂട്ടിയെടുക്കണമായിരുന്നു. ഡിജിറ്റൽ മീറ്ററിൽ അത് വേണ്ട. മാത്രമല്ല രാവിലെ, വൈകിട്ട്, രാത്രി തുടങ്ങി ഒാരോ സമയസ്ളോട്ടിലും എത്ര വൈദ്യുതി ഉപയോഗിച്ചെന്ന് ഡിജിറ്റൽ മീറ്ററിലറിയാം. ഒാരോ ദിവസവും എത്ര വൈദ്യുതി ഉപയോഗിച്ചെന്നും അറിയാനാകും.

സ്മാർട്ട് മീറ്ററിലേക്ക് വരുമ്പോൾ മേല്‌പ്പറഞ്ഞ രീതികളെല്ലാം മാറും. വൈദ്യുതി അളക്കുന്നതാണ് പ്രധാന പണിയെങ്കിലും രീതിയിലും നിയന്ത്രണത്തിലും ഡിജിറ്റൽ മീറ്റർ, ഇലക്ട്രോ മെക്കാനിക്കൽ മീറ്റർ എന്നിവയിൽ നിന്ന് വളരെ വ്യത്യാസമുണ്ട്. സ്മാർട്ട് മീറ്ററിൽ കൃത്രിമ ബുദ്ധി, അതായത് റോബോട്ടുകളിലും മറ്റുമുള്ള രീതിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനമുണ്ട്. അത് കെ.എസ്.ഇ.ബി.യിലെ ഒാഫീസിലെ സെർവറുമായി നെറ്റ് വർക്കിലൂടെ ബന്ധിപ്പിക്കാനാകും. അങ്ങനെ നമ്മുടെ വീട്ടിലെ വൈദ്യുതി മീറ്ററിനെയും വൈദ്യുതിവിതരണത്തേയും കെ.എസ്.ഇ.ബി. ഒാഫീസിലിരുന്ന് നിയന്ത്രിക്കാം. ആവശ്യമെങ്കിൽ വൈദ്യുതി നിഷേധിക്കാനും നൽകാനുമൊക്കെ കഴിയുമെന്നർത്ഥം. ഇതിനെ സാങ്കേതികമായി പറയുന്നത് ബൈ ഡയറക്‌ഷണൽ ഡാറ്റാ കമ്മ്യൂണിക്കേഷൻ എബിലിറ്റിയെന്നാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനമുള്ളതിനാൽ നിയന്ത്രണകേന്ദ്രത്തിൽ നിന്ന് നിർദ്ദേശങ്ങൾ ലഭിച്ചാൽ അതനുസരിച്ച് പ്രവർത്തിക്കാൻ സ്മാർട്ട് മീറ്ററിന് സ്വയം സാധിക്കും.

വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ, സർക്കാർ, കോടതി എന്നിവയുള്ളതുകൊണ്ട് വൈദ്യുതി നിഷേധിക്കാനൊന്നും കഴിയില്ലന്നത് മറ്റൊരു കാര്യം . നിശ്ചിതതുക അടച്ചാൽ ഇത്ര നേരത്തേക്ക് വൈദ്യുതി ഉപയോഗിക്കാമെന്നുള്ള തരത്തിലേക്ക് വൈദ്യുതി വിതരണസംവിധാനം മാറ്റാൻ സാധിക്കും. അതായത് നൂറ് രൂപയ്ക്ക് റീചാർജ്ജ് ചെയ്താൽ 180മിനിറ്റ് നേരത്തേക്ക് മൊബൈൽ ഫോൺ കാൾ ചെയ്യാം എന്ന പറയുന്ന തരത്തിൽ നിശ്ചിതതുക കെ.എസ്.ഇ.ബി.യിൽ അടച്ചാൽ ഇത്ര നാളത്തേക്ക് , ഇത്ര യൂണിറ്റ്, പകൽ സമയത്ത് ഇത്ര യൂണിറ്റ്, രാത്രികാലത്ത് ഇത്ര യൂണിറ്റ് വൈദ്യുതി ഉപയോഗിക്കാമെന്ന തരത്തിലേക്ക് വൈദ്യുതി വിതരണം മാറും. വൈദ്യുതി വേണമെന്ന് തോന്നിയാൽ റീചാർജ്ജ് ചെയ്യാം. അല്ലെങ്കിൽ വേണ്ട. പണമുണ്ടെങ്കിൽ യഥേഷ്‌ടം വൈദ്യുതി അല്ലെങ്കിൽ അല്പം എന്ന രീതിവരും.


സ്മാർട്ട് മീറ്ററിന് വില കൂടുതലാണ്. 6000രൂപയോളം വരും. ഇലക്ട്രോ മെക്കാനിക്കൽ മീറ്ററിന് 900 രൂപയായിരുന്നു ഡിജിറ്റൽ മീറ്ററായപ്പോൾ 2800രൂപയായി .നേരത്തെമീ റ്റർ കെ.എസ്.ഇ.ബി.യായിരുന്നു നൽകിയിരുന്നത്. അതിന് വാടകയും നൽകണമായിരുന്നു. എന്നാൽ ഡിജിറ്റൽ മീറ്ററായപ്പോൾ വില തുല്യഗഡുക്കളായി പ്രതിമാസ ബില്ലിൽ ഉൾപ്പെടുത്തി വാങ്ങുന്ന

സ്ഥിതിയായി. കരാറെടുത്ത ഏജൻസി സ്മാർട്ട് മീറ്റർ ഉപഭോക്താവിന്റെ വീട്ടിൽ കൊണ്ടുവന്ന് സ്ഥാപിക്കും. സ്മാർട്ട് മീറ്ററിന്റെ വിലയും തുല്യഗഡുക്കളായി വാങ്ങും.

കെ.എസ്.ഇ.ബി.ക്ക് കൂടുതൽ നേട്ടം കിട്ടുന്നതുകൊണ്ടും രാജ്യമാകെ പരിഷ്‌കരണത്തിന്റെ ഭാഗമായി നടപ്പാക്കുന്നത് കണക്കിലെടുത്തും 15 ശതമാനം സബ്സിഡി നൽകുന്നുണ്ട്. ബാക്കി തുകയാണ് ഉപഭോക്താവ് അടയ്‌ക്കേണ്ടിവരിക. വൈദ്യുതി മീറ്ററുകൾ സ്വകാര്യമേഖലയിൽ മാത്രമാണുണ്ടാക്കുന്നത്. കേന്ദ്രസർക്കാർ എംപാനൽ ചെയ്ത സ്ഥാപനങ്ങളിൽ നിന്നാണ് വർഷങ്ങളായി ഇത് വാങ്ങികൊണ്ടിരിക്കുന്നത്. സ്മാർട്ട് മീറ്ററും അങ്ങനെ തന്നെയാണ് വാങ്ങുന്നത്.

സ്മാർട്ട് മീറ്റർ വേണോ, പഴയ മീറ്റർ മതിയോ എന്ന് തീരുമാനിക്കാൻ ഉപഭോക്താക്കൾക്ക് ഒാപ്ഷനില്ല. സ്മാർട്ട് മീറ്റർ നടപ്പാക്കാൻ സംസ്ഥാനസർക്കാരും കെ.എസ്.ഇ.ബി.യും തീരുമാനിച്ചാൽ എല്ലാവരും അത് വീട്ടിൽ സ്ഥാപിക്കാൻ സമ്മതിക്കേണ്ടിവരും. കെ.എസ്.ഇ.ബി.യുടെ മേൽനോട്ടത്തിൽ നിലവിലെ മീറ്റർ മാറ്റി സ്മാർട്ട്മീറ്റർ സ്ഥാപിക്കും. അത് കെ.എസ്.ഇ.ബി.നേരിട്ടോ ചുമതലപ്പെടുത്തിയ ഏജൻസിയോ നിർവഹിക്കും. പ്രീപെയ്ഡോ പോസ്റ്റ് പെയ്ഡോ എന്ന് തീരുമാനിക്കാൻ ഉപഭോക്താവിന് അവസരം കിട്ടിയേക്കാം. പോസ്റ്റ് പെയ്‌ഡാണെങ്കിൽ പ്രതിമാസം ബില്ലടക്കാം. പ്രീപെയ്ഡ് ആണെങ്കിൽ മൊബൈൽ ഫോണിലേത് പോലെ റീച്ചാർജ്ജ് ചെയ്ത് ഉപയോഗിക്കാം. വോൾട്ടേജ്, പവർകട്ട്, തുടങ്ങിയ കാര്യങ്ങളിൽ മാറ്റമൊന്നുമുണ്ടാകില്ല. ബിൽ തുകയിൽ മാറ്റം പ്രതീക്ഷിക്കാം. നിലവിൽ ഉപഭോക്താക്കളിൽ നിന്ന് കെ.എസ്.ഇ.ബി. ഇൗടാക്കുന്ന മീറ്റർ വാടക,ഇലക്ട്രിസിറ്റി ഡ്യൂട്ടി ചാർജ്ജ്, സർവീസ് ചാർജ്ജ്, ഫിക്സഡ് ചാർജ്ജ്, അഡീഷണൽ ബിൽ, അഡീഷണൽ ഡെപ്പോസിറ്റ് തുടങ്ങിയ ഇടപാടുകൾ സ്മാർട്ട് മീറ്റർ സംവിധാനത്തിലുണ്ടാകില്ല. വീട്ടിൽ ആളില്ലെങ്കിൽ പോലും മിനിമം വൈദ്യുതി ചാർജ്ജ് ഇൗടാക്കുന്ന ഏർപ്പാടും ഉണ്ടാകില്ല. ഉപയോഗിക്കുന്ന വൈദ്യുതിക്ക് മാത്രം ചാർജ്ജ് എന്നതായിരിക്കും രീതി. എത്ര ഉപയോഗിച്ചെന്നും എത്ര രൂപയായെന്നും സ്മാർട്ട് മീറ്ററിൽ നോക്കിയാൽ മനസിലാകും. അതാണ് ഉപഭോക്താക്കൾക്ക് സ്മാർട്ട് മീറ്റർ സംവിധാനത്തിൽ ലഭിക്കുന്ന നേട്ടം. കൂടാതെ ടെലിസ്കോപ്പിക്, നോൺ ടെലിസ്കോപ്പിക്ക് തുടങ്ങി ഉപഭോക്താക്കളെ കബളിപ്പിച്ച് ബിൽത്തുക ഇരട്ടിപ്പിക്കുന്ന വിദ്യയും സ്മാർട്ട് മീറ്റർ സംവിധാനത്തിലുണ്ടാകില്ല. സ്മാർട്ട്മീറ്റർ കേടായാൽ കരാർ ഏറ്റെടുത്തിരിക്കുന്ന ഏജൻസി സൗജന്യമായി നന്നാക്കി നൽകും. കരാർ പ്രകാരം അത് അവരുടെ ചുമതലയാണ്.

കെ.എസ്.ഇ.ബിക്ക്

ഗുണം മാത്രം

കെ.എസ്.ഇ.ബി.ക്ക് പദ്ധതി നടപ്പാക്കുന്നത് കൊണ്ട് നേട്ടമേയുള്ളൂ.1.33കോടി ഉപഭോക്താക്കളുടേയും ഡാറ്റാ കൃത്യമായി കിട്ടും. അവരുടെ ഉപഭോഗം, രീതി തുടങ്ങിയവയെല്ലാം വിരൽതുമ്പിലുണ്ടാവും. സ്മാർട്ട് മീറ്റർ പ്രീപെയ്ഡോ പോസ്റ്റ് പെയ്ഡോ ആക്കാൻ കമ്പ്യൂട്ടർ സ്ക്രീനിൽ ക്ളിക്ക് ചെയ്യുകയേ വേണ്ടൂ. പ്രീപെയ്ഡ് ആണെങ്കിൽ വൈദ്യുതി നൽകുന്നതിന് മുമ്പ് പണം പെട്ടിയിൽവീഴും. അതിന്റെ പലിശ ലാഭം. വായ്പ വാങ്ങാതെ പ്രവർത്തിക്കാം.

സ്മാർട്ട് മീറ്റർ നടപ്പാക്കുന്നത് ഒരു ഏജൻസി വഴിയാണ്. ടോട്ടെക്സ് മാതൃകയിലായതിനാൽ കെ.എസ്.ഇ.ബി. ഒരു രൂപപോലും ചെലവാക്കേണ്ടതില്ല. 1.33കോടി സ്മാർട്ട് മീറ്ററിനുള്ള 8200കോടിയും ഏജൻസി പോക്കറ്റിൽനിന്ന് എടുത്ത് ചെലവാക്കും. ഒരു നിശ്ചിത കാലയളവിൽ അതായത് ഏഴുവർഷത്തേക്ക് അതിന്റെ കേടുപാടുകൾ തീർക്കുന്നതും പരിപാലനവും പണം പിരിക്കുന്നതുമെല്ലാം അവരായിരിക്കും. അവരുടെ കമ്മിഷൻ കഴിഞ്ഞ് ബാക്കി തുക കെ.എസ്.ഇ.ബി.ക്ക് വരുമാനമായി കിട്ടും. മീറ്റർ റീഡർമാർ, ഒാഫീസ് നിർവഹണം, സൂപ്പർവൈസർമാർ തുടങ്ങി ഏകദേശം 4000ത്തോളം ജീവനക്കാരെ ഒഴിവാക്കാം. അതിലൂടെ കോടികളുടെ ലാഭം വേറെ. സ്മാർട്ട് മീറ്ററിൽ കൃത്രിമത്വം കാണിക്കുകയോ, വൈദ്യുതി മോഷ്ടിക്കുകയോ ചെയ്താൽ ഉടൻ സെർവറിൽ വിവരമെത്തും. ഇതിനുള്ള ടാമ്പർ ഇവന്റ് ഡിറ്റൻഷൻ ആൻഡ് റെക്കോഡിംഗ് സംവിധാനം സ്മാർട്ട് മീറ്ററിലുണ്ട്. അതോടെ വൈദ്യുതിബിൽ കുടിശിക, വൈദ്യുതി മോഷണം തുടങ്ങിയ ഇടപാടുകൾ ഇല്ലാതാകും. ഇലക്ട്രിസിറ്റി ഇൻസ്‌പെക്‌ഷൻ വിഭാഗത്തിലെ 600 ലേറെ ജീവനക്കാരേയും വേണമെങ്കിൽ ഒഴിവാക്കാം. മൊത്തത്തിൽ സ്മാർട്ട് മീറ്റർ സംവിധാനം നടപ്പാക്കുന്നത് കെ.എസ്.ഇ.ബി.ക്ക് വൻ നേട്ടമുണ്ടാക്കുന്ന ഏർപ്പാടാണ്.

കോട്ടമായി പറയാനുള്ളത് വിതരണ സംവിധാനത്തിലെ കുത്തക നിയന്ത്രണം കുറയുമെന്നതാണ്. വിവരസാങ്കേതിക വിദ്യയിലും ഉപഭോക്താവകാശങ്ങളിലും കാലാനുസൃതമായി ഉണ്ടാകുന്ന പരിഷ്‌കരണങ്ങൾ വൈദ്യുതി വിതരണ രംഗത്തും വരുത്തുന്നുവെന്ന രീതിയിലാണ് സ്മാർട്ട്മീറ്റർ പരിഷ്ക്കരണത്തെ കാണേണ്ടത്. മാറ്റങ്ങൾക്ക് പുറംതിരിഞ്ഞുനിൽക്കുകയല്ല അതിനെ ഫലപ്രദമായി സമൂഹനന്മയ്‌ക്ക് വിനിയോഗിക്കുകയാണ് വേണ്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KOCHI METRO
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.