തിരുവനന്തപുരം: ചാനൽ അഭിമുഖത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തിയെന്ന കേസിൽ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ 10,10,000 രൂപ നഷ്ടപരിഹാരവും കോടതിച്ചെലവും നൽകണമെന്ന തിരുവനന്തപുരം പ്രിൻസിപ്പൽ സബ്കോടതിയുടെ ഉത്തരവ് അഡിഷണൽ ജില്ലാ സെഷൻസ് കോടതി റദ്ദാക്കി. ഈ ഉത്തരവ് ഫെബ്രുവരിയിൽ ജില്ലാ കോടതി ഉപാധികളോടെ സ്റ്റേ ചെയ്തിരുന്നു.
2013 ജൂലായ് ആറിന് സ്വകാര്യ ചാനൽ അഭിമുഖത്തിലാണ് അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.എസ്, മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയത്. സോളാർ വിഷയവുമായി ബന്ധപ്പെട്ട ചോദ്യത്തിന്, സോളാർ കമ്പനിയുടെ തലപ്പത്ത് ഉമ്മൻ ചാണ്ടിയാണെന്നും കേരളത്തിലെ മൂന്നരക്കോടി ജനങ്ങളെയും ഉമ്മൻ ചാണ്ടി പറ്റിക്കുകയാണെന്നും, ഇതിന് സരിതയെ മുന്നിൽ നിറുത്തിയാണ് പ്രവർത്തിക്കുന്നതെന്നുമായിരുന്നു വി.എസിന്റെ മറുപടി. പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി വക്കീൽ നോട്ടീസ് നൽകിയെങ്കിലും വി.എസ് പ്രതികരിച്ചില്ല. തുടർന്നാണ് ഉമ്മൻ ചാണ്ടി 10ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്തത്. കേസിന്റെ വിസ്താര വേളയിൽ ഉമ്മൻചാണ്ടി കോടതിയിൽ നേരിട്ടെത്തി മൊഴി നൽകിയെങ്കിലും, വി.എസ് ഹാജരായില്ല. വി.എസിന്റെ ഭാഗത്ത് നിന്ന് ആറ് സാക്ഷികളെ വിസ്തരിച്ചു. സോളാർ കമ്മിഷൻ റിപ്പോർട്ടടക്കം കോടതിയിൽ രേഖയായി വി.എസ് ഹാജരാക്കി.
ആരോപണം തെളിയിക്കാൻ ചാനൽ അവതാരകനെയോ ചാനൽ ഉടമയെയോ സാക്ഷിയായി വിസ്തരിച്ചിരുന്നില്ല. ചാനൽ അഭിമുഖം ശാസ്ത്രീയപരിശോധന നടത്തിയതുമില്ല. അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ കീഴ്‌ക്കോടതി തെളിവായി സ്വീകരിച്ചെങ്കിലും അപ്പീൽക്കോടതി തള്ളി. അഭിമുഖത്തിലെ പ്രസക്തഭാഗങ്ങൾ ഉമ്മൻചാണ്ടി എഴുതി നൽകിയത് വക്രീകരിച്ച രീതിയിലായിരുന്നെന്ന വി.എസിന്റെ വാദം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി ആർ. ജയകൃഷ്ണൻ അംഗീകരിച്ചു. നഷ്ടപരിഹാരത്തുകയ്ക്കും പലിശയ്ക്കും ഈട് നൽകിയാണ് ഉത്തരവിന് നേരത്തേ കോടതി സ്റ്റേ അനുവദിച്ചിരുന്നത്.
വി.എസ് നഷ്ടപരിഹാരം നൽകേണ്ടകേസിൽ
അപ്പീൽ നൽകാൻ നീക്കം
വിചാരണക്കോടതി ഉത്തരവ് റദ്ദാക്കിയതിനെതിരെ അപ്പീൽ നൽകിയേക്കും. അഭിഭാഷകന്റെ നിയമോപദേശം തേടിയ ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് ഉമ്മൻചാണ്ടിയുടെ ഓഫീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |