SignIn
Kerala Kaumudi Online
Friday, 26 April 2024 6.49 AM IST

നന്നാവില്ലെന്ന വാശി ഭൂഷണമല്ല

photo

സ്വയം നന്നാവില്ല, മറ്റുള്ളവരെ നന്നാവാൻ അനുവദിക്കുകയുമില്ലെന്ന വാശിയുള്ള സ്ഥാപനങ്ങളുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളാണ് ഈ ഗണത്തിൽ മുന്നിൽ.

ഇവയിൽത്തന്നെ വൈദ്യുതി ബോർഡും കെ.എസ്.ആർ.ടി.സി.യും കെടുകാര്യസ്ഥതയിൽ മാത്രമല്ല ഒരിക്കലും നന്നാവില്ലെന്ന വാശിയിലുമാണ്. വൈദ്യുതി ബോർഡിനെ ഇപ്പോഴത്തെ അതിന്റെ പ്രതിസന്ധികളിൽനിന്ന് കരകയറ്റാനായി ആവിഷ്കരിച്ച 28,000 കോടി രൂപയുടെ രക്ഷാപാക്കേജ് അട്ടിമറിക്കപ്പെട്ടതിനെക്കുറിച്ച് കഴിഞ്ഞ ദിവസം ഞങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഇരുപതുവർഷമായി നഷ്ടത്തിൽ പ്രവർത്തിക്കുന്ന കെ.എസ്.ഇ.ബിക്ക് കരകയറാനുള്ള നല്ലൊരു അവസരമായിരുന്നു സാമ്പത്തിക പുനരുദ്ധാരണ പദ്ധതി. നിരവധി പരിഷ്കാര നടപടികൾക്കാണ് രൂപം നൽകിയിരുന്നത്. സ്ഥാപനം തുടർച്ചയായി നഷ്ടത്തിൽ ഓടുന്നതിനുള്ള കാരണങ്ങൾ പലതാണ്. വരുമാനത്തെ കവച്ചുവയ്ക്കും വിധം ചെലവ് കൂടിയാൽ ഏതുസ്ഥാപനവും നഷ്ടത്തിലേക്കു കൂപ്പുകുത്തും. വരവിനങ്ങളെല്ലാം കൂട്ടിയാൽ ബോർഡിന്റെ ഒരുവർഷത്തെ വരവ് 18,500 കോടി രൂപയാണ് ചെലവാകട്ടെ 19700 കോടിയും. 1200 കോടി രൂപകൂടി കണ്ടെത്തിയാലേ വരവുചെലവുകൾ പൊരുത്തപ്പെടൂ. ബോർഡിന്റെ ഇതുവരെയുള്ള നഷ്ടം 15000 കോടിയും കടന്നാണു നില്പ്. പ്രതിസന്ധിയിൽ നിന്ന് ബോർഡിനെ രക്ഷപ്പെടുത്താനുള്ള നടപടികൾ ഉൾപ്പെടുന്ന രക്ഷാപാക്കേജാണ് ബോർഡിലെ താപ്പാനകൾ ജീവനക്കാരുടെ കൂടി സഹായത്തോടെ അട്ടിമറിച്ചിരിക്കുന്നത്.

വൈദ്യുതി വിതരണച്ചെലവിൽ കെ.എസ്.ഇ.ബി ഏറ്റവും മുന്നിലാണ്. പ്രവർത്തനച്ചെലവും അതുപോലെ തന്നെ. ആവശ്യത്തിലുമധികം ജീവനക്കാരുള്ളതിനാൽ ആ ഇനത്തിലും ഭീമമായ സംഖ്യ ഓരോ മാസവും ചെലവാകുന്നുണ്ട്. ജലവൈദ്യുതി ഉത്‌പാദനം വർദ്ധിപ്പിക്കുന്നതിനൊപ്പം പാരമ്പര്യേതര സ്രോതസുകളും വൻതോതിൽ പ്രയോജനപ്പെടുത്താനായാൽ നേട്ടമുണ്ടാക്കാം. പ്രസരണനഷ്ടം ബോർഡ് നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ്. ഈ നഷ്ടം കുറയണമെങ്കിൽ വിതരണശൃംഖല നവീകരിക്കണം. കുടിശിക മുഴുവൻ പിരിച്ചെടുത്താൽത്തന്നെ വരുമാനക്കമ്മി നല്ലതോതിൽ കുറയ്ക്കാനാകും. വിവിധ മേഖലകളിലെ പ്രവർത്തനം ശാസ്ത്രീയമായി പുനസംഘടിപ്പിച്ച് ബോർഡിന്റെ സാമ്പത്തികഘടന ആരോഗ്യകരമാക്കാം. എന്നാൽ രക്ഷാപാക്കേജ് നടപ്പാകണമെങ്കിൽ ജീവനക്കാർ സർവാത്മനാ സഹകരിക്കണം. അതിനു മികച്ചതുടക്കമിട്ട പഴയ സി.എം.ഡിയെ ഉപരോധസമരം നടത്തി പുകച്ചുപുറത്തുചാടിക്കാൻ സർക്കാരും കൂട്ടുനിന്നതാണ് സങ്കടകരം. പുനരുദ്ധാരണ പദ്ധതിക്കു നേതൃത്വം വഹിച്ച പ്രധാനപ്പെട്ട രണ്ട് ഉന്നത ഉദ്യോഗസ്ഥരിൽ ഒരാൾക്കുകൂടി സ്ഥാനചലനമുണ്ടായതോടെ രക്ഷാപാക്കേജും വെള്ളത്തിലായി.

വൈദ്യുതി ഉത്‌പാദന - വിതരണരംഗത്ത് രാജ്യത്തൊട്ടാകെ പല പരിഷ്കാരങ്ങളും ഇതിനകം വന്നുകഴിഞ്ഞു. ഒരുമാറ്റവും ഇവിടെ വേണ്ടെന്ന ശാഠ്യത്തിലാണ് കെ.എസ്.ഇ.ബി. ഉപഭോക്താക്കൾക്ക് ഗുണകരമാകുമെന്ന് പൊതുവേ പറഞ്ഞുകേട്ട സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്ന കാര്യത്തിൽപ്പോലും ഖണ്ഡിതമായ തീരുമാനമെടുക്കാൻ ബോർഡിനു കഴിയുന്നില്ല. ഈ വിഷയത്തിലും അവസാനവാക്ക് യൂണിയനുകളുടേതാകുമ്പോൾ നിസഹായമായി നിൽക്കാനേ ബോർഡിനാവുന്നുള്ളൂ. സംസ്ഥാന വൈദ്യുതി റഗുലേറ്ററി ബോർഡിന്റെ കണക്കുപ്രകാരം ബോർഡിൽ ആറായിരം ജീവനക്കാർ അധികപ്പറ്റാണ്. സ്മാർട്ട് മീറ്റർ ഏർപ്പെടുത്തിയാൽ മീറ്റർ റീഡർ, ബില്ലിംഗ് സ്റ്റാഫ് തുടങ്ങിയ വിഭാഗങ്ങളിൽ ജോലിനോക്കുന്ന നാലായിരത്തോളം പേരെ മറ്റു സെക്‌ഷനുകളിൽ പുനർവിന്യസിക്കാം. ഭാവിയിൽ ശമ്പളച്ചെലവും കുറയും.

കെ.എസ്.ആർ.ടി.സിയുടെ വഴിയേ കെ.എസ്.ഇ.ബി പോകരുതെന്ന് ആഗ്രഹിക്കുന്നവരാണ് ജനങ്ങൾ. നടത്തിപ്പുദോഷം കൊണ്ട് പൊതുമേഖലാ സ്ഥാപനങ്ങൾ കടംകയറി മുങ്ങിത്താഴ്‌‌ന്നാൽ അതിന്റെ ഭാരവും തങ്ങൾ കൂടി ചുമക്കേണ്ടി വരുന്നതിനാലാണ് ജനങ്ങളുടെ ആശങ്കകൂടുന്നത്. സ്ഥാപനം ആരോഗ്യത്തോടെ നിലനിന്നാലേ തങ്ങൾക്കും നല്ലൊരു ഭാവിയുണ്ടാകൂ എന്ന് യൂണിയനുകളും മനസിലാക്കേണ്ടിയിരിക്കുന്നു. ഈ യാഥാർത്ഥ്യം കെ.എസ്.ആർ.ടി.സിക്കാർ കുറെയൊക്കെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവരുടെ നിലപാടുകളിലും അതനുസരിച്ചു മാറ്റം ദൃശ്യമാണ്. അവശ്യ സർവീസായതുകൊണ്ടാവാം ദുശ്ശാഠ്യനിലപാടുകളിൽ നിന്നുമാറാൻ കെ.എസ്.ഇ.ബിക്കാർക്കു വിമുഖത.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.