SignIn
Kerala Kaumudi Online
Friday, 26 April 2024 10.22 PM IST

സീസൺ യാത്രയിൽ കൈപൊള്ളും, ടിക്കറ്റ് നിരക്ക് ഇരട്ടിയിലധികം !

yathra

ഉത്സവ സീസണിൽ യാത്ര ചെയ്യേണ്ടിവരുന്നവരുടെ കാശുപോയ വഴി കാണില്ല സാറേ... യാത്രക്കാരെ പിഴിയാൻ ടിക്കറ്റ് നിരക്ക് ഇരട്ടിയാണ് വർദ്ധിപ്പിച്ചിട്ടുള്ളത്. അവസരം മുതലെടുത്ത് അന്തർ സംസ്ഥാന സ്വകാര്യബസുകളിലും വിമാന ടിക്കറ്റ് നിരക്കിലും വലിയ വർദ്ധനയാണ് ഉണ്ടായിട്ടുള്ളത്.

നൽകേണ്ടത്

വലിയ വില

ക്രിസ്മസും ന്യൂ ഇയറും ശബരിമല, ടൂറിസം സീസണുകളും ഒത്തുചേർന്നതോടെ കേരളത്തിലേക്കുള്ള യാത്രക്കാരുടെ എണ്ണം കൂടിയിട്ടുണ്ട്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കിയശേഷമുള്ള ആദ്യടൂറിസം സീസൺ കൂടിയാണിത്. ഇത് മുതലെടുത്ത് അന്തർ സംസ്ഥാന യാത്രകൾക്ക് നിരക്ക് വർദ്ധിപ്പിച്ച് ബസുടമകൾ യാത്രക്കാരെ കൊള്ളയടിക്കുകയാണ്. യാത്ര ബുക്ക് ചെയ്യുന്നവരിൽ നിന്ന് ഇപ്പോഴുള്ളതിന്റെ ഇരട്ടിയിലധികം ചാർജ്ജാണ് സ്വകാര്യ ബസുടമകൾ ഈടാക്കുന്നത്.

സ്വകാര്യ അന്തർ സംസ്ഥാന ബസുകൾ ബംഗളൂരുവിൽ നിന്ന് മലപ്പുറം കുന്നുമ്മലിലേക്ക് എ.സി സ്ലീപ്പറിൽ 2,000 രൂപയാണ് ഈടാക്കിയത്. രാത്രി ഒമ്പതോടെ പുറപ്പെട്ട് രാവിലെ ഏഴോടെ മലപ്പുറത്തെത്തും വിധത്തിലായിരുന്നു സർവീസ്. മലപ്പുറത്തേക്ക് നേരിട്ട് ഏതാനും ബസുകളേയുള്ളൂ. ടിക്കറ്റ് നിരക്ക് കൂടുതലായതിനാൽ മിക്കവരും ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്കുള്ള സർവീസാണ് തിരഞ്ഞെടുത്തത്. നോൺ എ.സി സ്ലീപ്പർ ബസുകൾ മലപ്പുറത്തേക്ക് കുറവാണ്. ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് നോൺ എ.സി സ്ലീപ്പറിൽ 1,000 രൂപ മുതൽ ടിക്കറ്റുണ്ട്.

ട്രെയിനിലില്ല

ഒരിഞ്ച് സ്ഥലം

ക്രിസ്മസ് അവധിക്ക് നാട്ടിലെത്താനുള്ള മലയാളികളുടെ പെടാപ്പാടുകണ്ട് അവസാന നിമിഷമെങ്കിലും സ്‌പെഷൽ ട്രെയിൻ അനുവദിക്കുമെന്ന പ്രതീക്ഷയ്ക്ക് റെയിൽവേ ചുവപ്പ് സിഗ്‌നൽ കാണിച്ചതോടെ ഇതര സംസ്ഥാനങ്ങളിൽ നിന്നും നാട്ടിലെത്താൻ പാടുപെടുന്നവരാണ് ഏറെയും. എന്നാൽ മലപ്പുറം ജില്ലയിൽ സ്റ്റോപ്പുള്ള ട്രെയിനുകളിൽ ജനറൽ കമ്പാർട്ടുമെന്റുകളിൽ നിന്നുതിരിയാൻ ഇടമില്ലാത്തവിധം തിരക്കായിരുന്നു. ടിക്കറ്റുകളെല്ലാം പെട്ടെന്നുതീർന്നു. അതോടെ മിക്കവരും കൂടുതൽ നിരക്ക് നൽകി യാത്ര ചെയ്യേണ്ട അവസ്ഥയിലായി. ട്രെയിൻ യാത്രയ്ക്ക് ടിക്കറ്റ് ലഭിക്കാത്തവർക്ക് മറ്റ് ചെലവേറിയ മാർഗങ്ങളും അന്വേഷിക്കണ്ടിവന്നു.

ബംഗളൂരുവിൽ നിന്ന് കണ്ണൂർവരെ പോവുന്ന യശ്വന്ത്പൂർ കണ്ണൂർ എക്‌സ്പ്രസിൽ പ്രീമിയം തത്ക്കാൽ ടിക്കറ്റടക്കം വേഗം തീർന്നു. ജില്ലയിൽ തിരൂരിലാണ് സ്റ്റോപ്പുള്ളത്. രാത്രി എട്ടിന് യശ്വന്ത്പൂരിൽ നിന്ന് പുറപ്പെട്ട് രാവിലെ 6.48ന് തിരൂരിൽ എത്തുംവിധമാണ് ട്രെയിൻ സർവീസ്. ബംഗളൂരുവിൽ നിന്ന് ജില്ല വഴി കടന്നുപോവുന്ന ഏക പ്രതിദിന ട്രെയിനാണിത്.

ജനുവരി മൂന്നിനാണ് ഇനി ബംഗളൂരുവിൽ നിന്ന് തിരൂരിലേക്ക് കൺഫേം ടിക്കറ്റുള്ളത്. കൂടുതൽ നിരക്ക് നൽകേണ്ട തത്കാൽ, പ്രിമിയം തത്കാൽ ടിക്കറ്റുകളുണ്ട്. ട്രെയിൻ പുറപ്പെടുന്നതിന്റെ തലേദിവസം മുതലാണ് ഈ ടിക്കറ്റുകൾ ബുക്ക് ചെയ്യാനാവുക.

ഞായർ, തിങ്കൾ ദിവസങ്ങളിൽ സർവീസ് നടത്തുന്ന യശ്വന്ത്പൂർ മംഗലാപുരം എക്‌സ്പ്രസിലും സ്ലീപ്പർ ക്ലാസിൽ ടിക്കറ്റ് ഫുൾ ആണ്. ജനുവരി എട്ടിന് തിരൂരിലേക്ക് ഏതാനും ടിക്കറ്റുകളുണ്ട്. ജില്ലയിലൂടെ കടന്നുപോവുന്ന ഒരു സ്‌പെഷൽ ട്രെയിൻ പോലും അനുവദിക്കാതിരുന്ന റെയിൽവേയുടെ നടപടിയാണ് യാത്രക്കാർക്ക് കടുത്ത ദുരിതമായത്.

ജോലിക്കും പഠനത്തിനുമായി ജില്ലയിൽ നിന്നുള്ള നിരവധി പേരാണ് ബംഗളൂരുവിനെ ആശ്രയിക്കുന്നത്. പ്രതിദിന സർവീസ് നടത്തുന്ന ഒരു ട്രെയിൻ കൂടി അനുവദിക്കണമെന്ന യാത്രക്കാരുടെ ആവശ്യം കാലങ്ങളായി റെയിൽവേ അധികൃതർ മുഖവിലയ്‌ക്കെടുക്കുന്നില്ല. തിരൂരിലേക്ക് ടിക്കറ്റ് കിട്ടാത്തതിനാൽ പാലക്കാട് വഴിയുള്ള ട്രെയിനുകളിൽ കൺഫേം ടിക്കറ്റിന് ശ്രമിച്ചവരും നിരാശരായി. കൊച്ചുവേളി ഹംസഫർ, എറണാകുളം എക്‌സ്പ്രസ്, കന്യാകുമാരി എക്‌സ്പ്രസ്, കൊച്ചുവേളി എക്‌സ്പ്രസ്, യശ്വന്ത്പൂർ കണ്ണൂർ എക്‌സ്പ്രസ് എന്നിവയിലൊന്നും ടിക്കറ്റില്ല. പാലക്കാടിലേക്ക് 200ന് മുകളിലാണ് വെയ്റ്റിംഗ് ലിസ്റ്റ്. ജനുവരി ആദ്യവാരം വരെ ടിക്കറ്റ് വെയ്റ്റിംഗ് ലിസ്റ്റിലാണ്. തത്കാൽ ടിക്കറ്റുകളും ബുക്കിംഗ് തുടങ്ങി പെട്ടെന്ന് തന്നെ തീർന്നു.
ചെന്നൈയിൽ നിന്ന് കൂടുതൽ സ്‌പെഷൽ ട്രെയിനുകൾ അനുവദിച്ചിട്ടുണ്ടെങ്കിലും ഇതെല്ലാം പാലക്കാട് വഴിയാണ് കടന്നുപോവുന്നത്. തിരൂരിൽ സ്‌റ്റോപ്പുള്ള പ്രതിദിന ട്രെയിനുകളായ മംഗലാപുരം ചെന്നൈ സെൻട്രൽ എക്‌സ്പ്രസ്, മംഗലാപുരം ചെന്നൈ മെയിൽ, വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ്, എഗ്‌മോർ ചെന്നൈ എക്‌സ്പ്രസ് എന്നിവയിലൊന്നും ഈ മാസം ടിക്കറ്റില്ല. കൊവിഡ് നിയന്ത്രണങ്ങൾ നീക്കിയതോടെ യാത്രക്കാരുടെ എണ്ണം കൊവിഡിന് മുമ്പുണ്ടായിരുന്ന സ്ഥിതിയിലേക്ക് ഉയർന്നതും തിരക്കിന് കാരണമായി. മിക്ക ട്രെയിനുകളും വൈകി ഓടുന്നതും യാത്രക്കാരുടെ ദുരിതം വർദ്ധിപ്പിക്കുന്നു. സ്‌പെഷൽ ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ കുറവായതിനാൽ യാത്രക്കാർക്ക് വേണ്ടവിധം ഉപയോഗപ്പെടുത്താനും കഴിയുന്നില്ല.

എങ്ങനെ നാട്ടിലെത്തും ?
ഡൽഹിയിൽ നിന്നുള്ള കേരള എക്‌സ്പ്രസ്, മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ്, എറണാകുളം തുരന്തോ എക്‌സ്പ്രസ്, കൊച്ചുവേളി എക്‌സ്പ്രസ്, കേരള സമ്പർക് ക്രാന്തി എക്‌സ്പ്രസ്, നിസാമുദ്ദീൻ തിരുവനന്തപുരം സൂപ്പർഫാസ്റ്റ്, ഹിമസാഗർ എക്‌സ്പ്രസ്, മില്ലേനിയം എക്‌സ്പ്രസ്, സ്വർണജയന്തി എക്‌സ്പ്രസ് എന്നിവയിലൊന്നും കൺഫേം ടിക്കറ്റില്ല. മുംബെയിൽ നിന്നുള്ള ഒരു ട്രെയിനിലും ടിക്കറ്റില്ല.

ബംഗളൂരുവിൽ നിന്നുള്ള കന്യാകുമാരി എക്‌സ്പ്രസ്, എറണാകുളം എക്‌സ്പ്രസ്, യശ്വന്ത്പൂർ എക്‌സ്പ്രസ്, കൊച്ചുവേളി എക്‌സ്പ്രസ് എന്നിവയിലും സീറ്റില്ല. ചെന്നൈ, വിജയപുര എന്നിവിടങ്ങളിൽ നിന്ന് കൊല്ലംവരെ കൂടുതൽ ശബരിമല സ്‌പെഷൽ ട്രെയിനുകൾ ഓടുന്നുണ്ട്. എന്നാൽ മറ്റിടങ്ങളിൽ നിന്നുള്ള തീർത്ഥാടകർ ടിക്കറ്റില്ലാതെ വലയുന്നു.


തിരികെപോക്കിലും

കുടുങ്ങിയതു തന്നെ
ക്രിസ്മസും പുതുവത്സര ദിനവും കഴിഞ്ഞ് തിരികെ ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് പോവാൻ തിരൂരിൽ നിന്ന് ടിക്കറ്റില്ലാത്ത അവസ്ഥയാണ്. യശ്വന്ത്പൂർ എക്‌സ്പ്രസിൽ നൂറിന് മുകളിലാണ് സ്ലീപ്പറിലെ വെയ്റ്റിംഗ് ലിസ്റ്റ്. തേർഡ് എ.സിയിലടക്കം ടിക്കറ്റില്ല. കൂടുതൽ പണം നൽകി തത്കാൽ ടിക്കറ്റുകളെ ആശ്രയിക്കേണ്ടിവരും. യാത്രക്കാരുടെ എണ്ണം കൂടുതലും തത്കാൽ ടിക്കറ്റുകൾ കുറവും ആയതിനാൽ അതും വേഗത്തിൽ തീരാനാണ് സാദ്ധ്യത.

നിരക്ക് കുത്തനെ കൂട്ടി

വിമാനക്കമ്പനികൾ

ഗൾഫിലെ സ്‌കൂളുകളിലെ മൂന്നാഴ്ചത്തെ ശൈത്യകാല അവധിയും ക്രിസ്മസും അവസരമാക്കി വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയതോടെ നാട്ടിലേക്കുള്ള യാത്ര ഒഴിവാക്കേണ്ട അവസ്ഥയിലാണ് പ്രവാസി കുടുംബങ്ങൾ. ദുബായിൽ നിന്ന് നാലംഗ കുടുംബത്തിന് നാട്ടിലെത്തി മടങ്ങാൻ രണ്ടര ലക്ഷത്തോളം രൂപ ടിക്കറ്റിന് ചെലവാകും.

നാട്ടിലെ സ്‌കൂളുകൾ ക്രിസ്മസ് അവധിക്ക് അടയ്ക്കുന്നതും ഗൾഫിലെ ശൈത്യകാല അവധിയും പ്രവാസികൾക്കും കുടുംബങ്ങൾക്കുമെല്ലാം ഒത്തുചേരലിനുള്ല അവസരമാണ്. അതിനാൽ ടിക്കറ്റ് കൊള്ള സഹിച്ചും മിക്കവരും നാട്ടിലെത്തുമെന്ന കണക്കുകൂട്ടലിലാണ് വിമാനക്കമ്പനികളുടെ നടപടി. ജനുവരി ആദ്യ വാരം ഗൾഫിലെ സ്‌കൂളുകൾ തുറക്കുന്നതിനാൽ, ഡിസംബർ അവസാനം കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ള നിരക്ക് വർദ്ധിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MALAPPURAM DIARY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.