ഹൗറ: ജാർഖണ്ഡ് നടി റിയ കുമാരി ബംഗാളിലെ ഹൗറയിൽ വെടിയേറ്റു കൊല്ലപ്പെട്ടു. ദേശീയപാതയിൽ മോഷണശ്രമം ചെറുക്കുന്നതിനിടെയാണ് നടിക്ക് വെടിയേറ്റതെന്നാണ് പൊലീസ് അറിയിച്ചത്. കൊൽക്കത്തയിലേയ്ക്ക് കുടുംബത്തോടൊപ്പം പോകുമ്പോഴാണ് സംഭവം. റിയയുടെ ഭർത്താവും നിർമാതാവുമായ പ്രകാശ് കുമാറിനെ സംഘം മർദിച്ചു.
റിയയും ഭർത്താവും, രണ്ട് വയസുകാരിയായ മകളും കാറിലുണ്ടായിരുന്നു. യാത്രയ്ക്കിടെ രാവിലെ ആറോടെ വിശ്രമിക്കാനായി മാഹിശ്രേഖ എന്ന പ്രദേശത്ത് കാർ നിർത്തി പ്രകാശ് പുറത്തിറങ്ങി. ഈ സമയമാണ് സ്ഥലത്തെത്തിയ മൂന്നംഗ സംഘം കവർച്ചയ്ക്ക് ശ്രമിച്ചതെന്ന് ഭർത്താവ് പൊലീസിനോട് പറഞ്ഞു. പ്രകാശിനെ ആക്രമിക്കുന്നത് കണ്ട റിയ തടയാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർക്ക് വെടിയേറ്റത്.
റിയയ്ക്ക് വെടിയേറ്റതോടെ സംഘം കടന്നുകളഞ്ഞു. സഹായം തേടി പരിക്കേറ്റ പ്രകാശ് മൂന്ന് കിലോമീറ്റർ വാഹനമോടിച്ചു. ഒടുവിൽ ദേശീയപാതയ്ക്കരികിൽ കണ്ട പ്രദേശവാസികളോട് പ്രകാശ് സംഭവം വിവരിച്ചു. അവർ സമീപത്തെ എസ് സി സി മെഡിക്കൽ കോളജ് ആശുപത്രിയിൽ റിയയെ എത്തിക്കാൻ സഹായിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിലെത്തിയപ്പോൾ തന്നെ റിയ മരിച്ചതായി ഡോക്ടർമാർ പറഞ്ഞു.
സംഭവത്തെപ്പറ്റി വിശദമായി അന്വേഷിക്കുകയാണെന്നും റിയയുടെ ഭർത്താവിനെ ചോദ്യം ചെയ്തെന്നും പൊലീസ് വ്യക്തമാക്കി. കാർ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചെന്നും പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |