SignIn
Kerala Kaumudi Online
Friday, 26 April 2024 8.25 AM IST

മന്നമെന്നാൽ നവോത്ഥാനം

mannathu-padmanabhan

കേരളം മുഴുവൻ നിറഞ്ഞുനിന്ന മന്നത്തു പത്മനാഭനെന്ന മഹാ വ്യക്തിത്വത്തിന്റെ ജയന്തിയാഘോഷവേളയിൽ അദ്ദേഹത്തിന്റെ ജീവിതരേഖകൾ സമഗ്രമായി പരിശോധിച്ചാൽ കിട്ടുന്ന ഒരേയൊരുത്തരം - മന്നമെന്നാൽ നവോത്ഥാനമെന്നാണ്. മഹത്തായ ഈ ലക്ഷ്യത്തിലേയ്ക്ക് നീങ്ങിയതാകട്ടെ, കർമയോഗത്തിലൂടെയും. അതുകൊണ്ടാണ് നവോത്ഥാനനായകനെന്നും കർമയോഗിയെന്നുമൊക്കെ അദ്ദേഹം അറിയപ്പെടുന്നത്.

സമുദായാചാര്യൻ മന്നം, ആയുസ് മുഴുവൻ സ്വന്തം സമുദായത്തിന്റെ ഉയർച്ചയ്ക്കും വളർച്ചയ്ക്കും വേണ്ടിയാണ് പൊരുതിയതും പ്രവർത്തിച്ചതും. ഒപ്പം, കീഴ്ജാതിക്കാരെന്നു വ്യവഹരിക്കപ്പെട്ടവരുടെ ഉന്നമനത്തിനുവേണ്ടിയും ആത്മാർത്ഥമായി പ്രവർത്തിച്ചിരുന്നു. വൈക്കം സത്യഗ്രഹവും സവർണജാഥയും ഗുരുവായൂർ സത്യഗ്രഹവും മദ്ധ്യതിരുവിതാംകൂറിലെ സമരങ്ങളുമൊക്കെ ഉദാഹരണങ്ങൾ.
പെരുന്ന മന്നത്തുതറവാട്ടിൽ കത്തിച്ചുവച്ച നിലവിളക്കിന്റെ മുന്നിലിരുന്ന് 108 വർഷം മുമ്പ് മന്നമടക്കം 14 സ്ഥാപകനേതാക്കൾ സത്യപ്രതിജ്ഞചെയ്താണ് നായർ സർവീസ് സൊസൈറ്റി രൂപീകരിച്ചത്. ആ സത്യപ്രതിജ്ഞ ചരിത്രസംഭവമായിരുന്നു. 'ഞാൻ നായർ സമുദായോന്നതിക്കായി നിരന്തരം ആലോചിക്കുകയും പരിശ്രമിക്കുകയും ചെയ്യും. അങ്ങനെയുള്ള ശ്രമങ്ങളിൽ ഇതരസമുദായങ്ങൾക്കു ക്ഷോഭകരമായ യാതൊരു പ്രവൃത്തിയും ചെയ്യുന്നതല്ല'. ഈ സുവർണപ്രതിജ്ഞ ആവർത്തിച്ചുകൊണ്ടാണ് എൻ.എസ്.എസ്. മുന്നോട്ടുപോകുന്നതും.
എൻ.എസ്.എസിനു ജന്മംനൽകിയ തന്റെ തറവാടിന്റെ അകത്തളത്തിൽ പുലയയുവാവിനെ തന്നോടൊപ്പമിരുത്തി ഭക്ഷണം കഴിപ്പിച്ചു! ഒരുമയുടെ സന്ദേശം വിപ്ലവവിളംബരമാക്കി. സ്വന്തം അമ്മയെക്കൊണ്ടു ആ ചെറുപ്പക്കാരനുകൂടി ചോറുവിളമ്പിക്കാനും, എച്ചിൽപാത്രം കഴുകിക്കാനും ആ പുണ്യാത്മാവിനു കഴിഞ്ഞു. ഇന്നും അത്ര എളുപ്പമല്ലാത്ത കർമം. സമുദായാചാര്യനാകാമെങ്കിൽ 'എനിയ്‌ക്കെന്തുകൊണ്ടായിക്കൂടാ' എന്ന നവോത്ഥാനസന്ദേശം സമുദായാംഗങ്ങളിലെങ്കിലും എത്തിക്കുകയായിരുന്നു മന്നത്തിന്റെ ദീർഘ വീക്ഷണം. ഹരിജനോദ്ധാരണം അദ്ദേഹം ജീവിതവ്രതമാക്കിയിരുന്നു.
ആറന്മുളയിൽ 89 വർഷം മുമ്പ് നടന്ന ഹിന്ദുമഹാസമ്മേളനത്തിൽ അദ്ദേഹം ആഹ്വാനം ചെയ്തു: 'കീഴ്ജാതിക്കാരുടെ അധഃപതനത്തിനു എല്ലാ ജാതിക്കാർക്കും ഏറെക്കുറെ ബാദ്ധ്യതയുണ്ടെങ്കിലും ഉയർന്നജാതിക്കാരാണ് കൂടുതൽ ത്യാഗം ചെയ്യേണ്ടത്. സവർണരുടെ കോട്ടപോലെ പരിലസിക്കുന്ന നായന്മാർക്കു ഈ വിഷയത്തിൽ കൂടുതൽ ബാദ്ധ്യതയുണ്ടെന്നാണെന്റെ അഭിപ്രായം.'
ചരിത്രം സൃഷ്ടിച്ച മഹാസമരങ്ങളായിരുന്നു വൈക്കം സത്യഗ്രഹവും ഗുരുവായൂർ സത്യഗ്രഹവും. രണ്ടും സവർണസമുദായത്തിനു വേണ്ടിയായിരുന്നില്ല. വൈക്കം ക്ഷേത്രത്തിനു സമീപംകൂടി അവർണർക്കു നടക്കാൻപോലും അവസരം നിഷേധിച്ചിരുന്നു. ടി.കെ. മാധവനും കെ.കേളപ്പനും കെ.പി. കേശവമേനോനും ഒക്കെയായിരുന്നു അനീതിക്കെതിരെയുള്ള സമരത്തിന്റെ തുടക്കക്കാർ. മന്നംകൂടി അണിചേർന്നതോടെയാണ് സമരം ജ്വലിക്കാൻ തുടങ്ങിയത്. അദ്ദേഹം പുതിയ സമരമുറ പ്രഖ്യാപിച്ചു.സവർണജാഥ! അവർണർക്കായി സവർണരേയും സംഘടിപ്പിച്ചുകൊണ്ടുള്ള റാലി - ഒപ്പുശേഖരണത്തോടുകൂടി തലസ്ഥാനത്തേക്ക് നീങ്ങി. 1924 നവംബറിൽ തലസ്ഥാനത്തെത്തിയപ്പോൾ, ജാഥാംഗങ്ങൾ 500 ൽ നിന്നും 5000 ആയി! 25000 സവർണർ ഒപ്പിട്ട നിവേദനം റീജന്റ് റാണിക്കു സമർപ്പിച്ചു. അതാണ് ക്ഷേത്രപ്രവേശന വിളംബരത്തിന് വഴിമരുന്നിട്ടതും.
ഗുരുവായൂർ സത്യഗ്രഹത്തിന്റെ സ്ഥിതിയും മറിച്ചല്ല. ഗുരുവായൂർ സമരപ്പന്തലിൽ മന്നം പ്രഖ്യാപിച്ചു. 'എത്രനാൾ നീണ്ടാലും ലക്ഷ്യം കണ്ടിട്ടേ ഈ സമരം അവസാനിപ്പിക്കൂ. നമ്പൂതിരിയോടൊപ്പം പുലയനും ക്ഷേത്രത്തിൽ കയറാനും,​ പറ്റുമെങ്കിൽ ശ്രീകോവിലിനുള്ളിൽ പ്രവേശിച്ച് വിഗ്രഹത്തെ തൊട്ടാരാധിക്കാനും വേണ്ടിയുള്ളതാണീ സമരം.'
1944 ഡിസംബറിൽ ചങ്ങനാശേരിയിൽ നടന്ന എസ്.എൻ.ഡി.പി. സമ്മേളനത്തിൽ മന്നം പ്രഖ്യാപിച്ചു. 'എനിക്കൊരു സ്വപ്നമുണ്ട്. വലിയൊരുസ്വത്ത് എനിക്കുണ്ടായാൽ കേരളത്തിലുടനീളം വീടുകൾവാങ്ങി അവിടെ കഴിവുള്ള അമ്മമാരെ നിയമിക്കും. നാട്ടിൽ പ്രസവിക്കുന്ന ഏതു ജാതിയിൽപ്പെട്ട സ്ത്രീകൾക്കും സ്വന്തം കുഞ്ഞിനെ ഈ വീട്ടിലെത്തിക്കാം. അങ്ങനെയായാൽ അവിടെ ഒരമ്മയുടെ മേൽനോട്ടത്തിൽ വളരുന്ന കുട്ടികൾ ഒരിക്കലും നമ്പൂതിരിയെന്നോ ഈഴവനെന്നോ പറയനെന്നോ നായരെന്നോ പറയില്ല. ഹിന്ദുവെന്നേ പറയൂ. ജാതിചിന്ത ഇല്ലാതാക്കാനുള്ള ഏകമാർഗം ഇതാണ്.'
ഇതുകൊണ്ടൊക്കെയാകണം, മുൻ മുഖ്യമന്ത്രി സി. അച്ചുതമേനോൻ പറഞ്ഞതും 'നമ്മൾ കമ്മ്യൂണിസ്റ്റുകാർ സോഷ്യലിസത്തിനായി പലതും ചെയ്യുന്നുണ്ട്. അതത്ര കാര്യമായി വിജയത്തിലെത്തിയിട്ടില്ല. പക്ഷേ, മന്നം ഇക്കാര്യത്തിൽ ബഹുദൂരം മുന്നിലാണ്.'
ഗൂഗിളിന്റെ ദൃഷ്ടിയിൽ, കേരളത്തിലെ നവോത്ഥാന നായകരുടെ 20 പേരടങ്ങിയ ലിസ്റ്റിൽ മന്നം ഒന്നാംസ്ഥാനത്താണ്. വൈക്കത്തും ഗുരുവായൂരും അതേ നിലയിൽത്തന്നെ. പക്ഷേ, കേരളത്തിൽ മന്നത്തെ നവോത്ഥാനനായകനായി അംഗീകരിക്കാൻ ചിലർക്കു വലിയ വിഷമമാണ്. പാർട്ടിസമ്മേളനങ്ങൾ വരുമ്പോൾ മാദ്ധ്യമവിമർശനങ്ങൾ ഏറുമ്പോൾ ഏതോ മൂലയ്ക്ക് മന്നം ചിത്രം വച്ചെങ്കിലായി. എന്തേ ഈ ക്രൂരമായ അവഗണന? പത്രപ്രവർത്തകനെന്ന നിലയിൽ എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. മന്നം സവർണനായതുകൊണ്ടാണോ? അദ്ദേഹത്തിന്റെ നവോത്ഥാന പ്രവർത്തനങ്ങൾ അവർണർക്കെതിരായിരുന്നോ?
അടിച്ചമർത്തപ്പെട്ടവരുടെ ഉന്നമനത്തിനായുള്ള പ്രവർത്തനമാണ് നവോത്ഥാനം. സ്വന്തം സമുദായത്തിന്റെ വളർച്ചയ്‌ക്കായുള്ള പ്രവർത്തനം, സമുദായപരിഷ്‌കരണം മാത്രമാണെങ്കിലും ഒരർത്ഥത്തിൽ അതും നവോത്ഥാനം തന്നെ. എന്നാൽ, തന്റെ സമുദായത്തേക്കാൾ താഴെത്തട്ടിലുള്ളവരുടെ ഉയർച്ചക്കുവേണ്ടി ജാതിനോക്കാതെ പ്രവർത്തിക്കുമ്പോഴാണ്, യഥാർത്ഥ നവോത്ഥാന പ്രവർത്തനമാകുന്നത്. ഈ അർത്ഥത്തിൽ , അവർണരെന്നോ കീഴാളരെന്നോ മുദ്രകുത്തി ചവിട്ടിമെതിക്കപ്പെട്ട സമുദായങ്ങൾക്കുവേണ്ടി, ഒരുപരിധിവരെ സ്വസമുദായത്തിലെ ചില എതിർപ്പുകൾപോലും കണക്കാക്കാതെ, പടപൊരുതിയ മന്നത്തേക്കാൾ മറ്റാരെയാണ് നവോത്ഥാന നായകനായി ചൂണ്ടിക്കാണിക്കാനാവുക?

മന്നം മുന്നോട്ടുവച്ച ദർശനങ്ങളുമായി എൻ.എസ്.എസ് ഇന്നും പ്രവർത്തിക്കുന്നതു ശ്ലാഘനീയമാണ്. ധൂർത്തിനും പൊങ്ങച്ചത്തിനുമായി കൈവശമുള്ള ഭൂമിമുഴുവൻ സ്തുതിപാഠകർക്കു സൗജന്യമായോ തുച്ഛവിലയ്‌ക്കോ നല്കി പരസ്പരവിശ്വാസമില്ലാത്തവരായി ആൽത്തറയിലും കടത്തിണ്ണയിലും ഡംബുപറഞ്ഞു അലസിത വിലസിതരായി ചുറ്റിനടന്ന സമുദായാംഗങ്ങളെ എൻ.എസ്.എസിന്റെ ഞാണിൽ കോർത്തിണക്കി മുന്നോട്ടു കൊണ്ടുപോയതു മന്നത്തിന്റെ ദീർഘവീക്ഷണമുള്ള സ്‌കീമിന്റേയും സിലബസിന്റേയും പിൻബലത്തോടെയാണ്.

നൂറുകണക്കിനു സ്‌കൂളുകളും കോളേജുകളും ആശുപത്രികളും വർക്കിംഗ് വിമൻസ് ഹോസ്റ്റലുകളും എസ്റ്റേറ്റുകളും ക്ഷേത്രങ്ങളുമടങ്ങുന്ന എൻ.എസ്.എസ് ഇന്ന് ഒരു പാരലൽ സർക്കാരിനെപ്പോലെ നീങ്ങുന്നതു 6500 ഓളം കരയോഗങ്ങളും 60 യൂണിയനുകളും 27 ഡയറക്ടർ ബോർഡംഗങ്ങളുമടങ്ങിയ സംഘടനാശക്തിയുടെ ഉരുക്കുകോട്ടയിൽ പടുത്തുയർത്തിയതുകൊണ്ടാണ്. സംഘടനാമേഖലയിൽ 99 ശതമാനത്തിലധികം തിരഞ്ഞെടുപ്പുകളും ഏകകണ്ഠമായാണ് നടക്കുക. ഡയറക്ടർ ബോർഡിലാകട്ടെ, മത്സരം നടന്നതായി ഓർക്കുന്നതേയില്ല.
സംഘടനയുടെ കെട്ടുറപ്പ് ബലപ്പെടുത്തി ആചാര്യന്റെ പാതയിലൂടെ മുന്നോട്ടു നയിക്കാൻ ജി. സുകുമാരൻ നായർ എന്ന ജനറൽ സെക്രട്ടറിക്കു കഴിയുന്നതു മന്നത്തിന്റെ ആത്മീയശക്തിയിൽനിന്നു പകർന്നുകിട്ടിയ ആത്മബലംകൊണ്ടു മാത്രമാണ്. ജി. സുകുമാരൻ നായർ പറയുന്ന വാക്കിൽ ഉറച്ചുനിൽക്കുകയും ആശയങ്ങളിൽ ചാഞ്ചാട്ടമില്ലാതിരിക്കുകയും ചെയ്യുന്നതാണ് സമുദായാംഗങ്ങളിലും പൊതുജനങ്ങളിലും അദ്ദേഹത്തിനുള്ള മതിപ്പ്. ആചാര്യനുശേഷം സമുദായത്തിനു ലഭിച്ച പുണ്യമാണ് ജി. സുകുമാരൻ നായർ. പ്രസിഡന്റ് ഡോ. എം. ശശികുമാർ, ട്രഷറർ അഡ്വ. എൻ.വി അയ്യപ്പൻപിള്ള എന്നിവരടങ്ങിയ ഡയറക്ടർ ബോർഡ്, ജനറൽ സെക്രട്ടറിയോടൊപ്പം ഒറ്റക്കെട്ടായി നിൽക്കുന്നതാണ് സമുദായത്തിന്റെ സമ്പത്ത്.

(മുതിർന്ന മാദ്ധ്യമപ്രവർത്തകനും എം.ജി. യൂണിവേഴ്‌സിറ്റി
ജേർണലിസം വകുപ്പ് മുൻ ഡയറക്ടറും എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗവുമാണ് ലേഖകൻ ഫോൺ: 9447230707)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MANNATHU PADMANABHAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.