SignIn
Kerala Kaumudi Online
Friday, 26 April 2024 7.15 PM IST

നവതി നിറവിൽ ശിവഗിരി തീർത്ഥാടനം

mooloor-s-padmanabha-pani

ഇലവുംതിട്ടയിലുള്ള മൂലൂർ വസതിയിൽ നിന്നും അഞ്ചംഗ തീർത്ഥാടകസംഘം മൂലൂരിന്റെ തൃതീയപുത്രൻ പി.കെ. ദിവാകരന്റെ നേതൃത്വത്തിൽ പീതാംബരധാരികളായി ശിവഗിരിയിൽ എത്തിച്ചേർന്നിട്ട് 90 വർഷം തികയുന്നു. അന്നത്തെ ധർമ്മസംഘം സെക്രട്ടറി സുഗുണാനന്ദഗിരി സ്വാമികളാണ് ശിവഗിരി തീർത്ഥയാത്രയ്ക്കു തുടക്കംകുറിച്ചെന്നുള്ള സാക്ഷ്യപത്രം നല്കിയത്.

ലക്ഷോപലക്ഷം ജനങ്ങളാണ് ഇന്ന് തീർത്ഥാടകരായി ശിവഗിരിയിൽ എത്തിച്ചേരുന്നത്.

ശിവഗിരി തീർത്ഥാടനം എന്ന ആശയത്തിന്റെ ഉറവിടം അന്വേഷിച്ചുചെന്നാൽ മൂലൂർ പത്മനാഭപ്പണിക്കരിൽ എത്തിച്ചേരും. മൂലൂരിന്റെ ജന്മശതാബ്ദി ഗംഭീരമായി ആഘോഷിക്കുന്നതിലും ശ്രദ്ധേയമായ സുവനീർ പ്രസിദ്ധീകരിക്കുന്നതിലും മൂലൂരിന്റെ കൃതികൾ പ്രസിദ്ധപ്പെടുത്തുന്നതിലും ശ്രദ്ധിച്ചിട്ടുള്ള സാഹിത്യകാരൻ എൻ.കെ. ദാമോദരൻ കേരളകൗമുദിയിൽ വർഷങ്ങൾക്കു മുമ്പ് ശ്രദ്ധേയമായ ഒരു ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'ശിവഗിരി തീർത്ഥാടനത്തിന്റെ ഉപജ്ഞാതാവ് ആര് ' എന്നായിരുന്നു തലക്കെട്ട്. - ശിവഗിരി തീർത്ഥാടനത്തെക്കുറിച്ച് ലേഖനത്തിലെ പ്രസക്തഭാഗങ്ങൾ ഇങ്ങനെ - 'ശ്രീനാരായണസങ്കേതം ഒരു തീർത്ഥാടനകേന്ദ്രമായാൽ അവിടത്തെ ആദർശങ്ങളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നതിന് അത് അത്യന്തം ഉപകരിക്കുമെന്ന് മൂലൂർ കണ്ടിരുന്നു. അദ്ദേഹത്തിന്റെ ദൃഷ്ടിയിൽ ശിവഗിരി പോലൊരു പുണ്യഭൂമി വേറേയില്ല. '

ഗുരുദേവന് 70 വയസു തികയുന്ന സന്ദർഭത്തിൽ എഴുതിത്തുടങ്ങിയ ഡയറിയിൽ മൂലൂർ ഗുരുദേവന്റെ സപ്തതി സംബന്ധിച്ച് രണ്ട് ശ്ളോകങ്ങൾ തയ്യാറാക്കിയിരുന്നു.

ഇന്നു മൂലൂർ വസതി സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്മാരകമായി മാറിക്കഴിഞ്ഞു. മൂലൂർ വസതി ശിവഗിരി തീർത്ഥാടന പ്രഭവകേന്ദ്രമായതിനാൽ തീർത്ഥാടന സമ്മേളനവേദിയിൽ സ്ഥാപിക്കാനുള്ള ഗുരുദേവവിഗ്രഹം അവിടെനിന്നു കൊണ്ടുവരാനും തീർത്ഥാടനാനന്തരം തിരികെക്കൊണ്ടുപോയി മൂലൂർ സ്മാരകത്തിൽ സൂക്ഷിക്കാനുമുള്ള അനുവാദം അന്നത്തെ ധർമ്മസംഘം പ്രസിഡന്റ് പ്രകാശാനന്ദ സ്വാമികളിൽനിന്നും സെക്രട്ടറി ഋതംഭരാനന്ദ സ്വാമികളിൽനിന്നും ലഭിച്ചിട്ടുണ്ട്. 11 വർഷം മുമ്പ് ഇതുസംബന്ധിച്ച് എല്ലാ സഹായങ്ങളും ചെയ്തുതന്നത് ഇന്നത്തെ മഠാധിപതി സച്ചിദാനന്ദ സ്വാമികളാണ്. ഗുരുദേവവിഗ്രഹം പഞ്ചലോഹത്തിൽ നിർമ്മിക്കാനും കൊണ്ടുപോകാനും തിരികെയെത്തിക്കാനുമുള്ള രഥം സജ്ജീകരിക്കുന്നതു സംബന്ധിച്ച ഉത്തരവാദിത്വങ്ങൾ പൂർത്തീകരിക്കുന്നതിനും അന്നത്തെ സെക്രട്ടറിയെന്ന നിലയിൽ ലേഖകനു ഭാഗ്യം ലഭിച്ചിട്ടുണ്ട്.

ഈ വർഷം 90 പേരിൽ കുറയാത്ത തീർത്ഥാടകസംഘം 90 വർഷം മുമ്പത്തേപ്പോലെ പദയാത്രയായി ഇന്നു വൈകുന്നേരം ഗുരുദേവ വിഗ്രഹരഥവുമായി ശിവഗിരിയിൽ എത്തിച്ചേരും.

ശ്രീനാരായണഗുരുവിന്റെ പാത പിന്തുടർന്ന കേരളീയ നവോത്ഥാനശില്പികളിൽ പ്രാതസ്‌മരണീയനായ മൂലൂർ അധഃസ്ഥിത സമുദായങ്ങളുടെ ഉന്നമനത്തിനായി ജീവിതാന്ത്യം വരെ പ്രവർത്തിച്ചിരുന്നു. സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവർക്കും കഥകളിയിൽ താത്‌പര്യം ജനിപ്പിക്കുന്നതിനായി സ്വന്തം ചെലവിൽ ഒരു കഥകളിക്കളരി സ്വന്തം വീടിനോടു ചേർന്ന് അദ്ദേഹം നടത്തിയിരുന്നു. അതുകാരണം 'കളരിവീട്" എന്ന അപരനാമധേയം കൂടി മൂലൂർ വസതിക്കുണ്ട്.

120 വർഷം മുമ്പ് മൂലൂർ രചിച്ച കൃഷ്ണാർജ്ജുനവിജയം ആട്ടക്കഥ തിരുവനന്തപുരം 'മാർഗി" രംഗത്തവതരി​പ്പി​ക്കാൻ മുന്നോട്ടുവന്നി​ട്ടുണ്ട്. മൂലൂർ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളും ഇതി​ന്റെ പി​ന്നിലുണ്ട്. ഇതി​ന്റെ അരങ്ങേറ്റം മൂലൂരി​ന്റെ 153-ാമതു ജയന്തി സന്ദർഭത്തിൽ സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുകയും തുടർന്ന് പല വേദികളിലും അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ശിവഗിരി തീർത്ഥാടന നവതിയോടനുബന്ധിച്ച് 30 ന് രാത്രി ഈ കഥ മാർഗി അവതരിപ്പിക്കുകയാണ്. ഇതിന്റെ സമർപ്പണം മൂലൂർ കുടുംബമാണ് നിർവഹിക്കുന്നത്.

ശിവഗിരി തീർത്ഥാടനമെന്ന ആശയത്തിന്റെ ഉറവിടം എന്ന നിലയ്ക്ക് മൂലൂർ പത്മനാഭപ്പണിക്കർ ,നാഗമ്പടം ക്ഷേത്രസന്നിധിയിൽ വച്ച് ഗുരുദേവന്റെ അനുമതി തേടിയ കിട്ടൻ റൈട്ടർ ,വല്ലഭശ്ശേരി ഗോവിന്ദൻ വൈദ്യർ ആദ്യ തീർത്ഥാടകരായ പി.കെ.ദിവാകരൻ, പി.വി. രാഘവൻ, എം. കെ. രാഘവൻ, കെ. എസ്. ശങ്കുണ്ണി, പി.കെ. കേശവൻ എന്നിവരുടെ ചിത്രങ്ങൾ സ്ഥാപിക്കുന്നതിനുതകുന്ന ഒരു തീർത്ഥാടന നവതിമന്ദിരം ശിവഗിരിയിൽ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു.

ലേഖകൻ മൂലൂർ ഫൗണ്ടേഷൻ സെക്രട്ടറിയാണ് ഫോൺ - 9995778969

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MOOLOOR S PADMANABHA PANICKER
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.