SignIn
Kerala Kaumudi Online
Friday, 26 April 2024 9.15 PM IST

പക്ഷമില്ലാത്ത പ്രതിപക്ഷം

photo

ഭരിക്കുന്നവരുടെ അലംഭാവത്തിനും അഹങ്കാരത്തിനും അഴിമതിക്കുമുള്ള മികച്ച മറുമരുന്നാണ് ജനാധിപത്യത്തിൽ ക്രിയാത്മക പ്രതിപക്ഷം. 'ഭരണം കാത്തിരിക്കുന്നവർ' എന്നാണ് പാർലമെന്ററി ജനാധിപത്യത്തിൽ പ്രതിപക്ഷത്തെക്കുറിച്ച് പറയാറ്. ഭരണത്തിൽ തിരുത്തൽ ശക്തിയായി നിലകൊള്ളുന്ന പ്രതിപക്ഷമാണ് ജനാധിപത്യത്തെ അർത്ഥപൂർണമാക്കുന്നത്. ഭരണക്കാരുടെ അധികാര ദുർവിനിയോഗം, സാമ്പത്തിക ക്രമക്കേടുകൾ തുടങ്ങിയവ തുറന്നുകാട്ടാനും ഇക്കാര്യങ്ങളെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കാനും പ്രതിപക്ഷത്തിനാവണം. അതുവഴി സർക്കാരിനെ സമൂഹത്തോട് ഉത്തരവാദിത്തമുള്ളവരാക്കാൻ പ്രതിപക്ഷത്തിനു കഴിയും.

ദൗർഭാഗ്യവശാൽ കേരളത്തിൽ ഇന്നുള്ളത് ക്രിയാത്മക പ്രതിപക്ഷത്തെക്കാൾ 'സഹകരണാത്മക പ്രതിപക്ഷ'മാണ്. പ്രതിപക്ഷനേതാവു തന്നെ ഇക്കാര്യം സമ്മതിച്ചിട്ടുള്ളതാണ്. കള്ളക്കടത്തും കള്ളപ്പണവുമായി കമ്മ്യൂണിസ്റ്റ് പാർട്ടി അഴിമതിയുടെ സകലസീമയും ലംഘിക്കുമ്പോൾ മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് ആശയക്കുഴപ്പത്തിലാണ്. ഭരണഘടനയെയും രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെയും വെല്ലുവിളിക്കുന്ന നിലപാടുമായി സി.പി.എം മുന്നോട്ടു പോകുമ്പോൾ, ആറു ദശാബ്ദം രാജ്യം ഭരിച്ച കോൺ‍ഗ്രസ് പാർട്ടി നിലപാടില്ലാതെ പരുങ്ങുന്നു. അല്ലെങ്കിൽ മുസ്ലീം ലീഗിന്റെ പിന്നിലൊളിക്കുന്നു!

സ്വർണക്കടത്തു കേസ് മുതൽ ഇ.പി ജയരാജനെതിരായ കള്ളപ്പണ ആരോപണം വരെയുള്ളവയിലെ കോൺഗ്രസ് നിലപാട് പരിശോധിച്ചാൽ ഇത് വ്യക്തമാകും. സ്വർണകള്ളക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി അഴിക്കുള്ളിലായിട്ടും കേന്ദ്ര ഏജൻസികളുടെ വിശ്വാസ്യത ചോദ്യം ചെയ്യാനാണ് കോൺഗ്രസ് തുനിഞ്ഞത്. മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തിൽ പങ്കാളിയാവുക എന്ന ഗുരുതര സാഹചര്യം ജനങ്ങളിലേക്കെത്തിക്കാൻ ഭാരതീയ ജനതാ പാർട്ടി ശ്രമിച്ചപ്പോൾ കേന്ദ്ര ഏജൻസികളുടെ വിശ്വാസ്യത മുഖ്യവിഷയമാക്കി കോൺഗ്രസും യു.ഡി.എഫും പിണറായിക്ക് കാവലായി.

'കേന്ദ്ര ഏജൻസികൾ വേട്ടയാടുന്നു' എന്ന ഇരവാദം ഉന്നയിക്കാൻ കമ്മ്യൂണിസ്റ്റ് നേതാക്കൾക്കു സാധിച്ചത് കോൺഗ്രസ് പിന്തുണച്ചതിനാലാണ്. രാജ്യാന്തര മാനങ്ങളുള്ള ഒരു കേസിന്റെ നടപടികൾ തുടരവെ, 'കേസ് ഒത്തുതീർപ്പാക്കി' എന്ന വ്യാജപ്രചാരണം നടത്തുന്ന കോൺഗ്രസ് ആരെയാണ് രക്ഷിക്കാൻ ശ്രമിക്കുന്നത്? കിഫ്ബിയുടെ മസാല ബോണ്ടുകൾ വിദേശനാണ്യ വിനിമയ ചട്ടത്തിന് പുറത്താണോ എന്ന ഇ.ഡി അന്വേഷണത്തിനെതിരെ സർക്കാരിനെക്കാൾ ആവേശത്തോടെ രംഗത്തിറങ്ങിയത് പ്രതിപക്ഷ നേതാവായിരുന്നു.

മസാല ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്നും സംസ്ഥാനത്തിന് വിദേശവായ്പയെടുക്കാനാവില്ലെന്നും സി.എ.ജി തന്നെ വ്യക്തമാക്കിയതാണ്. കിഫ്ബിക്കെതിരെ അന്വേഷണം നടത്താൻ ഇ.ഡിക്ക് അവകാശമില്ലെന്ന തോമസ് ഐസക്കിന്റെ വാദത്തിന്റെ മുഖ്യപ്രചാരകനായി, വി.ഡി സതീശൻ. ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ടിലെ (1999) സെക്ഷൻ 37 (1) പ്രകാരം അന്വേഷിക്കാമെന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയെ ബോദ്ധ്യപ്പെടുത്തുകയുണ്ടായി. കേരളത്തെ കടക്കെണിയിലേക്കു തള്ളിവിടുന്ന മസാല ബോണ്ട് ഇടപാടിൽ മുൻ ധനമന്ത്രിയെ സംരക്ഷിക്കാൻ കോൺഗ്രസ് നേതാവ് ശ്രമിച്ചത് എന്തിനാണ്?

പറവൂർ മണ്ഡലത്തിലെ പുനർജനി പദ്ധതിയുടെ പേരിൽ സതീശൻ നടത്തിയ വിദേശയാത്രയും ഫണ്ട് ശേഖരണവും അന്വേഷിക്കപ്പെടേണ്ടതാണെന്ന് സി.പി.എം അംഗങ്ങൾ തന്നെ നിയമസഭയിൽ ഉന്നയിച്ചിട്ടും പിണറായി വിജയൻ മൗനം തുടരുന്നത് ഇതുമായി ചേർത്തു വായിക്കണം. സർക്കാർ– പ്രതിപക്ഷ ഒത്തുകളി പിന്നീടു കണ്ടത്, സർവകലാശാലകളുടെ തലപ്പത്തുനിന്ന് ഗവർണറെ മാറ്റുന്ന ബില്ലിലാണ്. സി.പി.എം നേതാക്കളുടെ അഴിമതിയും സ്വജനപക്ഷപാതവും ചോദ്യം ചെയ്തതിനാണ് ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റിയതെന്നിരിക്കെ പ്രതിപക്ഷം സർക്കാരിനൊപ്പം നിന്നു. ഫലത്തിൽ, സർവകലാശാലകളിൽ അഴിമതിയും ബന്ധുനിയമനവും നടത്താൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വി.ഡി സതീശനും കൂട്ടരും ഒത്താശചെയ്തു!

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ 'സർവകലാശാലകളെ കാവിവത്കരിക്കാൻ' ശ്രമിക്കുന്നു എന്ന കമ്മ്യൂണിസ്റ്റ് കള്ളപ്രചാരണം യു.ഡി.എഫ് നേതാക്കൾ, പ്രത്യേകിച്ച് പ്രതിപക്ഷ നേതാവ് ഏറ്റുപാടി. യു.ഡി.എഫിന്റെ നിയന്ത്രണം കയ്യാളുന്ന മുസ്ലീം ലീഗിന്റെയും കുഞ്ഞാലിക്കുട്ടിയുടെയും സമ്മർദ്ദം കൂടിയായപ്പോൾ മുഖ്യമന്ത്രിക്കു മുന്നിൽ പ്രതിപക്ഷനേതാവ് മുട്ടുകുത്തി. സർവകലാശാലകളിൽ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ 'കാവിവത്കരണം' എന്തെന്ന ഭാരതീയ ജനതാ പാർട്ടിയുടെ ചോദ്യത്തിന് ഈ നിമിഷം വരെയും ഉത്തരം നൽകാൻ കോൺഗ്രസ് നേതാക്കൾക്ക് ആയിട്ടില്ല.

സർവകലാശാലകളെ കമ്മ്യൂണിസ്റ്റ്‌വത്കരിക്കാനും യോഗ്യരായ ചെറുപ്പക്കാർക്ക് അവസരം നിഷേധിക്കാനുമുള്ള സർക്കാർ ശ്രമത്തെ തുറന്നുകാട്ടാനുള്ള അവസരം പ്രതിപക്ഷം ബോധപൂർവം പാഴാക്കി. ഇ.പി.ജയരാജനെതിരായ കള്ളപ്പണ ആരോപണത്തിലും കേരളത്തിലെ ഭരണ– പ്രതിപക്ഷ ഒത്തുകളി നമ്മൾ കാണുന്നു. കമ്മ്യൂണിസ്റ്റ് നേതാവിന് കോടികളുടെ നിക്ഷേപം എന്ന വാർത്ത പുറത്തുവന്ന് മൂന്നാംദിവസമാണ് കേരളത്തിലെ പ്രതിപക്ഷം മടിച്ചുമടിച്ച് വാ തുറന്നത്. അവിടെയും 'കേന്ദ്ര ഏജൻസികൾ അന്വേഷിക്കരുത് 'എന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് ആദ്യം പറഞ്ഞത്.

ഇ.ഡി അന്വേഷണത്തോട് വിയോജിപ്പില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞെങ്കിലും അഭിപ്രായ ഐക്യത്തിലെത്താൻ കോൺഗ്രസിനായില്ല. ഇ.പി ജയരാജന്റെ അനധികൃത സ്വത്ത് സമ്പാദനം സി.പി.എമ്മിന്റെ ആഭ്യന്തര പ്രശ്നമാണെന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത് ! സ്രോതസ് വ്യക്തമല്ലാത്ത കോടികൾ കുഞ്ഞാലിക്കുട്ടിക്ക് പാർട്ടിക്കാര്യം മാത്രമാകുന്നതിൽ അദ്ഭുതമില്ല. കള്ളപ്പണത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന പോരാട്ടത്തോട് പൊതുവെ അസഹിഷ്ണുത പുലർത്തുന്നവരാണ് ഇവരെല്ലാം. രാജ്യത്ത് തൊഴിൽ നിഷേധം എന്ന വ്യാജ ആരോപണവുമായി രാഹുൽഗാന്ധി നടക്കുമ്പോൾ തിരുവനന്തപുരം നഗരസഭയിലെ നിയമനക്കത്ത് വിവാദത്തിൽ ശക്തമായ സമരത്തിനു പോലും യു.ഡി.എഫ് യുവജന സംഘടനകൾ തയ്യാറായില്ല എന്നതുമോർക്കണം. ഭാരതീയ ജനതാ പാർട്ടിയാണ് സി.പി.എമ്മിന്റെ അഴിമതി നിയമനങ്ങൾക്കെതിരെ സമരം ചെയ്യുന്നത്.

നിലപാടുകളിലെ കാപട്യമാണ് രാജ്യത്താകെ കോൺഗ്രസിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തിയത്. ചൈന ഇന്ത്യൻ മണ്ണിൽ കടന്നുകയറിയെന്ന് നരേന്ദ്ര മോദിയെ ആക്ഷേപിക്കുന്നവർ യു.പി.എ ഭരണകാലത്ത് ചൈന നടത്തിയിട്ടുള്ള കയ്യേറ്റങ്ങളെക്കുറിച്ച് മൗനം നടിക്കുന്നു. ശബരിമല യുവതീ പ്രവേശനവും ഏകീകൃത സിവിൽ കോഡും കശ്മീരുമടക്കം വിവിധ വിഷയങ്ങളിൽ കോൺഗ്രസിന്റെ നിലപാടുകളിലെ സ്ഥിരതയില്ലായ്മ ചരിത്രം വ്യക്തമാക്കുന്നു. ഓരോ തിരഞ്ഞെടുപ്പു കഴിയുമ്പോളും ജനം ആ പാർട്ടിയെ തള്ളിക്കളയുന്നതും അതിനാൽത്തന്നെ. ഈ നിലപാട് തുടർന്നാൽ കേരളത്തിലും അതുതന്നെയാവും കോൺഗ്രസിന്റെ ഗതിയെന്നതിൽ സംശയമില്ല. നിലപാടുകളിൽ വ്യക്തതയുള്ള, പ്രതിസന്ധിഘട്ടത്തിൽ ജനങ്ങൾക്കൊപ്പം നിൽക്കുന്ന രാഷ്ട്രീയ പാർട്ടികളാണ് കാലഘട്ടത്തിന്റെ ആവശ്യം. ആ തിരിച്ചറിവ് പുതുവർഷത്തിൽ മലയാളിക്കുണ്ടാവുമെന്നുറപ്പ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA OPPOSITION
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.