സോണാലിയുടെ മലയാള പ്രവേശം
മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടെ വാലിബൻ എന്ന ചിത്രത്തിൽ മറാത്ത നടി സോണാലി കുൽക്കർണിയും ബോളിവുഡ് താരം രാധിക ആപ്തെയും. സോണാലിയുടെ ആദ്യ മലയാള ചിത്രമാണ്. ഇതിഹാസമായ മോഹൻലാലിനും മഹാപ്രതിഭയായ ലിജോ ജോസ് പെല്ലിശേരിക്കും ഒപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചതിന്റെ സന്തോഷം സോണാലി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു.
ബോളിവുഡിലും കന്നടയിലുംമാത്രമല്ല ഇംഗ്ളീഷ് സിനിമകളിലും ഗുജറാത്തി ചിത്രങ്ങളിലും വേഷമിട്ട സോണാലി നിർമ്മാതാവ്, എഴുത്തുകാരി എന്നീ നിലകളിലും തിളങ്ങുന്നു. ചെൽവി എന്ന കന്നട ചിത്രത്തിൽ ഗിരീഷ് കർണാടിനൊപ്പം അഭിനയിച്ചാണ് വെള്ളിത്തിരയിൽ എത്തുന്നത്. മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ അവാർഡ് ചെൽവിക്കു ലഭിച്ചു.
മലയാളി താരം വിനീതിന്റെ നായികയായി മേ മാധം എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
ഹരം എന്ന ഫഹദ് ഫാസിൽ ചിത്രത്തിലൂടെയാണ് രാധിക മലയാളത്തിലേക്ക് എത്തുന്നത്.മോഹൻലാലും ലിജോ ജോസ് പെല്ലിശേരിയും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിൽ ഉലകനായകൻ കമൽഹാസൻ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ആമേനുശേഷം പി.എസ് റഫീക്കിന്റെ രചനയിൽ ഒരുങ്ങുന്ന ലിജോ ചിത്രത്തിന്റെ ചിത്രീകരണം ജനുവരി 10ന് രാജസ്ഥാനിൽ ആരംഭിക്കും.
ബോളിവുഡ് താരം വിദ്യുത് ജംവാൾ സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മധു നീലകണ്ഠൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ചുരുളിക്കുശേഷം ലിജോയും മധു നീലകണ്ഠനും വീണ്ടും ഒരുമിക്കുകയാണ്. ഷിബു ബേബി ജോണിന്റെ ഉടമസ്ഥതയിൽ ആരംഭിച്ച ജോൺ മേരി ക്രിയേറ്റീവ് ലിമിറ്റഡിനൊപ്പം മാക്സ് ലാബ് സിനിമാസ്, ആമേൻ മൂവി മോൺസ്റ്ററി, സെഞ്ച്വറി ഫിലിംസ് എന്നിവർ ചേർന്നാണ് നിർമ്മാണം.
ജോൺ മേരി ക്രിയേറ്റീവിന്റെ ആദ്യ നിർമ്മാണ സംരംഭമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |