SignIn
Kerala Kaumudi Online
Friday, 19 April 2024 6.18 PM IST

കടലാസിലൊതുങ്ങുന്ന ഭക്ഷ്യസുരക്ഷ

photo

ചെറിയൊരു ഇടവേളയ്ക്കുശേഷം സംസ്ഥാനത്തെ ഭക്ഷണശാലകളിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും വ്യാപക റെയ്‌ഡ് നടക്കുകയാണ്. കോട്ടയം മെഡിക്കൽ കോളേജിൽ നഴ്‌സായിരുന്ന രശ്‌മി രാജ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചതാണ് ഇതിനു നിമിത്തമായത്. മുപ്പത്തിമൂന്നുകാരിയായ രശ്‌മി കോട്ടയത്തെ ഭക്ഷണശാലയിൽനിന്ന് അൽഫാം ഓർഡർ ചെയ്ത് കഴിച്ചതോടെയാണ് രോഗബാധിതയായതും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞതും. ആന്തരികാവയവങ്ങളെ ബാധിച്ച ഗുരുതര അണുബാധയാകാം മരണകാരണമെന്നാണു പ്രാഥമിക നിഗമനം. രാത്രി കഴിച്ച ഭക്ഷണത്തിൽ നിന്നാകാം അണുബാധയെന്നു കരുതുന്നു. ആന്തരികാവയവങ്ങളുടെ സൂക്ഷ്‌മപരിശോധന പൂർത്തിയായാലേ യഥാർത്ഥ കാരണം വെളിപ്പെടൂ. അനേകം വർഷങ്ങളുടെ ജീവിതം ശേഷിച്ചിരുന്ന യുവതിയുടെ ദാരുണാന്ത്യം ബന്ധുമിത്രാദികളെ മാത്രമല്ല വാർത്തയറിഞ്ഞ സകലരെയും ദുഃഖിപ്പിക്കുന്നു.

അരുതാത്തതോ നടക്കാൻ പാടില്ലാത്തതായോ ആയ സംഭവമുണ്ടാകുമ്പോഴാണല്ലോ ഉത്തരവാദപ്പെട്ടവരുടെ കർത്തവ്യബോധം സടകുടഞ്ഞെണീക്കാറുള്ളത്. ചൊവ്വാഴ്ച സംസ്ഥാനത്താകെ ഭക്ഷണശാലകളിൽ തിരുതകൃതിയായ പരിശോധനയായിരുന്നു. ചെറുതും വലുതുമായ അഞ്ഞൂറോളം ഭക്ഷണശാലകളിലേക്ക് ഉദ്യോഗസ്ഥർ പാഞ്ഞെത്തി പരിശോധന നടത്തി. വൃത്തിഹീനമെന്നു കണ്ടെത്തിയ 43 ഭക്ഷണശാലകൾ അടച്ചുപൂട്ടി. നൂറിലേറെ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ശേഖരിച്ച ഭക്ഷ്യസാമ്പിളുകൾ പരിശോധനയ്ക്കയച്ചു. ബുധനാഴ്ചയും റെയ്‌ഡ് തുടർന്നെന്നാണ് വിവരം. ഒന്നുരണ്ടു ദിവസത്തെ ആയുസ് മാത്രമേ ഇത്തരം പരിശോധനകൾക്കും അടച്ചുപൂട്ടലിനും ഉള്ളൂ. രശ്‌മിയുടെ മരണം വിസ്‌മൃതമാകുമ്പോഴേക്കും റെയ്‌ഡ് ആവേശവും കെട്ടടങ്ങും. കഴിഞ്ഞ മേയ് 22 ന് കാസർകോട് ഷവർമ്മ കഴിച്ച് ദേവനന്ദ എന്ന വിദ്യാർത്ഥിനി മരിച്ചപ്പോഴും റെയ്ഡും ലൈസൻസ് റദ്ദാക്കലുമൊക്കെ നടന്നതാണ്. എന്നിട്ടെന്തുണ്ടായി? കഷ്ടപ്പെട്ടും കടം വാങ്ങിയും പ്രവർത്തിച്ചിരുന്ന കടകൾക്ക് കുറെക്കാലം പൂട്ടുവീണു. ചിലരെങ്കിലും എന്നന്നേയ്ക്കുമായി ഈ രംഗം വിട്ടു. അധികംപേരും പുതിയ വിലാസത്തിൽ തൊഴിലിൽ പിടിച്ചുനിന്നു.

രണ്ടുദിവസമായി നടന്ന റെയ്‌ഡുകളിൽ ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന കുറെ കടകളും കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. കട ഉടമകളാണോ ലൈസൻസോടെയാണോ കടകൾ പ്രവർത്തിക്കുന്നതെന്നു ഉറപ്പുവരുത്തേണ്ട ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണോ ഈ വിഷയത്തിൽ കുറ്റക്കാർ. ? ലൈസൻസിന്റെ പേരിൽ നടക്കുന്ന കൈക്കൂലിയും പിടിച്ചുപറിയും എല്ലാവർക്കുമറിയാം. ലൈസൻസോടെ പ്രവർത്തിക്കുന്ന ഭക്ഷണശാലകളിൽ കാണുന്ന വൃത്തികേടുകൾക്കും രോഗം പരത്തുന്ന ചുറ്റുപാടുകൾക്കും നടത്തിപ്പുകാരെ മാത്രം കുറ്റം പറഞ്ഞിട്ടും കാര്യമില്ല. ഇത്തരം കാര്യങ്ങൾ നോക്കാനായി മാത്രം നിലവിൽവന്ന ഭക്ഷ്യസുരക്ഷാവകുപ്പ് എന്താണു ചെയ്തുകൊണ്ടിരിക്കുന്നത്.

ഉത്സവ സീസണിൽ കച്ചവടക്കാരെ പേടിപ്പിക്കാനായി ചിലതൊക്കെ ചെയ്യുന്നുണ്ട്. സീസൺ കഴിഞ്ഞാൽ ഇക്കൂട്ടരെ കാണണമെങ്കിൽ എവിടെയെങ്കിലും ഭക്ഷ്യവിഷബാധയുണ്ടാകണം. ഭക്ഷണശാലകൾ അങ്ങേയറ്റം വൃത്തിയോടെയിരിക്കേണ്ടത് പൊതുജനാരോഗ്യ സംരക്ഷണത്തിന് അനിവാര്യമാണ്. ഭക്ഷ്യസുരക്ഷാവിഭാഗവും തദ്ദേശസ്ഥാപനങ്ങളും നിരന്തരം ജാഗ്രത പുലർത്തിയാലേ അവ മാനദണ്ഡങ്ങൾപാലിച്ച് പ്രവർത്തിക്കൂ. പരിശോധനയ്ക്ക് ആരും എത്തില്ലെന്ന് അറിയാവുന്നതുകൊണ്ടാണ് പലരും എന്തു അതിരുവിട്ട നടപടിക്കും മുതിരുന്നത്. നേരെമറിച്ച് കൃത്യമായ ഇടവേളകളിൽ പരിശോധന ഉറപ്പാക്കിയാൽ നല്ലതോതിൽ മാനദണ്ഡങ്ങൾ പാലിച്ചു പ്രവർത്തിക്കാൻ ഉടമകൾ തയ്യാറാകും.

ഭക്ഷണത്തിലെ മായം മലയാളികൾ നേരിടുന്ന ഏറ്റവും വലിയ ആരോഗ്യഭീഷണിയാണ്. പച്ചക്കറിയിലും മാംസത്തിലും മത്സ്യത്തിലുമൊക്കെ വലിയതോതിൽ മായം അടങ്ങിയിട്ടുണ്ട്. ഇവ ഉപയോഗിച്ച് ആഹാരസാധനങ്ങൾ പാകം ചെയ്യുന്നിടത്തും മനുഷ്യശരീരത്തിന് ദോഷകരമായ പലതും കടന്നുകൂടുന്നുണ്ട്. മലയാളികൾ ഇതുവരെ കേട്ടിട്ടില്ലാത്ത പല രോഗങ്ങൾക്കും അടിസ്ഥാനം ഭക്ഷണശീലങ്ങളിൽ വന്ന മാറ്റമാണെന്ന് വിദഗ്ദ്ധർ പറയുന്നത് വളരെ ശരിയാണ്. വിഷമില്ലാത്ത ആഹാരം ജനങ്ങളുടെ അവകാശമാണ്. അത് ഉറപ്പാക്കേണ്ട ചുമതല ഭരണകൂടത്തിനുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FOOD SAFETY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.