പാലക്കാട്: ക്രിസ്‌മസും പുതുവത്സരാഘോഷവും പിന്നിട്ടിട്ടും ഇറച്ചിക്കോഴി വില ഉയർന്നു തന്നെ. കിലോയ്ക്ക് 200 രൂപ വരെയാണ് വില. ശബരിമല സീസൺ അവസാനിക്കുന്നതോടെ ഇനിയും കൂടുമെന്നാണ് വിപണി നൽകുന്ന സൂചന. കഴിഞ്ഞാഴ്ചകളിൽ ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കടകളിൽ വലിയ തിരക്കായിരുന്നു. ഹോട്ടലുകളിൽ നിന്നുൾപ്പെടെ വലിയ ഓർഡറുകളും ലഭിച്ചിരുന്നു. നിലവിൽ കോഴിക്ക് 125 രൂപയാണ് മൊത്തവില്പന വില. ചില്ലറ വില്പന വില 135-140 രൂപ.
കോഴിക്കുഞ്ഞിന്റെ വില, തൊഴിലാളികളുടെ വേതനം, വൈദ്യുതി നിരക്ക്, മരുന്ന് എന്നീ ചെലവുകളും വർദ്ധിച്ചതോടെ കർഷകർ പലരും മേഖലയിൽ നിന്ന് പിന്തിരിഞ്ഞു. ഇതോടെ ഉല്പാദനം കുറഞ്ഞു. നാമമാത്രമായ കർഷകർ മാത്രമാണ് സംസ്ഥാനത്ത് കോഴി ഫാം നടത്തുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള കോഴി വരവും കുറഞ്ഞു. ഇതോടെ ക്ഷാമം നേരിടുന്ന സ്ഥിതിയായി. പക്ഷിപ്പനി പോലുള്ളവ റിപ്പോർട്ട് ചെയ്തതും ക്ഷാമം രൂക്ഷമാക്കി. ഫാമുകൾ തകർന്നതും ഉല്പാദനം വൻതോതിൽ കുറഞ്ഞതും വീണ്ടും മറ്റ് സംസ്ഥാനങ്ങളെ ആശ്രയക്കേണ്ട സ്ഥിതിയിലെത്തിച്ചിരിക്കുകയാണ്.
കോഴിത്തീറ്റ വില ഉയരുന്നു
കോഴിത്തീറ്റയിലെ അധിക ചെലവാണ് വില വർദ്ധനയ്ക്ക് പ്രധാന കാരണം. കോഴിത്തീറ്റയ്ക്ക് ആറുമാസം മുമ്പ് 2,000 രൂപയായിരുന്നു വില. ഇപ്പോഴത് 2,350 രൂപയായി. 350 രൂപയുടെ വർദ്ധനവ്. കഴിഞ്ഞ സീസണിൽ പഞ്ചാബ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ ചോളം കർഷകർ സമരത്തിലായിരുന്നത് മൂലം വിളവെടുക്കാൻ സാധിച്ചില്ല. ചോളമാണ് കോഴിത്തീറ്റ നിർമ്മാണത്തിലെ പ്രധാന വസ്തു. ഭൂരിഭാഗം കമ്പനികളും കോഴിത്തീറ്റയിൽ 60 ശതമാനം ചോളമാണ് ഉപയോഗിക്കുന്നത്. ഇതും വില വർദ്ധിക്കാൻ കാരണമായി.
മണ്ഡലകാലം കഴിയുമ്പോൾ ഇനിയും വിലകൂടും. ക്രിസ്‌മസ് അവധിക്കാലത്ത് ചിക്കന് ആവശ്യക്കാർ കൂടുതലായിരുന്നു. വേനലും മണ്ഡലകാലവും മുൻനിറുത്തി കേരളത്തിലെ കർഷകർ കോഴിയെ വളർത്തിയിരുന്നില്ല. ഇത് ക്ഷാമത്തിന് കാരണമായി.-എസ്.കെ.നസീർ, സംസ്ഥാന ജനറൽ സെക്രട്ടറി, ഓൾ കേരള പൗൾട്രി ഫെഡറേഷൻ.
കോഴി വില
മൊത്തവില: 125 - 128
ചില്ലറ വില്പന വില: 135 - 140
ഇറച്ചി: 200
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |