തൃക്കാക്കര: നഗര സഭയിൽ നടപ്പാതയും പൊതുകാനയും അടക്കമുള്ള ഭാഗങ്ങൾ അടച്ചുകെട്ടി അനധികൃത നിർമ്മാണവും കച്ചവടവും നടത്തുന്നുവെന്ന് ആക്ഷേപം. കാക്കനാട് നഗരസഭാ ഷോപ്പിംഗ് കോംപ്ലെക്സിലെ ചില കച്ചവടക്കാർ നടപ്പാത കൈയ്യേറി ദിവസ വാടകയ്ക്ക് കൊടുത്ത് ആയിരങ്ങൾ സമ്പാദിക്കുന്നുമുണ്ടത്രെ.
എൻ.ജി .ഒ ക്വാർട്ടേഴ്‌സ് ഷോപ്പിംഗ് കോംപ്ലെക്സിൽ നടപ്പാത കൈയേറ്റം വ്യാപകമാണ്.
നഗരസഭ കടമുറികളിൽ നടത്തിയ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുമാറ്റണമെന്ന് 2013ൽ തദ്ദേശ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാന്റെ ഉത്തരവുണ്ടായിട്ടും ഒരു നടപടിയും ഉണ്ടായില്ല. ഭരണ, പ്രതിപക്ഷത്തെ ചില കൗൺസിലർമാരുടെ ഒത്താശയോടെയാണ് ഇത്തരം കൈയേറ്റങ്ങൾ നടത്തുന്നതെന്ന് പരാതിയുണ്ട്. കാക്കനാട് ജംഗ്ഷനിൽ പഞ്ചായത്ത് മിനി ഷോപ്പിംഗ് സെന്ററിലെ ഭൂരിഭാഗം കെട്ടിടങ്ങളിലും അനധികൃതമായി കൂട്ടിച്ചേർക്കലുകൾ നടത്തിയിട്ടുണ്ട്.
അനധികൃതം നിർമ്മാണങ്ങൾ
1979ൽ കാക്കനാട് ജംഗ്ഷനിൽ വഴിയോരക്കച്ചവടക്കാരെ കളക്ടറേറ്റ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി അന്നത്തെ കളക്ടർ കെ.ആർ രാജന്റെ നേതൃത്വത്തിൽ കാക്കനാട് പളളിക്കര റോഡിൽ റീജിണൽ കെമിക്കൽ ലാബിന് സമീപം പുനരധിവസിപ്പിക്കുകയായിരുന്നു. വർഷങ്ങൾ കഴിഞ്ഞതോടെ കടക്കാരുടെ എണ്ണം വർധിച്ചു. ഇന്ന് ഈ പ്രദേശത്ത് മുപ്പത്തിരണ്ടോളം കച്ചവട സ്ഥാനങ്ങൾ ഉണ്ട്. പെട്ടിക്കടകൾ ആയിരവും രണ്ടായിരവും ചതുരശ്ര അടിയുള്ള കെട്ടിടങ്ങളായി. നഗരസഭയ്ക്ക് ഇവരിൽ നിന്നും ചില്ലിക്കാശ് വരുമാനമില്ല. അധികൃത നിർമ്മാണങ്ങളാണ് ഏറെയും.
സുരഭി നഗറിൽ നിന്നും കാക്കനാട്ടേക്ക് കാൽനടക്കാർ ആശ്രയിക്കുന്ന നടപ്പാതയുടെ ഭൂരിഭാഗവും അനധികൃതമായി കൈയേറിയ നിലയിലാണ്.
.....................................................
# അനധികൃത നിർമ്മാണം പൊളിച്ചുനീക്കണം
അനധികൃത നിർമ്മാണങ്ങൾ സംബന്ധിച്ച് പരാതികൾ വരുന്നുണ്ട്. നഗരസഭയിൽ നിന്നും വാടകയ്ക്കെടുത്ത കെട്ടിടങ്ങളിൽ നടപ്പാത കൈയേറി കച്ചവടം നടത്തുന്നവർ സ്വയം പൊളിച്ചുനീക്കാൻ തയ്യാറാകണം. നഗരസഭാ പൊളിക്കേണ്ട അവസ്ഥയുണ്ടായാൽ അതിനുളള തുക കച്ചവടക്കാരിൽ നിന്നും ഈടാക്കും.
എ.എ ഇബ്രാഹിംകുട്ടി
വൈസ് ചെയർമാൻ,തൃക്കാക്കര മുൻസിപ്പാലിറ്റി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |