കൊല്ലം: റവന്യൂ കമ്മി നികത്താൻ കേന്ദ്രം സഹായിച്ചില്ലെങ്കിൽ കേരളത്തിൽ ട്രഷറികൾ പൂട്ടേണ്ടി വന്നേനെയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രൻ പറഞ്ഞു. കൊല്ലത്ത് ബി.ജെ.പി ദക്ഷിണമേഖലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊലീസ് വാഹനങ്ങൾക്ക് ഡീസൽ അടിക്കാൻ കാശില്ല. ക്ഷേമ പെൻഷൻ മുടങ്ങിയിട്ട് ആറുമാസമായി. കേന്ദ്രം കനിഞ്ഞു സഹായിക്കുന്നതുകൊണ്ടാണ് കേരളത്തിലെ ദൈനംദിനകാര്യങ്ങൾ നടക്കുന്നത്. റവന്യൂ കമ്മിനികത്താൻ ഓരോ മൂന്നുമാസം കൂടുമ്പോഴും കേന്ദ്രം സഹായം നൽകുന്നതുകൊണ്ടാണ് കേരളം പിടിച്ചു നിൽക്കുന്നത്. ഇതിനിടയിലാണ് യുവജന കമ്മിഷൻ അദ്ധ്യക്ഷതയുടെ ശമ്പളം ഇരട്ടിയാക്കിയത്. സംസ്ഥാനം എല്ലാ രംഗത്തും പുറംതള്ളപ്പെടുകയാണ്. വിദ്യാഭ്യാസത്തിൽ ഒന്നാം സ്ഥാനത്തായിരുന്ന കേരളം ഇന്ന് ഏറ്റവും പിറകിലാണ്. റഗുലർ കോളേജുകളിൽ എണ്ണായിരത്തോളം ഡിഗ്രി സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു. ഇവിടെ ഗവേഷണം നടത്താൻ വിദ്യാർത്ഥികൾ മടിക്കുന്ന രീതിയിൽ ഉന്നത വിദ്യാഭ്യാസരംഗം അധ:പതിച്ചു. ആരോഗ്യ രംഗത്ത് ഇത്രയും തകർച്ച നേരിട്ട കാലമുണ്ടായിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
ദക്ഷിണ മേഖലാ പ്രസിഡന്റ് കെ. സോമൻ അദ്ധ്യക്ഷത വഹിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ മണ്ഡലം പ്രസിഡന്റ്, ഉപരി കാര്യകർത്താക്കൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെയുള്ള സമര പരിപാടികൾക്കും കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന വികസന പദ്ധതികൾ ജനങ്ങളിൽ എത്തിക്കാൻ വേണ്ട കർമ്മ പദ്ധതികൾക്കും യോഗം രൂപം നൽകി.
ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ, മേഖല സംഘടന സെക്രട്ടറി കു.വെ. സുരേഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് സി.ശിവൻ കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി. സുധീർ, സംസ്ഥാന സെക്രട്ടറിമാരായ രാജി പ്രസാദ്, കരമന ജയൻ, പന്തളം പ്രതാപൻ, ജില്ലാ പ്രസിഡന്റുമാരായ വി.വി. രാജേഷ്, ബി.ബി. ഗോപകുമാർ, വി.എ. സൂരജ് (പത്തനംതിട്ട), എം.വി. ഗോപകുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |