ബെംഗളൂരു: ഇന്ത്യയിലെ ബഹിരാകാശ സാങ്കേതികവിദ്യ സ്റ്റാർട്ടപ്പുകളുടെ വളർച്ചയ്ക്കായി പകരുന്നതിനായി ഐഎസ്ആർഒയും മൈക്രോസോഫ്റ്റും സഹകരിച്ച് പ്രവർത്തിക്കും. കഴിഞ്ഞ ദിവസം ഇരു കൂട്ടരും ധാരണാപത്രത്തിൽ ഒപ്പുവച്ചു.
രാജ്യത്തുടനീളമുള്ള ബഹിരാകാശ സാങ്കേതികവിദ്യാ സ്റ്റാർട്ടപ്പുകളെ സാങ്കേതിക ഉപകരണങ്ങളും പ്ലാറ്റ്‌ഫോമുകളും നൽകി ശാക്തീകരിക്കാനും അവർക്ക് വേണ്ട വിപണി പിന്തുണയും മെന്ററിംഗും നൽകി സഹായിക്കാനും വേണ്ടിയാണ് ധാരണാപത്രം ഒപ്പുവെച്ചത്.
മൈക്രോസോഫ്റ്റ് ചെയർമാനും സി.ഇ.ഒയുമായ സത്യ നാദെല്ല മൈക്രോസോഫ്റ്റ് ഫ്യൂച്ചർ റെഡി ടെക്‌നോളജി ഉച്ചകോടിയിൽ പങ്കെടുക്കാൻ ബെംഗളൂരുവിലെത്തിയ സമയത്താണ് ഐസ് ആർ ഒ യുമായി കൈകോർക്കാനുള്ള ധാരണാപത്രത്തിൽ ഒപ്പു വെച്ചത്. ഇന്ത്യയുടെ ഭാവി വാഗ്ദാനങ്ങളായ ബഹിരാകാശ സാങ്കേതിക കണ്ടുപിടുത്തക്കാരുടെയും സംരംഭകരുടെയും വിപണി സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള ഐഎസ്ആർഒയുടെ ശ്രമം ശക്തിപ്പെടുത്തുക എന്നതാണ് ഈ സഹകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മൈക്രോസോഫ്റ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ഈ കൂട്ടുകെട്ടിലൂടെ, ഐഎസ്ആർഒ കണ്ടെത്തുന്ന ബഹിരാകാശ സാങ്കേതിക സ്റ്റാർട്ടപ്പുകളെ മൈക്രോസോഫ്റ്റ് ഫോർ സ്റ്റാർട്ട്അപ്പ്സ് ഫൗണ്ടേഴ്സ് ഹബ് പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്തും. ഇത് സ്റ്റാർട്ടപ്പുകൾക്ക് അവരുടെ ആശയം മുതൽ ലക്ഷ്യപ്രാപ്തി വരെയുള്ള യാത്രയുടെ ഓരോ ഘട്ടത്തിലും പിന്തുണ നൽകും, മൈക്രോസോഫ്റ്റ് കൂട്ടിച്ചേർത്തു.
ഹബ്ബിലൂടെ, ഇന്ത്യയിലെ സ്‌പേസ്‌ടെക് സ്റ്റാർട്ട്അപ്പ് സ്ഥാപകർക്ക് അവരുടെ ബിസിനസ്സ് കെട്ടിപ്പൊക്കുന്നതിനും മുന്നോട്ട് കൊണ്ടുപോകുന്നതിനും ആവശ്യമായ സാങ്കേതിക ഉപകരണങ്ങളും വിഭവങ്ങളും സൗജന്യമായി ആക്സസ് ചെയ്യാൻ കഴിയും. അസ്യൂറിൽ നിർമ്മിക്കുന്നതിനും സ്‌കെയിൽ ചെയ്യുന്നതിനുമുള്ള സാങ്കേതിക പിന്തുണയും ഏറ്റവും മികച്ച ഡെവലപ്പർ, പ്രൊഡക്ടിവിറ്റി ടൂളുകളിൽപ്പെടുന്ന ഗിറ്റ് ഹബ് എന്റർപ്രൈസ്, വിഷ്വൽ സ്റ്റുഡിയോ എന്റർപ്രൈസ്, മൈക്രോസോഫ്റ്റ് 365 എന്നിവയും കൂടാതെ പവർ ബിഐ, ഡൈനാമിക്സ് 365 എന്നിവയുള്ള സ്മാർട്ട് അനലിറ്റിക്സും ഈ ആക്സസിൽ ഉൾപ്പെടുന്നു.
മൈക്രോസോ്ര്രഫും ഐഎസ്ആർഒയും സംയുക്തമായി ബഹിരാകാശ വ്യവസായ വിദഗ്ധരുടെ നേതൃത്വത്തിൽ സ്റ്റാർട്ടപ്പുകൾക്കായി വിജ്ഞാന പങ്കിടലും ചിന്താ നേതൃത്വ സെഷനുകളും സംഘടിപ്പിക്കും. കൂടാതെ, സംരഭകർക്ക് മൈക്രോസോഫ്റ്റ് ചാനലുകൾ വഴിയും മാർക്കറ്റ് പ്ലേസ് വഴിയും ഗോടുമാർക്കറ്റ് തന്ത്രങ്ങൾ, സാങ്കേതിക പിന്തുണ, അവസരങ്ങൾ എന്നിവയിലൂടെ അവരുടെ സൊല്യൂഷനുകൾ വിൽക്കാനുള്ള പിന്തുണയും ഈ സഹകരണത്തിലൂടെ ലഭിക്കും.
മൈക്രോസോ്ര്രഫുമായുള്ള ബഹിരാകാശ ഏജൻസിയുടെ സഹകരണം എഐ, മെഷീൻ ലേണിംഗ്, ഡീപ് ലേണിംഗ് തുടങ്ങിയ അത്യാധുനിക രീതികൾ ഉപയോഗിച്ച് വിവിധ ആപ്ലിക്കേഷനുകൾക്കായി വലിയ അളവിലുള്ള സാറ്റലൈറ്റ് ഡാറ്റ വിശകലനം ചെയ്യാനും പ്രോസസ്സ് ചെയ്യാനും ബഹിരാകാശ സാങ്കേതിക സ്റ്റാർട്ടപ്പുകൾക്ക് സഹായകമാകുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് പറഞ്ഞു. ദേശീയ ബഹിരാകാശ സാങ്കേതിക ആവാസവ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനായി സ്റ്റാർട്ടപ്പുകളെയും സാങ്കേതിക പരിഹാരങ്ങൾ നൽകുന്നവരെയും ഒരുമിച്ച് കൊണ്ടുവരാൻ കഴിയുന്ന ഉപയോഗപ്രദമായ പ്ലാറ്റ്‌ഫോമാണ് മൈക്രോസോഫ്റ്റ് ഫോർ സ്റ്റാർട്ട്അപ്സ് ഫൗണ്ടേഴ്സ് ഹബ്. സംരംഭകരെ സഹായിക്കാനും പിന്തുണയ്ക്കാനും അതുവഴി ഇന്ത്യൻ സമ്പദ്വ്യവസ്ഥക്ക് നേട്ടമുണ്ടാക്കാനുമായി ഒരുമിച്ച് പ്രവർത്തിക്കാനായതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്, അദ്ദേഹം പറഞ്ഞു.
സാങ്കേതികവിദ്യക്കുള്ള അക്സസിനപ്പുറം സ്‌പേസ് എഞ്ചിനീയറിംഗ് മുതൽ ക്ലൗഡ് സാങ്കേതികവിദ്യകൾ, ഉൽപ്പന്നവും രൂപകൽപ്പനയും, ഫണ്ട് ശേഖരണവും വിൽപ്പനയും വിപണനവും വരെയുള്ള മേഖലകളിൽ ബഹിരാകാശ സാങ്കേതിക സംരംഭകർക്ക് മൈക്രോസോഫ്റ്റ് മാർഗനിർദേശവും പിന്തുണയും നൽകും. ഇത് കൂടാതെ, വ്യവസായവുമായും ഉപഭോക്താക്കളുമായും ബന്ധം സ്ഥാപിക്കാൻ അവരെ സഹായിക്കുന്നതിന് അനുയോജ്യമായ സ്റ്റാർട്ടപ്പ് കേന്ദ്രീകൃത പരിശീലന ഉള്ളടക്കത്തിനും പ്രോഗ്രാമുകൾക്കുമായി സ്ഥാപകർക്ക് മൈക്രോസോഫ്റ്റ് ലേണിലേക്കും ആക്സസ് ഉണ്ടായിരിക്കും.
സാങ്കേതികവിദ്യ ഉപയോഗിച്ച് രാജ്യത്തിന്റെ ബഹിരാകാശ സാധ്യതകൾ വികസിപ്പിക്കുന്നതിൽ ഇന്ത്യയിലെ സ്‌പേസ് ടെക് സ്റ്റാർട്ടപ്പുകൾ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് മൈക്രോസോഫ്റ്റ് ഇന്ത്യ പ്രസിഡന്റ് ആനന്ത് മഹേശ്വരി പറഞ്ഞു. ഇത് ത്വരിതപ്പെടുത്തുന്നതിന് ഐഎസ്ആർഒയുമായി സഹകരിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഞങ്ങളുടെ സാങ്കേതിക ഉപകരണങ്ങൾ, പ്ലാറ്റ്‌ഫോമുകൾ, മെന്റർഷിപ്പ് എന്നിവയിലൂടെ നൂതനാശയങ്ങൾ രൂപീകരിക്കുന്നതിനും ശാസ്ത്രീയ കണ്ടുപിടിത്തങ്ങൾ ത്വരിതപ്പെടുത്തുന്നതിനുമായി രാജ്യത്തെ ബഹിരാകാശ സാങ്കേതിക സ്റ്റാർട്ടപ്പുകളെ ശാക്തീകരിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്, അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |