വത്തിക്കാൻ: മുൻ മാർപാപ്പ ബെനഡിക്‌ട് പതിനാറാമൻ (95) ഇനി നിത്യതയിൽ. ലോകനേതാക്കളടക്കം 50,000 ത്തോളം പേരെ സാക്ഷിയാക്കി അദ്ദേഹത്തിന്റെ സംസ്കാരം ഇന്നലെ വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുടെ കാർമ്മികത്വത്തിൽ നടന്നു.
ബെനഡിക്ട് മാർപാപ്പയുടെ ഭൗതികദേഹം വഹിക്കുന്ന പേടകം സെന്റ് പീറ്റേഴ്സ് ചത്വരത്തിന് അഭിമുഖമായുള്ള പടികളിൽ സ്ഥാപിച്ചപ്പോൾ സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ താഴികക്കുടം മൂടൽ മഞ്ഞാൽ പൊതിഞ്ഞിരുന്നു. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന ചടങ്ങുകൾ ബെനഡിക്‌ട് പതിനാറാമന്റെ ആഗ്രഹ പ്രകാരം ലളിതമാക്കിയിരുന്നു.
ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള 200ലേറെ ബിഷപ്പുമാരും 3,700ഓളം പുരോഹിതരും കന്യാസ്ത്രീകളും മറ്റും ബെനഡിക്‌ട് പതിനാറാമന് അവസാനമായി യാത്രയേകാൻ ഇന്നലെ എത്തിയിരുന്നു. ആറ് നൂറ്റാണ്ടിനിടെ ആദ്യമായാണ് പദവിയിൽ തുടരുന്ന ഒരു മാർപാപ്പ തന്റെ മുൻഗാമിയുടെ അന്ത്യകർമ്മങ്ങൾക്ക് കാർമികത്വം വഹിക്കുന്നത്. മുട്ടുവേദന കാരണം വീൽചെയറിലാണ് ഫ്രാൻസിസ് മാർപാപ്പ ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. തുടർന്ന് കസേരയിലിരുന്ന് ചടങ്ങുകൾക്ക് നേതൃത്വം നൽകി. പദവിയിലിരിക്കെ അന്തരിക്കുന്ന മാർപാപ്പയ്ക്ക് നൽകുന്നതിന് സമാനമായ ചടങ്ങുകളാണ് ബെനഡിക്ട് പതിനാറാമന് നൽകിയതെങ്കിലും ഏതാനും മാറ്റങ്ങൾ പ്രകടമായിരുന്നു.
തന്റെ മുൻഗാമിയ്ക്കായി പ്രാർത്ഥനകൾ അർപ്പിച്ച ഫ്രാൻസിസ് മാർപാപ്പ 90 മിനിറ്റ് നീണ്ട ചടങ്ങിനൊടുവിൽ ഊന്നുവടിയുടെ സഹായത്തോടെ ബെനഡിക്ട് മാർപാപ്പയുടെ ഭൗതികദേഹം വഹിച്ച പേടകത്തിന് മുകളിൽ കൈതൊട്ട് അവസാന യാത്ര നൽകി.
ചത്വരത്തിൽ നടന്ന ചടങ്ങുകൾക്ക് ശേഷം സെന്റ് പീറ്റേഴ്സ് ബസലിക്കയിലെ നിലവറയിൽ ജോൺ പോൾ രണ്ടാമനെ ആദ്യം അടക്കം ചെയ്തയിടത്തിന് സമീപത്തായി ബെനഡിക്ട് പതിനാറാമന് അന്ത്യവിശ്രമമൊരുക്കി. ജോൺ പോൾ വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ അദ്ദേഹത്തിന്റെ ഭൗതികശരീരം ഇവിടെ നിന്ന് ബസലിക്കയുടെ ഉള്ളിലെ ഒരു ചാപ്പലിലേക്ക് മാറ്റുകയായിരുന്നു. ഏകദേശം 90ലേറെ മുൻ മാർപാപ്പമാരെ ഈ നിലവറയിൽ അടക്കം ചെയ്തിട്ടുണ്ട്.
സൈപ്രസ് മരത്തിന്റെ തടിയിൽ തീർത്ത പെട്ടിയ്ക്കുള്ളിലായിരുന്നു ബെനഡിക്ട് മാർപാപ്പയുടെ ഭൗതികശരീരം. ഈ പെട്ടി ഒരു സിങ്ക് പെട്ടിയ്ക്കുള്ളിൽ സ്ഥാപിച്ച് ശേഷം ഈ രണ്ട് പെട്ടികളും തടിയിൽ തീർത്ത മറ്റൊരു പെട്ടിയിൽ അടക്കം ചെയ്തിരിക്കുന്നു.
ബെനഡിക്ട് മാർപാപ്പയുടെ ഭൗതികശരീരം സെന്റ് പീറ്റേഴ്സ് ബസലിക്കയിലെത്തിച്ചപ്പോൾ ജനക്കൂട്ടത്തിന് ഇടയിൽ നിന്നും ഇറ്റാലിയൻ ഭാഷയിൽ ' സാന്റോ സുബീറ്റോ " എന്ന് ഉയർന്നു. അദ്ദേഹത്തെ ഉടൻ വിശുദ്ധനായി പ്രഖ്യാപിക്കണമെന്നാണ് ഇതിനർത്ഥം. ചടങ്ങുകൾക്ക് സാക്ഷിയായവരിൽ നിരവധി ജർമ്മൻകാരുമുണ്ടായിരുന്നു. 1000 വർഷത്തിനിടെ മാർപാപ്പയാവുന്ന ആദ്യ ജർമ്മൻ പൗരനാണ് അദ്ദേഹം.
600 വർഷത്തിനിടെ മാർപാപ്പ സ്ഥാനത്ത് നിന്ന് രാജിവച്ച ആദ്യ വ്യക്തിയായിരുന്നു ബെനഡിക്‌ട് പതിനാറാമൻ. എട്ട് വർഷം മാർപാപ്പയായി തുടർന്ന ശേഷം 2013ൽ പ്രായാധിക്യം മുൻനിറുത്തിയാണ് അദ്ദേഹം രാജിവച്ചത്. വാർദ്ധക്യ സഹജമായ അവശതകളെ തുടർന്ന് ഡിസംബർ 31ന് 95ാം വയസിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
ചെക് റിപ്പബ്ലിക് പ്രധാനമന്ത്രി പീറ്റർ ഫിയാല, സ്പെയിനിലെ സോഫിയ രാജ്ഞി, ബെൽജിയത്തിൽ മാറ്റിൽഡ രാജ്ഞി, ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ്, ഹംഗറി പ്രസിഡന്റ് കാറ്റലിൻ നൊവാക്, പോളണ്ട് പ്രസിഡന്റ് ആൻഡ്രെ ഡ്യൂഡ, ബെൽജിയത്തിലെ ഫിലിപ്പ് രാജാവ്, ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മാറ്ററെല്ല, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി, യു.എസ് അംബാസഡർ ജോ ഡോണലി തുടങ്ങിയവർ ചടങ്ങുകൾക്ക് സാക്ഷിയായി.
2005ൽ ബെനഡിക്ട് മാർപാപ്പയുടെ മുൻഗാമിയായിരുന്ന ജോൺ പോൾ രണ്ടാമന്റെ സംസ്കാരച്ചടങ്ങിന് ഏകദേശം 1.1 ദശലക്ഷം പേർ സാക്ഷികളായെന്നാണ് കണക്ക്. ഏറ്റവും കൂടുതൽ രാഷ്ട്രത്തലവൻമാർ പങ്കെടുത്തതും അദ്ദേഹത്തിന്റെ സംസ്കാരത്തിനാണ്. ഒമ്പത് രാജകീയ ഭരണാധികാരികളും 70 രാഷ്ട്രത്തലവൻമാരും അന്ന് ചടങ്ങുകൾക്ക് സാക്ഷിയായി.
സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ കഴിഞ്ഞ മൂന്ന് ദിവസം നടന്ന പൊതുദർശനത്തിൽ ഏകദേശം 200,000 പേരാണ് ബെനഡിക്ട് മാർപാപ്പയ്ക്ക് ആദരാഞ്ജലി അർപ്പിച്ചത്. മാർപാപ്പയോടുള്ള ആദര സൂചകമായി ഇന്നലെ ഇറ്റലിയിലെ സർക്കാർ കെട്ടിടങ്ങളിലെ ദേശീയ പതാക താഴ്‌ത്തിക്കെട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |