പാനിപ്പത്ത്: ഭാരത് ജോഡോ യാത്രയ്ക്കിടയിൽ കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ രൂക്ഷഭാഷയിൽ വിമർശനമുന്നയിച്ച് രാഹുൽ ഗാന്ധി. കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ഹരിയാനയിലെ പാനിപ്പത്തിൽ വെച്ചു നടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അഗ്നിപഥ് പദ്ധതി ജിഎസ്ടി അടക്കമുള്ള വിഷയങ്ങളിൽ സംസാരിച്ച രാഹുൽ ഗാന്ധി, തൊഴിൽരാഹിത്യത്തിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനെതിരെയും വിമർശമനമുന്നയിച്ചു.
രണ്ട് തരത്തിലുള്ള ഇന്ത്യയാണ് ഇപ്പോഴുള്ളത്. ഒന്ന് കർഷകർ, തൊഴിലാളികൾ, ചെറുകിട കടയുടമകൾ, തൊഴിൽരഹിതരായ യുവാക്കൾ. അടങ്ങിയത് രണ്ടാമത്തേത് രാജ്യത്തിന്റെ സമ്പത്ത് കൈയ്യടക്കിവെച്ചിരിക്കുന്ന 200-300 പേർ. രാജ്യത്തെ സാമ്പത്തിക വേർതിരിവിനെ സൂചിപ്പിച്ച്കൊണ്ട് അദ്ദേഹം പറഞ്ഞു. നോട്ട് നിരോധനവും ചരക്കുസേവന നികുതിയും നയങ്ങളല്ലെന്നും ചെറുകിട വ്യവസായങ്ങളെ തകർക്കാനുള്ള ആയുധങ്ങളാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
തൊഴിലില്ലായ്മയെ കുറിച്ച് സംസാരിക്കുന്നതിനിടയിൽ ഹരിയാന സർക്കാർ മുഖാന്തരം തൊഴിൽ രഹിതരുടെ കാര്യത്തിൽ ഇരുപ്പത്തിയൊന്നാം നൂറ്റാണ്ടിലെ ചാമ്പ്യന്മാരായി സംസ്ഥാനം മാറി എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അഗ്നിപഥ് പദ്ധതിയെക്കുറിച്ചും അദ്ദേഹം തന്റെ പ്രസംഗമവസാനിപ്പിക്കുന്നതിന് മുൻപ് പരാമർശം നടത്തി. അഗ്നിപഥ് പദ്ധതി എന്താണെന്ന് എനിക്ക് മനസിലാക്കി തരൂ, ബിജെപിക്കാർ സ്വയം രാജ്യ സ്നേഹികളാണെന്നാണ് വിശേഷിപ്പിക്കുന്നതെന്നും അവരുടെ രാജ്യസ്നേഹം തനിക്ക് മനസിലാക്കി തരാനും അദ്ദേഹം പറഞ്ഞു.
അതേസമയം രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പിന്തുണച്ച് രാമജന്മഭൂമി ട്രസ്റ്റ് സെക്രട്ടറിയടക്കം രംഗത്തെത്തിയിന് പിന്നാലെ, രാമക്ഷേത്രത്തിന്റെ ഉദ്ഘാടന തീയതി അമിത് ഷാ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ക്ഷേത്ര നിർമാണത്തിന് തടയിടാൻ ശ്രമിച്ചതായി രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും വിമർശിച്ച് കൊണ്ടായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം. ഇതിന് പിന്നാലെ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അടക്കം കനത്ത ഭാഷയിൽ പ്രതികരണം അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |