തൃക്കരിപ്പൂർ: തൃക്കരിപ്പൂർ കെ.എം.കെ. സ്മാരക കലാസമിതിയുടെ പ്രശസ്ത നാടകം ഖസാക്കിന്റെ ഇതിഹാസത്തിലെ താരങ്ങളുടെയടക്കം സാന്നിദ്ധ്യത്തോടെ ചിത്രീകരിച്ച അന്ത്രു ദ മാൻ എന്ന സിനിമ റിലീസിന് തയാറായി.
ശിവകുമാർ കാങ്കോൽ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഖസാക്കിലെ ബാലതാരം തൃക്കരിപ്പൂരിലെ അമിഷയും ശ്രീശാന്തും മികച്ച വേഷം കൈകാര്യം ചെയ്യുന്നു. അഭിനയ മികവും നൃത്ത നൈപുണ്യവും കൈമുതലായുള്ള ഈ ബാലതാരങ്ങൾ കലാരംഗത്ത് മികച്ച വാഗ്ദാനമാകുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.
സിനിമാ വീടിന്റെ ബാനറിൽ ഒരുക്കിയ സിനിമ മുഖ്യധാരാ സമൂഹത്തിൽ നിന്നും മാറ്റിനിർത്തപ്പെട്ട മനുഷ്യരിലൂടെ വർത്തമാന കാലത്തിന്റെ നേർച്ചിത്രം വരച്ചുകാട്ടുകയാണ്.
മലയാളത്തിന്റെ ജനപ്രിയ താരമായ ഹരിശ്രീ അശോകന്റെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രങ്ങളിലൊന്നായ അന്ത്രുമാൻ എന്ന കഥാപാത്രത്തിന്റെ അയൽവാസിയായാണ് അമിഷ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഒരു ഗാനരംഗമടക്കം ഏറെ ശ്രദ്ധേയമായ രംഗങ്ങളിൽ അമിഷ തന്റെ കഴിവ് പ്രകടിപ്പിക്കുന്നുണ്ട്.
ഖസാക്കിന്റെ ഇതിഹാസത്തിൽ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ച കെ.യു. മനോജ്, സി.കെ. സുനിൽ, പി.സി. ഗോപാലകൃഷ്ണൻ, രാജേഷ് കാര്യത്ത്, ദിജേഷ് കുഞ്ഞൂട്ടൻ എന്നിവരെ കൂടാതെ അനുമോൾ, ബാബു അന്നൂർ, രഞ്ജി കാങ്കോൽ, രവി പട്ടേന, ഭാനുമതി, രാജേഷ് അഴീക്കോടൻ, ദീപ്തി ബിജു, ട്രാൻസ്ജെൻഡർ അഭിനേതാക്കളായ കാവ്യ, സിനി, വർഷ, കനകം എന്നിവരും ഈ ചിത്രത്തിലുണ്ട്.
വീണ്ടും പുനരവതരണത്തിന് തയ്യാറെടുക്കുന്ന ഖസാക്കിന്റെ ഇതിഹാസത്തിലും ബാലതാരമായി മികവ് തെളിയിക്കാനായി റിഹേഴ്സൽ ക്യാമ്പിലെ സജീവ സാന്നിദ്ധ്യമാണ് അമിഷയും ശ്രീശാന്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |