SignIn
Kerala Kaumudi Online
Sunday, 04 June 2023 1.07 PM IST

ഗുണ്ടകളെ അകത്താക്കാൻ പൊലീസ് നടപടി, കുറ്റവാളികളുടെ പട്ടിക ശേഖരിക്കൽ തുടങ്ങി

തിരുവനന്തപുരം: നഗരത്തിലും തിരുവനന്തപുരം റൂറൽ പൊലീസ് ജില്ലയിലുമായി നിരന്തരം കുറ്റകൃത്യങ്ങളിലേർപ്പെടുന്ന കുറ്റവാളികളെ അമർച്ച ചെയ്യാൻ കാപ്പ നിയമപ്രകാരമുള്ള നടപടികൾ പൊലീസ് ശക്തമാക്കി.

കഴിഞ്ഞ ഒരുവർഷത്തിനിടെ ഒന്നിലധികം കേസുകളിൽ പ്രതികളായ കുറ്റവാളികളുടെ പട്ടിക പൊലീസ് ശേഖരിച്ചുതുടങ്ങി. കഴിഞ്ഞ ദിവസം പാറ്റൂരിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

നല്ലനടപ്പ് മുതൽ

നാടുകടത്തൽ വരെ

കൊലപാതകം,വധശ്രമം,ഭവനഭേദനം,തട്ടിക്കൊണ്ടുപോകൽ,ക്വട്ടേഷൻ,ലഹരിവ്യാപാരം തുടങ്ങി വിവിധ കേസുകളിൽ ഉൾപ്പെട്ട പ്രതികളുടെ പട്ടിക തരംതിരിച്ച് ശേഖരിക്കുന്ന പൊലീസ് കുറ്റകൃത്യങ്ങളുടെ ഗൗരവമനുസരിച്ച് ഇവർക്കെതിരായ നടപടികൾ ആസൂത്രണം ചെയ്യും. അടിപിടി,അക്രമം,ഭവനഭേദനം,പിടിച്ചുപറി തുടങ്ങിയ കേസുകളിലുൾപ്പെട്ടവരെ ക്രിമിനൽ നടപടിക്രമം 107,109,110 വകുപ്പുകൾ പ്രകാരം നല്ലനടപ്പ് നടപടികൾക്ക് വിധേയരാക്കും. ആദ്യം നല്ലനടപ്പ് വിധിച്ചിട്ടും രക്ഷയില്ലെങ്കിൽ ഒരുവർഷം കരുതൽത്തടങ്കലിലാക്കും. ജില്ലാ മജിസ്ട്രേറ്റായ കളക്ടർക്കും ഐ.ജിക്കും ഗുണ്ടകളെ ഒരുവർഷംവരെ ജില്ലയിൽ നിന്ന് നാടുകടത്താനും അധികാരമുണ്ട്.

സ്ഥിരമായി ലഹരിമരുന്ന് കടത്തലിലും വില്പനയിലും പിടിക്കപ്പെട്ടവരെ കരുതൽത്തടങ്കലിലാക്കാനുള്ള നടപടി സ്വീകരിക്കാനാണ് പൊലീസ് നീക്കം.

കാപ്പ ആക്ട്

സമൂഹത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയാകുന്ന കുറ്റവാളികളെ ഒരുവർഷം വരെ കരുതൽത്തടങ്കലിലാക്കാനും ജില്ലയ്ക്ക് പുറത്തേക്ക് നാടുകടത്താനും കാപ്പ നിയമം ചുമത്തണം. ഇതിനു മുന്നോടിയായാണ് ഗുണ്ടാലിസ്റ്റ് പുതുക്കുന്നത്. കൊള്ളപ്പലിശക്കാർ,അംഗീകൃതമല്ലാത്ത പണമിടപാടുകാർ,വസ്തുക്കൾ തട്ടിയെടുക്കുന്നവർ, ഹവാലയിടപാടുകാർ,ഗുണ്ടാപ്പിരിവുകാർ, അനാശാസ്യക്കാർ,ഗുണ്ടകൾ,ബ്ലേഡ്-മണൽ മാഫിയ,കള്ളനോട്ടടിക്കാർ,മയക്കുമരുന്ന്-വ്യാജമദ്യ ഇടപാടുകാർ എന്നിവർക്കെതിരെ കാപ്പ ചുമത്താം. ദുരുപയോഗം ഒഴിവാക്കാൻ കർശന പരിശോധനകൾക്ക് ശേഷമാണ് കാപ്പ ചുമത്തുക. ഗുണ്ടാ ലിസ്റ്റിലുള്ളവരുടെ 7 വർഷത്തെ കേസുകളാണ് കാപ്പ ചുമത്താനായി പരിഗണിക്കുക. 5 വർഷമെങ്കിലും ശിക്ഷ കിട്ടാവുന്ന ഒരു കേസെങ്കിലുമുണ്ടാകണം. അല്ലെങ്കിൽ ഒന്നുമുതൽ അഞ്ചുവർഷം വരെ ശിക്ഷിക്കപ്പെടാവുന്ന രണ്ട് കേസുകൾ. അതുമല്ലെങ്കിൽ മൂന്ന് കേസുകൾ വിചാരണ ഘട്ടത്തിലായിരിക്കണം. രേഖകളെല്ലാം കൃത്യമല്ലെങ്കിൽ ഗുണ്ടാനിയമം ചുമത്തി കരുതൽത്തടങ്കലിലാക്കാനാവില്ല.

ഗുണ്ടാ ലിസ്റ്റ് പുതുക്കുന്നതോടെ പുതിയ കുറ്റവാളികൾക്കെതിരെയും നടപടിയെടുക്കാം. മാഫിയ-ഗുണ്ടാ സംഘങ്ങളെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടുകൾ പരിശോധിച്ച് നടപടിയെടുക്കും. വാറണ്ടുകൾ നടപ്പാക്കുന്നതിലും ശ്രദ്ധയുണ്ടാകും. ഗുണ്ടാലിസ്റ്റിൽപ്പെട്ട ശേഷം ഒളിവിൽക്കഴിയുന്നവരെ പിടികൂടും. കേസന്വേഷണങ്ങൾ വേഗത്തിലാക്കുന്നതിനൊപ്പം മോഷണം,പിടിച്ചുപറി,​സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ എന്നിവ തടഞ്ഞ് നഗരം സുരക്ഷിതമാക്കും.

സി.എച്ച്. നാഗരാജു,

സിറ്റി പൊലീസ് കമ്മിഷണർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.