അറിവിന്റെ തിരമാലകളെപോലെ ഹിമാലയൻ ഋഷിമാരിൽനിന്ന് ആർത്തിരമ്പിയെത്തുന്ന വേദോപനിഷത്തുകളുടെ വ്യാഖ്യാനങ്ങൾക്ക് കേരളം വേദിയാകാൻ തുടങ്ങിയിട്ട് ഒരു വ്യാഴവട്ടം പിന്നിടുകയാണ്. ഹിമാലയത്തിലെ ഋഷിമാരുടെ ഈ അപൂർവസംഗമത്തിന് തലസ്ഥാനം വേദിയായത് കാലത്തിന്റെ നിയോഗം .
2006ലെ ഒരു ഹിമാലയൻ യാത്രയിൽ ഉത്തരകാശിയിൽ കുറച്ചു ദിവസം തങ്ങാൻ ഇടയായി. ആ ആശ്രമത്തിൽ രണ്ട് ആചാര്യന്മാർ ബ്രഹ്മചാരികളെ വിദ്യ അഭ്യസിപ്പിക്കുന്നുണ്ടായിരുന്നു. ശൈത്യകാലമായതിനാൽ പകൽപോലും മരം കോച്ചുന്ന തണുപ്പുളള ഉത്തരകാശിയിൽ യുവാവായ ഒരു സന്ന്യാസി ബ്രഹ്മ മുഹൂർത്തത്തിൽ ബ്രഹ്മചാരികളെ പഠിപ്പിക്കുന്നു. ആ യുവസന്ന്യാസി മലയാളിയാണെന്ന് അറിഞ്ഞപ്പോൾ കൗതുകം തോന്നി. അദ്ദേഹത്തിന്റെ പേരാണ് ഹരിബ്രഹ്മേന്ദ്രാനന്ദതീർത്ഥ. കുട്ടിസ്വാമിയെന്ന് അറിയപ്പെട്ടിരുന്ന യുവസന്ന്യാസിയുടെ പ്രസ്ഥാന ത്രയത്തിലുള്ള (ബ്രഹ്മസൂത്രം,ഭഗവത്ഗീത,ഉപനിഷത്തുക്കൾ) പാണ്ഡിത്യം എന്നെ അത്ഭുതപ്പെടുത്തി. അദ്ദേഹത്തേയും അദ്ദേഹത്തെപ്പോലുള്ള കുറച്ച് ആചാര്യന്മാരേയും തിരുവനന്തപുരത്ത് കൊണ്ടുവന്ന് കേരളീയർക്ക് ശ്രീ ശങ്കരന്റെ അദ്വൈത വേദാന്തം കേൾപ്പിക്കണമെന്ന ആഗ്രഹം അവിടെ തുടങ്ങി.
കുട്ടിസ്വാമിക്കും കൂടെയുള്ളവർക്കും പ്രസ്ഥാനത്രയത്തിന്റെ ശങ്കരഭാഷ്യം പാരായണം ചെയ്യുന്ന ഒരുനിഷ്ഠ ഉണ്ടായിരുന്നു. തിരുവനന്തപുരത്ത് വച്ച് ഉപനിഷത്ത് മൂലപാരായണവും അതിനുശേഷം പ്രഭാഷണങ്ങളും ചെയ്യുന്ന ഒരു പദ്ധതി ഹരിബ്രഹ്മേന്ദ്രാനന്ദ തീർത്ഥ സ്വാമിയുടെ മുന്നിൽ അവതരിപ്പിച്ചു. ഒരു മെഡിക്കൽ ഡോക്ടർക്ക് തണുപ്പടിച്ചപ്പോൾ തോന്നിയ ഒരാവേശം എന്നായിരിക്കാം കുട്ടിസ്വാമിക്ക് തോന്നിയത്. നമുക്ക് ഇത് പിന്നീട് ആലോചിക്കാമെന്ന് അദ്ദേഹംപറഞ്ഞു. അതിനുശേഷം ഉത്തരകാശിയിൽ താമസിക്കുന്ന സമയം ഞാൻ എന്റെ സുഹൃത്തും ഡോക്ടറുമായ അംബികാനാഥിനൊപ്പം ഹിമാലയത്തിലെ കാട്ടിനകത്തുള്ള നചികേത് താൾ എന്ന സ്ഥലത്തേക്ക് പോയി. ഈ സ്ഥലത്തെത്താൻ കാട്ടിലൂടെ കുറച്ച് മണിക്കൂറുകൾ കാൽനടയായി യാത്രചെയ്യണം. ഞാനും സഹയാത്രികനും കാൽനടയായി കാട്ടിലൂടെ യാത്രയാരംഭിച്ചു. കൂടെ ആരുമില്ല. കടുവയും പുലിയും കരടിയും ചെന്നായ്ക്കളുമുള്ള കൊടുംകാടാണ്. കുറച്ചുദൂരം കാട്ടിനകത്ത് കാൽനടയായി യാത്രചെയ്തപ്പോൾ സഹയാത്രികന് ഭയം വർദ്ധിച്ചു. പുലിയോ കരടിയോ കടുവയോ ആക്രമിച്ചാൽ നേരിടാൻ കൈയിലൊരു കമ്പുപോലുമില്ല. സഹയാത്രികൻ നമുക്ക് തിരിച്ചുപോകാമെന്ന് എന്നെ നിർബന്ധിക്കാൻ തുടങ്ങി. 'മരിക്കാനുള്ള സമയമായാൽ ആരും മരിക്കും, സമയമായില്ലെങ്കിൽ മരിക്കില്ല ' തുടങ്ങിയ യുക്തികളൊക്കെ പറഞ്ഞ് കൂടെനടക്കാൻ സഹയാത്രികനെ ഞാൻ പ്രേരിപ്പിച്ചു.
അങ്ങനെ കുറേദൂരം ആ നിബിഡവനത്തിലൂടെ നടന്നപ്പോൾ യാദൃച്ഛികമായി ഒരു മനുഷ്യനെ കണ്ടെത്തി. അദ്ദേഹം നചികേത്താൾ വരെ ഒപ്പം യാത്ര ചെയ്യാമെന്ന് സമ്മതിച്ചു. ഈ മനുഷ്യൻ വഴിയിൽ കടുവയുടെയും കരടിയുടെയും അധികസമയം പഴക്കമില്ലാത്ത കാഷ്ഠം കാട്ടിത്തന്നു. അദ്ദേഹം പറഞ്ഞു ' അടുത്തുതന്നെ കടുവയുണ്ട്. നമുക്ക് കാണാൻ പറ്റുന്നില്ലെങ്കിലും അതിന് നമ്മളെ കാണാൻ കഴിയുന്നുണ്ട് . ' ഈ വാക്കുകൾ നേരത്തേതന്നെ അല്പ പ്രാണനായിരുന്ന സുഹൃത്തിന്റെ അവശേഷിച്ച പ്രാണനും കൂടി ഇല്ലാതാക്കുന്ന തരത്തിലായിരുന്നു. അദ്ദേഹത്തെ ആശ്വസിപ്പിക്കാനായി ഞാൻ പറഞ്ഞു. ' ഇവിടത്തെ കടുവകൾ ശാന്തൻമാരും സന്ന്യാസികളെ ഉപദ്രവിക്കാത്ത ജീവികളുമാണ്' പക്ഷേ എന്റെ വാക്കുകളൊന്നും അദ്ദേഹത്തിന്റെ ഉള്ളിലേക്ക് പ്രവേശിച്ചില്ല.
ഈശ്വരാനുഗ്രഹമെന്നേ പറയാവൂ, ഞങ്ങൾ ഒരു കുഴപ്പവും കൂടാതെ നചികേത് താൾ എന്ന സ്ഥലത്ത് എത്തിച്ചേർന്നു. കാട്ടിനകത്തുള്ള ഒരു തടാകമായിരുന്നു നചികേത് താൾ. നചികേതസ് എന്ന ബാലൻ യമനെ തപസുചെയ്ത ഭൂമിക്കടിയിലേക്കുള്ള ഒരു ഗുഹ അവിടെയുണ്ട്. നചികേതസിന്റെ പേരിലാണ് ആ തടാകം അറിയപ്പെടുന്നത്, നചികേത് താൾ. ആ തടാകത്തിൽ ഇറങ്ങി കാലും മുഖവും നനച്ചു. അപ്പോൾ തടാകതീരത്തുവെച്ച് പാണ്ഡവൻമാരെ അപായപ്പെടുത്തിയ യക്ഷന്റെ കഥ ഓർമ്മവന്നു. പെട്ടെന്നുതന്നെ കാലും കൈയും ആ ജലാശയത്തിൽ നിന്ന് പിൻവലിച്ചു. ഈ തടാകത്തിൽ യക്ഷന്മാർ വല്ലതും ഉണ്ടോ. കാണാൻ വഴിയില്ല. പക്ഷേ ശാന്തമായി കിടക്കുന്ന ആ നചികേത് താൾ നിഗൂഢമായി തോന്നി. എന്തൊക്കെയോ രഹസ്യങ്ങൾ ആ തടാകത്തിൽ ഉള്ളതുപോലെ. ഞാൻ വെള്ളത്തിൽ നിന്നും കുറച്ച് ദൂരത്തേക്ക് മാറി. യമഭഗവാൻ (കാലൻ) നചികേതസിന് മുന്നിൽ പ്രത്യക്ഷപ്പെട്ട സ്ഥലമാണല്ലോ നചികേത് താൾ. അദ്ദേഹത്തിന്റെ സാന്നിദ്ധ്യം അവിടെയുള്ളതുപോലെ തോന്നി. മനസുകൊണ്ട് അദ്ദേഹത്തെ വന്ദിച്ചു.
കൂടെ വന്നയാൾ കുറച്ചുദൂരെ കല്ലുകൾ അടുക്കിയ ഒരു ഭാഗം കാണിച്ചുതന്നു. അതുകണ്ടിട്ട് ഞാൻ പറഞ്ഞു.'ഇത് ആരോ താമസിച്ചിരുന്നതു പോലെയുണ്ടല്ലോ'.അദ്ദേഹം പറഞ്ഞു, 'കുറച്ചു വർഷം മുമ്പ് അവിടെ ഒരു സന്ന്യാസി താമസിച്ചിരുന്നു. ബംഗാളി ബാബ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ കുടിയയുടെ .......പുറത്ത് കടുവകൾ ശാന്തരായി കിടക്കുമായിരുന്നത്രേ'. അദ്ദേഹം കടുവകളെ തലോടുമായിരുന്നുവെന്നും അദ്ദേഹത്തിന്റെ മുമ്പിൽ കടുവകൾ കുട്ടികളെപ്പോലെ നിന്നിരുന്നു എന്നും കേട്ടപ്പോൾ, അത്ഭുതമാണോ ഭയമാണോ സുഹൃത്തിനുണ്ടായതെന്ന് എനിക്കറിഞ്ഞുകൂടാ.
മായാ നഗരത്തിൽ അത്ഭുതദൃശ്യങ്ങൾ കാണുംപോലെ പെട്ടെന്ന് ഞങ്ങളുടെ അടുത്ത് ഒരുകൂട്ടം ചെമ്മരിയാടുകൾ പ്രത്യക്ഷപ്പെട്ടു. അവയുടെ കൂടെ കറുത്ത് രോമാവൃതമായ രണ്ട് പട്ടികളും. ഈ ചെമ്മരിയാടുകൾ ഇവിടെ എങ്ങനെ വന്നെന്ന് ആലോചിച്ച് നിൽക്കുമ്പോൾ രണ്ട് ആട്ടിടയന്മാർ കൂടെയുള്ളത് ശ്രദ്ധയിൽപ്പെട്ടു. അവർ ഞങ്ങളുടെ അടുത്തെത്തി സ്‌നേഹത്തോടെ സംസാരിച്ചു. ഞങ്ങളുടെ മുഖത്ത് വിശപ്പും ദാഹവും എഴുതിവച്ചിട്ടുണ്ടായിരുന്നു. പരിക്ഷീണിതമായ അവസ്ഥകണ്ടിട്ട് ആട്ടിടയന്മാർക്ക് മനസലിഞ്ഞു. അവർ ഒരാടിന്റെ പാൽകറന്ന് ഒരു ചെറിയ മൺപാത്രത്തിൽ ഒഴിച്ച് കല്ലുകൂട്ടി തീയുണ്ടാക്കി കോട്ടിന്റെ പോക്കറ്റിൽ നിന്നും തേയിലപ്പൊടിയും പഞ്ചസാരയുമെടുത്ത് വെള്ളം ചേർക്കാത്ത ആട്ടിൽപാൽ ചായ സമ്മാനിച്ചു. ആ ചായ കുടിച്ചപ്പോൾ ഇത്രയും രുചികരമായ ചായ ജീവിതത്തിൽ കുടിച്ചിട്ടില്ലെന്നു തോന്നി.
അതിനുശേഷം ഉത്തരകാശിയിലെ കുട്ടിസ്വാമിയുടെ ആശ്രമത്തിൽ തിരിച്ചെത്തി. പിന്നീട് സന്ന്യാസിമാരുമായി തിരുവനന്തപുരത്ത് എത്താൻ കുട്ടിസ്വാമി സമ്മതിക്കുകയും 2011 ൽ ആദ്യമായി ഋഷിസംഗമം വട്ടിയൂർക്കാവ് മൂന്നാംമൂട് സാധുഗോപാലസ്വാമി ആശ്രമത്തിൽവച്ച് നടത്തുകയും ചെയ്തു. അതിനുശേഷം 2013ലും 2015ലും 2017ലും 2019ലും ഹിമാലയ ഋഷിസംഗമം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നടത്തുകയും ജിജ്ഞാസുക്കളായ നൂറുക്കണക്കിനാളുകൾ ഇതിൽ പങ്കെടുക്കുകയും ധന്യരായിത്തീരുകയും ചെയ്തു. വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ ആരംഭിച്ച ഋഷിസംഗമം തൈത്തരീയം, ഐതരേയം, ഗീത രണ്ടാം അദ്ധ്യായം എന്നിവയുടെ വിശദമായ ചർച്ചകൾക്കൊടുവിൽ നാളെ സമാപിക്കും. ഇനി അടുത്ത ഋഷിസംഗമത്തിനായുള്ള കാത്തിരിപ്പാണ്.
( തിരുവനന്തപുരത്ത് നടക്കുന്ന ഹിമാലയ ഋഷിസംഗമം ഓർഗനൈസിംഗ് സെക്രട്ടറിയാണ് ലേഖകൻ )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |