ഭരണഘടനയുടെ അകക്കാമ്പ് തുറന്ന് നിരന്തരമായ ഗവേഷണത്തിൽ ഏർപ്പെട്ടുവരാറുള്ള സജി ചെറിയാൻ സഖാവ് വീണ്ടും മന്ത്രിയായി. മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്ന് പറയുന്നത് പോലെയാണ് ഒരർത്ഥത്തിൽ അദ്ദേഹത്തിന്റെ അവസ്ഥ. വിശ്വോത്തരങ്ങളായ ഗവേഷണപ്രബന്ധങ്ങൾക്ക് ആവശ്യമായ ഉരുപ്പടികൾ സ്വന്തം നിലയ്ക്ക് രാവെന്നോ പകലെന്നോ ഭേദമില്ലാതെ ഗവേഷണം നടത്തി കണ്ടെത്തി ശേഖരിച്ചുവച്ചിട്ടുള്ള മനുഷ്യനാണ്. അതൊക്കെ ആളുകൾ തിരിച്ചറിഞ്ഞിരുന്നെങ്കിൽ സജി സഖാവ് ഈ ഇട്ടാവട്ടത്തിൽ മന്ത്രിയായി ഒതുങ്ങിക്കൂടേണ്ടിവരില്ലായിരുന്നു.
തന്റെ ഈ അശ്രാന്തപരിശ്രമത്തെ വില മതിക്കാനോ അതുൾക്കൊള്ളാനോ സാധിക്കാത്ത ലക്ഷക്കണക്കായ ആളുകളോട് അദ്ദേഹത്തിന് പുച്ഛം മാത്രമേയുള്ളൂ. മുറ്റത്തെ മുല്ലയെ തിരിച്ചറിയാത്തതിലുള്ള വേദന അദ്ദേഹം ആരോടും പങ്കുവയ്ക്കാറില്ല. പക്ഷേ അതിലദ്ദേഹം ഒട്ടും പരിഭവിക്കാറുമില്ല. ആരോടും പരിഭവമില്ല. എന്തിന്. തന്റെ വലിപ്പം തിരിച്ചറിയാത്തവൻ അത്രയ്ക്കത്രയ്ക്കൊക്കെ അല്ലേ ഉള്ളൂ എന്ന് സമാധാനിച്ചാൽ തീരുന്നതേയുള്ളൂ സംഗതി. അതാണ് സജി മന്ത്രിയുടെയും പോളിസി.
1949 നവംബർ 26ന് ഭരണഘടനാ അസംബ്ലി അംഗീകരിച്ചതാണ് ഇന്ത്യയുടെ ഭരണഘടന. 1950 ജനുവരി 26ന് റിപ്പബ്ലിക് ദിനമായി ആഘോഷിക്കുകയും ചെയ്തു. അതിന്റെ ആമുഖത്തിൽ ഇന്ത്യയെ പരമാധികാര സ്ഥിതിസമത്വ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യാൻ ഇന്ത്യയിലെ ജനങ്ങളായ നാം തീരുമാനിച്ചിട്ടുണ്ട് എന്നാണ് പറയുന്നത്. ഒറ്റനോട്ടത്തിൽ നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം മുതലായ വാക്കുകളൊക്കെ അതിൽ അവിടവിടെയായി കാണപ്പെട്ടേക്കാം. എന്നാൽ ആരും അതിന്റെ അകക്കാമ്പ് പൊളിച്ച് അകത്ത് കടന്ന് പരിശോധിക്കാൻ മെനക്കെട്ടിട്ടില്ല. അവിടെയാണ് സജിമന്ത്രിയുടെ കഠിനപ്രയത്നം നമ്മൾ തിരിച്ചറിയാതെ പോകുന്നത്. ആരോട് പറയാനാണ് ഇതെല്ലാം! കഠിനമായി പ്രയത്നിക്കുന്നവന് ഒരു വിലയുമില്ലാത്ത നാട്.
പക്ഷേ നിഷ്കാമ കർമ്മിയായ സജിമന്ത്രി ആളുകളുടെ അവഗണനയെ ഗൗനിക്കാതെ തന്റെ പരിശ്രമങ്ങൾ തുടർന്നു. അങ്ങനെയുള്ള പരിശ്രമത്തിനൊടുവിൽ അദ്ദേഹം പലതും കണ്ടെത്തുകയുണ്ടായി.
തന്റെ ഈ കണ്ടെത്തലിന്റെ പേറ്റന്റ് വേറെയാരെങ്കിലും അടിച്ചെടുക്കാതിരിക്കാനുള്ള കരുതൽ സജി മന്ത്രിക്കുണ്ടായിരുന്നു. അതുകൊണ്ട് കണ്ടെത്തിയത് കണ്ടെത്തിയ പോലെ അദ്ദേഹം പത്തനംതിട്ടയിലെ മല്ലപ്പള്ളിയിൽ വച്ച് നാലാളുകളുടെ മുന്നിൽ മൈക്ക് കെട്ടി വിളിച്ചുപറയുകയുണ്ടായി. ഇന്ത്യയിലെ ഏറ്റവും കൂടുതൽ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എഴുതി വച്ചിരിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. "ബ്രിട്ടീഷുകാരൻ പറഞ്ഞ് തയാറാക്കിക്കൊടുത്തത് ഇന്ത്യക്കാർ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 കൊല്ലമായി നടപ്പാക്കുന്നു. ഈ രാജ്യത്ത് ഏറ്റവും കൂടുതൽ കൊള്ളയടിക്കാൻ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാൻ പറയും. ഇതിന്റെ മുക്കിലും മൂലയിലുമെല്ലാം കുറച്ച് നല്ല കാര്യങ്ങൾ എന്ന പേരിൽ ജനാധിപത്യം, മതേതരത്വം, കുന്തം, കൊടച്ചക്രം എന്നെല്ലാം എഴുതിവച്ചു എന്നല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ഇതിന്റെ ഉദ്ദേശം"- ഇത്രയുമാണ് സജി മന്ത്രി അന്ന് പറഞ്ഞത്.
ഇതിലും കൂടുതൽ കാര്യങ്ങൾ അദ്ദേഹം കണ്ടുപിടിച്ചിട്ടുണ്ടായിരുന്നു. പക്ഷേ അതെല്ലാം ഒറ്റയടിക്ക് തുറന്ന് പറഞ്ഞാൽ എങ്ങനെയാണ്. അതുകൊണ്ട് കുറച്ച് കാര്യങ്ങൾ മാത്രം അദ്ദേഹം വെളിപ്പെടുത്തി. ഒറ്റനോട്ടത്തിൽ ഈ പറയുന്ന ഭരണഘടനയുടെ അകത്ത് ആരുടെയും ശ്രദ്ധയിൽപ്പെടാതെ പോകുന്നതും സജി മന്ത്രി മാത്രം കണ്ടെത്തിയതുമായ രണ്ട് സാധനങ്ങൾ കുന്തം, കൊടച്ചക്രം എന്നിവയായിരുന്നു. ഇത് രണ്ടും വേറെ ഒരാൾക്കുപോലും ഇതുവരെ കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല. അതൊട്ട് സാധിക്കുകയുമില്ല. കാരണം അത്രയും ഭഗീരഥപ്രയത്നം നടത്തി ഗവേഷണം ചെയ്യുന്ന വേറൊരാൾ ഈ ഭൂമുഖത്ത് ഇന്നേവരെ ഭൂജാതനായിട്ടില്ല എന്നതാണ്.
ശരിക്കും പറഞ്ഞാൽ ഭരണഘടനാശില്പിയായ ഡോ.ബി.ആർ. അംബേദ്കർ പോലും ചിന്തിച്ചിരുന്നില്ല കേരളത്തിൽ പിൽക്കാലത്ത് സജിചെറിയാൻ മന്ത്രി എന്നൊരു പഹയൻ രംഗപ്രവേശം ചെയ്ത് ഈ രഹസ്യം കണ്ടുപിടിച്ചുകളയുമെന്ന്. അദ്ദേഹം ജീവിച്ചിരുന്ന കാലത്താണ് സജിമന്ത്രി എന്നൊരാൾ ഇവിടെയുണ്ടാവുകയും കുന്തവും കൊടച്ചക്രവും ഭരണഘടനയ്ക്കകത്ത് കണ്ടുപിടിക്കുകയും ചെയ്തത് എങ്കിൽ തീർച്ചയായും അംബേദ്കർജി ഒന്നുകിൽ മോഹാലസ്യപ്പെട്ട് വീഴുകയോ അല്ലെങ്കിൽ സജിമന്ത്രിയെ പൊന്നാട അണിയിക്കുകയോ ചെയ്തേനെ. അതിനുള്ള യോഗം അദ്ദേഹത്തിനില്ലാതെ പോയി.
ഈ കണ്ടുപിടിത്തത്തിന് സജി മന്ത്രി യഥാർത്ഥത്തിൽ പാരിതോഷികമായിരുന്നു പ്രതീക്ഷിച്ചിരുന്നത്. പക്ഷേ പൂച്ചെണ്ടിന് പകരം കോൺഗ്രസുകാരും മറ്റും ചേർന്ന് തല്ലുമാല നൽകുന്നതാണ് കണ്ടത്. അതല്ലെങ്കിലും അങ്ങനെയാണ്. അസൂയയും കണ്ണുകടിയും മാത്രമേ ഇവർക്കൊക്കെയുള്ളൂ. സ്ഥാനത്യാഗം, മാനഹാനി, ധനനഷ്ടം എന്നിങ്ങനെയുള്ള ദോഷഫലങ്ങൾ ഇതുകൊണ്ട് സജിമന്ത്രിക്ക് സംഭവിക്കുകയുണ്ടായി. പക്ഷേ അദ്ദേഹം അതിലും വേദനിച്ചിട്ടില്ല. വിധിവൈപരീത്യം എന്ന് സ്വയം ആശ്വസിപ്പിച്ചതേയുള്ളൂ.
കാലം വൈകിയാണെങ്കിലും പ്രതിഭകളെ തിരിച്ചറിയാതെ പോകില്ലെന്ന വിശ്വാസത്തിൽ അദ്ദേഹം മനസർപ്പിച്ചു. അതുകൊണ്ട് ദിവസങ്ങളും ഏതാനും മാസങ്ങളും തള്ളിനീക്കി. മന്ത്രിയായിരുന്നപ്പോൾ ഒരു ദിവസം വരുന്നതും പോകുന്നതും അറിഞ്ഞിട്ടില്ലായിരുന്നു. പക്ഷേ സ്ഥാനത്യാഗത്തിന് ശേഷം ഒരു ദിവസം മറിയുന്നത് ഒരു വർഷം മറിയുന്നതുപോലെ ഇഴഞ്ഞിഴഞ്ഞായിരുന്നു.
എന്തുതന്നെയായാലും പ്രതിഭയെ കാലം തിരിച്ചറിഞ്ഞിരിക്കുന്നു. സജിമന്ത്രി കണ്ടുപിടിച്ച കുന്തത്തിനും കൊടച്ചക്രത്തിനും വിലയുണ്ടായി. പലരാലും അവഹേളനമേറ്റു വാങ്ങേണ്ടിവന്നിട്ടും തളരാതെ പിടിച്ചുനിന്ന സജി സഖാവിന്റെ കുന്തവും കൊടച്ചക്രവും അത്ര നിസാരന്മാരല്ലെന്ന് ആളുകളിപ്പോൾ തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുന്നു. ആളുകളെ കൊള്ളയടിക്കാനുള്ള ഏറ്റവും മനോഹരമായ, കുന്തവും കൊടച്ചക്രവും മൂലയിൽ പിടിപ്പിച്ചിട്ടുള്ള ആ ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞചെയ്ത് സജി മന്ത്രി പിന്നെയും സജി മന്ത്രിയായി. മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീയുമായി എന്ന് കോൺഗ്രസുകാർ പറയുന്നുണ്ട്. അത് കാര്യമാക്കേണ്ട!
ഇ-മെയിൽ: dronar.keralakaumudi@gmail.com
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |