നടപടി കേരളകൗമുദി ഇടപെടലിൽ
തിരുവനന്തപുരം: സ്ത്രീപീഡനങ്ങളുൾപ്പെടെ കുറ്റകൃത്യ പരമ്പര തീർത്തിട്ടും സേനയിൽ വിലസിയ ബേപ്പൂർ കോസ്റ്റൽ ഇൻസ്പെക്ടർ പി.ആർ.സുനുവിനെ ഒടുവിൽ സർവീസിൽ നിന്ന് പുറത്താക്കി പൊലീസിൽ ശുദ്ധീകരണത്തിന് തുടക്കമിട്ടു. 58 പേരെക്കൂടി ഉടൻ പുറത്താക്കും.
15 തവണ പെരുമാറ്റദൂഷ്യത്തിന് വകുപ്പുതല നടപടി, മൂന്നുവട്ടം സസ്പെൻഷൻ, പീഡനക്കേസിൽ ജയിലിൽ, ആറ് ബലാത്സംഗക്കേസുകളിൽ പ്രതി... ഇങ്ങനെ പോകുന്നു സുനുവിന്റെ ചെയ്തികൾ. കൊച്ചിയിലെ സാമൂഹ്യവിരുദ്ധരുമായി ചങ്ങാത്തമുണ്ടാക്കിയതിന് കഴിഞ്ഞ നവംബർ 20മുതൽ സസ്പെൻഷനിലാണ്. ഡി.ജി.പി അനിൽകാന്താണ് പിരിച്ചുവിടൽ ഉത്തരവ് ഇറക്കിയത്.
പൊലീസിൽ ക്രിമിനലുകൾ വാഴുന്നതിന്റെ ഭവിഷ്യത്ത് ചൂണ്ടിക്കാട്ടി കേരളകൗമുദി മുഖ്യവാർത്തയും `ക്രിമിനൽത്തൊപ്പി'എന്ന പേരിൽ പരമ്പരയും പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് ഇത്തരക്കാരെ അടിയന്തരമായി പിരിച്ചുവിടാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഡി.ജി.പിക്ക് കർശന നിർദ്ദേശം നൽകി.
സ്ഥിരമായി ഗുരുതരകുറ്റം ചെയ്യുന്നവരെ പിരിച്ചുവിടാൻ വ്യവസ്ഥചെയ്യുന്ന സെക്ഷൻ 86 പ്രകാരമുള്ള നടപടി
കേരള പൊലീസിന്റെ ചരിത്രത്തിൽ ആദ്യമായാണെന്ന് ഡി.ജി.പി അനിൽകാന്ത് പറഞ്ഞു.
''ഇവർ തൊപ്പിയണിയും സർക്കാർ ഏത്തമിടും'' എന്ന തലക്കെട്ടിൽ നവംബർ14നാണ് 'കേരളകൗമുദി' മുഖ്യവാർത്ത പ്രസിദ്ധീകരിച്ചത്. സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കൽ, ലൈംഗികപീഡനം, കസ്റ്റഡി മരണം, സ്ത്രീധനപീഡനം തുടങ്ങിയ കേസുകളിലെ പ്രതികളും ശിക്ഷിക്കപ്പെട്ടവരുമാണ് പുറത്താവുന്നത്. ജീവപര്യന്തമോ പത്തുവർഷം തടവുശിക്ഷയോ കിട്ടാവുന്ന കുറ്റകൃത്യങ്ങളാണിവ.
ആധാരമാക്കിയത്
പീഡനക്കേസ്
2019സെപ്തംബറിൽ പൊലീസ് അക്കാഡമിയിൽ സീനിയർ ലാ ഇൻസ്ട്രക്ടറായിരിക്കെ പട്ടികവിഭാഗത്തിൽപെട്ട അവിവാഹിതയെ ഹോട്ടൽമുറിയിൽ വിളിച്ചുവരുത്തി പീഡിപ്പിച്ച് സേനയ്ക്ക് മാനക്കേടുണ്ടാക്കിയ കേസിൽ സുനുവിന്റെ രണ്ടുവർഷത്തെ ശമ്പളവർദ്ധന തടഞ്ഞിരുന്നു. ഈ ശിക്ഷ അപര്യാപ്തമാണെന്ന് കണ്ടെത്തി പൊലീസ് ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പിരിച്ചുവിട്ടത്. വനിതകളുടെ പട്ടികവിഭാഗങ്ങളുടെയും സംരക്ഷണത്തിന് പ്രവർത്തിക്കേണ്ട പൊലീസുദ്യോഗസ്ഥന്റെ പ്രവൃത്തി പൊലീസിനോടുള്ള സമൂഹത്തിന്റെ വിശ്വാസം നഷ്ടപ്പെടുത്തുന്നതാണെന്ന് ഡി.ജി.പി വിലയിരുത്തി.
പുറത്താക്കാനുള്ള
കാരണങ്ങൾ
1. ഔദ്യോഗിക പദവി ദുരുപയോഗം, അന്വേഷണത്തിലെ വീഴ്ച, തെളിവുകൾ കെട്ടിച്ചമയ്ക്കൽ, അച്ചടക്കലംഘനം, സദാചാര അധഃപതനം എന്നിവയ്ക്ക് പലതവണ ശിക്ഷിക്കപ്പെട്ടു
2. ശിക്ഷിക്കപ്പെട്ടിട്ടും കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നു. അതിനാൽ പൊലീസുദ്യോഗസ്ഥന്റെ ചുമതല നിർവഹിക്കാൻ പെരുമാറ്റപരമായി അയോഗ്യൻ
പൊലീസ് ആക്ട്
സെക്ഷൻ-86(3)
അക്രമോത്സുകത, അസാന്മാർഗ്ഗികത എന്നിവയടങ്ങിയ കുറ്റത്തിന് ശിക്ഷിച്ചാലോ, ഈ കുറ്റങ്ങൾക്ക് ക്രിമിനൽ കേസുണ്ടെങ്കിലോ സസ്പെൻഡ് ചെയ്തശേഷം ഹിയറിംഗ് നടത്തി പിരിച്ചുവിടാം, നിർബന്ധമായി വിരമിപ്പിക്കാം
സെക്ഷൻ-4
ജീവൻ, സ്വത്ത്, മനുഷ്യാവകാശം, അന്തസ് എന്നിവ സംരക്ഷിക്കുന്നതിൽ വീഴ്ച. കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിൽ വീഴ്ച. പൊലീസ് സേനയുടെ അച്ചടക്കം പാലിച്ചില്ല. പൊതു സുരക്ഷിതത്വബോധം, സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കിയില്ല
ക്രിമിനൽ, വിജിലൻസ് കേസുകളിൽ ശിക്ഷിച്ചതിനെത്തുടർന്ന് പിരിച്ചുവിട്ടത്
2017-1
2018-2
2019-1
2020-2
2022-4
828
പൊലീസിലെ ക്രിമിനൽ കേസ് പ്രതികൾ
18
കോടതി ശിക്ഷിച്ചതിനെ
തുടർന്ന് പുറത്തായവർ
പൊലീസിലെ ക്രിമിനലുകളോട് ദയാദാക്ഷിണ്യം കാട്ടില്ല
-പിണറായി വിജയൻ
മുഖ്യമന്ത്രി
സർക്കാരിന്റെ ശക്തമായ നിർദ്ദേശത്തെ തുടർന്നാണ് പുറത്താക്കൽ
-അനിൽകാന്ത്
പൊലീസ് മേധാവി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |