കൊല്ലം: തെരുവ് നായയുടെ കടിയേറ്റിട്ടും പ്രതിരോധ കുത്തിവയ്പ്പെടുക്കാൻ വിസമ്മതിച്ചയാൾ എട്ട് മാസത്തിന് ശേഷം പേവിഷബാധയേറ്റു മരിച്ചു. കൊട്ടാരക്കര പെരുംകുളം റേഡിയോമുക്ക് നെടിയവിള പുത്തൻവീട്ടിൽ എൻ.ബിജുകുമാറാണ് (52) മരിച്ചത്. എട്ടുമാസം മുൻപ് റേഡിയോ ജംഗ്ഷനിൽ വച്ച് നിരവധിപേരെ തെരുവ് നായ കടിച്ചിരുന്നു. ഇക്കൂട്ടത്തിൽ ബിജുകുമാറിനും കടിയേറ്റു. മറ്റുള്ളവർ പേവിഷബാധയ്ക്കെതിരെയുള്ള കുത്തിവയ്പ്പെടുത്തെങ്കിലും ബിജുകുമാർ തയ്യാറായില്ല. ദിവസങ്ങൾക്ക് ശേഷം ആരോഗ്യപ്രവർത്തകർ വീട്ടിലെത്തി നിർബന്ധിച്ചപ്പോൾ നാല് തവണയെടുക്കേണ്ട പ്രതിരോധ കുത്തിവയ്പ്പ് ഒരുതവണയെടുത്തു.
ഇന്നലെ ഉച്ചയോടെ കടുത്ത പനിയും വിറയലുമായി ബിജുകുമാറിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.കാഷ്വാലിറ്റിയിലെ പരിശോധനയ്ക്ക് ശേഷം ഇൻജക്ഷനെടുക്കാൻ തുടങ്ങിയതോടെ വെള്ളം വേണമെന്ന് ആവശ്യപ്പെട്ടു.തുടർന്ന് ഭാവവ്യത്യാസങ്ങൾ പ്രകടമാവുകയും മറ്റുള്ളവരെ കടിക്കാൻ തുടങ്ങുകയുമായിരുന്നു. ആശുപത്രി ജീവനക്കാരും ആംബുലൻസ് ഡ്രൈവർമാരും ചേർന്ന് ബിജുകുമാറിന്റെ കൈകൾ ബന്ധിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരിച്ചു. മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.കൂലിപ്പണിക്കാരനായ ബിജുകുമാർ അവിവാഹിതനാണ്.അച്ഛൻ പരേതനായ നാരായണപിള്ള-അമ്മ പരേതരായ രാജമ്മ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |