നാഴികയ്‌ക്ക് നാല്പതുവട്ടം സാമ്പത്തിക പ്രതിസന്ധിയിൽ മുണ്ട് മുറുക്കിക്കെട്ടാൻ ആവശ്യപ്പെടുന്ന സർക്കാരിന് പക്ഷേ ധൂർത്തടിക്കാൻ ഖജനാവിൽ ആവശ്യത്തിന് പണമുണ്ട്. അതില്ലെങ്കിൽ കടമെടുത്തും ധൂർത്തടിക്കും. ക്ഷേമപെൻഷൻ നൽകാൻ പണമില്ല, വികസന പ്രവർത്തനങ്ങൾക്ക് പണം നൽകുന്നതിൽ നിയന്ത്രണം തുടങ്ങി ജനങ്ങളുമായി ബന്ധപ്പെട്ട സർവകാര്യങ്ങൾക്കും പണമില്ല. എന്നാൽ യുവജനക്ഷേമ കമ്മിഷൻ പോലെ പാർട്ടിക്കാരെ നിയമിച്ച സർവ ബോർഡുകളിലെയും ചെയർമാൻമാർക്ക് ഒരുലക്ഷം രൂപ വരെ മാസശമ്പളം നൽകാനും കാറുകൾ വാങ്ങാനും പണം ആവശ്യം പോലെ!
ലക്ഷം ശമ്പളം നൽകുന്ന ചെയർമാന്റെ കീഴിൽ പ്രവർത്തിക്കുന്ന യുവജനക്ഷേമ കമ്മിഷൻ എന്ത് ക്ഷേമമാണ് ഈ നാട്ടിലെ യുവജനങ്ങൾക്ക് നൽകുന്നത്. 'യുവാക്കളെ ശാക്തീകരിക്കാനും അവരുടെ ക്ഷേമത്തിനും വേണ്ടി പദ്ധതികൾ ആവിഷ്‌കരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നതാണ് ലക്ഷ്യം 'എന്ന് ഇവരുടെ വെബ്‌സൈറ്റിൽ കാണാം. ശാക്തീകരണവും ക്ഷേമവും കൂടിവരുന്നതിന്റെ ഫലമാണല്ലോ ഓരോ മാസവും പഠനത്തിനും തൊഴിൽതേടിയും യുവാക്കൾ കൂട്ടത്തോടെ വിദേശത്തേക്ക് പോകുന്നത് .
പാർട്ടിക്ക് വേണ്ടപ്പെട്ടവരെ നികുതിപ്പണം ധൂർത്തടിച്ച് ലക്ഷങ്ങൾ ശമ്പളം നൽകി സുഖിപ്പിക്കാനുള്ള കേന്ദ്രങ്ങൾ മാത്രമായി മാറുകയാണ് പല ബോർഡ് കോർപ്പറേഷനുകളും
രഞ്ജിത്
ഒറ്റപ്പാലം, പാലക്കാട്
ഗുണമേന്മയിൽ പിന്നിലാകുന്ന
മാവേലി സ്റ്റോറുകൾ
നിരവധി സാധാരണക്കാരുടെ ആശ്രയമാണ് മാവേലി സ്റ്റോറുകൾ. പ്രത്യേകിച്ച് വിലക്കയറ്റ സമയത്ത് നിരവധിപേർ ഈ സ്ഥാപനത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്. എന്നാൽ മാവേലി സ്റ്റോറുകൾ വഴി ലഭിക്കുന്ന പല ഭക്ഷ്യോത്പന്നങ്ങളും ഗുണമേന്മയുടെ കാര്യത്തിൽ പിന്നിലാകുന്നു എന്നതാണ് ദുഃഖകരമായ വസ്തുത.
ഉഴുന്ന്,പയർ ,പരിപ്പ് ഇവയാണ് ഗുണമേന്മയിൽ വളരെ താഴെ നില്‌ക്കുന്നത്. പലപ്പോഴും സബ്‌സിഡി നിരക്കിൽ നൽകുന്ന അരിയും തീരെ നിലവാരം കുറഞ്ഞതാണ്. ഓണം, ക്രിസ്‌മസ്,പെരുന്നാൾ സമയത്ത് സ്‌പെഷലായി മാവേലി മാർക്കറ്റുകൾ സ്ഥാപിക്കാറുണ്ട്. പക്ഷേ നൽകുന്ന ഭക്ഷ്യ ഉത്പന്നങ്ങളുടെ ഗുണമേന്മ നോക്കാൻ സർക്കാർ തലത്തിൽ സംവിധാനമില്ലെന്ന് വേണം മനസിലാക്കാൻ. ഈ വകുപ്പിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ മുതൽ വകുപ്പ് മന്ത്രി വരെയുള്ളവർ ഇടയ്‌ക്ക് മാവേലി സ്റ്റോറിലെ ഭക്ഷ്യോത്പന്നങ്ങൾ വാങ്ങി ഉപയോഗിച്ച് നോക്കണം. അപ്പോൾ മനസിലാവും കുറഞ്ഞ നിരക്കിൽ ഈ നാട്ടിലെ ജനങ്ങൾക്ക് നൽകുന്ന ഭക്ഷ്യോത്പന്നങ്ങളുടെ നിലവാരം !
സായി ആർ
കൊല്ലം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |