തിരുവനന്തപുരം: കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിലെ ടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട് പട്ടിണികിടക്കുന്നവർ ടിക്കറ്റെടുത്ത് കളികാണാൻ പോകേണ്ടെന്ന കായിക മന്ത്രി വി.അബ്ദുറഹ്മാന്റെ പ്രസ്താവനയിൽ വിവാദം കത്തുന്നു.ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുമടക്കം മന്ത്രിയെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി. മന്ത്രിയുടെ ഫേസ്ബുക്ക് കമന്റ്ബോക്സിൽ നിറയെ രൂക്ഷ വിമർശനങ്ങളാണ്. തങ്ങളുടെ അഭിമാനത്തിന് വില പറയുന്ന മന്ത്രി പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും കൂട്ടിയ വിനോദ നികുതി കുറയ്‌ക്കണമെന്നുമുള്ള പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു.
അതേസമയം വിനോദ നികുതി കൂട്ടിയെന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന് തദ്ദേശവകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. 24 മുതൽ 50 ശതമാനം വരെ വാങ്ങാമായിരുന്ന വിനോദനികുതി 12 ശതമാനമായി കുറച്ചുനൽകുകയാണ് തദ്ദേശ സ്വയം ഭരണ വകുപ്പ് ചെയ്തതെന്നാണ് എം.ബി രാജേഷ് പറഞ്ഞത്.
കഴിഞ്ഞ സെപ്തംബറിൽ അഞ്ചുശതമാനമായിരുന്നു കോർപ്പറേഷൻ വിനോദ നികുതി ചുമത്തിയിരുന്നത്. ഇത് ഇത്തവണ 12ശതമാനമായി വർദ്ധിപ്പിച്ചെങ്കിലും അതിന്റെ ഭാരം ടിക്കറ്റെടുക്കുന്ന കാണികൾക്ക് മേൽ വരാതെ ക്രിക്കറ്റ് അസോസിയേഷൻ നിരക്ക് കുറയ്ക്കുകയായിരുന്നു. തത്ഫലമായി കഴിഞ്ഞ ട്വന്റി ട്വന്റി മത്സരത്തിന് ബുക്കിംഗ് ആപ്പിന്റെ കൺവീനിയൻസ് ചാർജ് ഉൾപ്പടെ 1633 രൂപ നകൽേണ്ടിയിരുന്നിടത്ത് ഇത്തവണ 1475.74 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു.
കായിക മന്ത്രി പറഞ്ഞത്
പട്ടിണി കിടക്കുന്നവർ കളി കാണാൻ പോകേണ്ട.ജീവിതത്തിൽ ടിക്കറ്റെടുത്ത് കളി കാണാത്തവരാണ് വിമർശിക്കുന്നത്. 400ഉം 500ഉം രൂപ മുടക്കി ടിക്കറ്റെടുക്കുന്നവർക്ക് നികുതിയിളവ് എന്തിനാണ്. നാടിനോ നാട്ടിലെ കായിക താരങ്ങൾക്കോ ഒരുതരത്തിലും പ്രയോജനമില്ലാത്ത കാര്യത്തിൽ എന്തിന് സർക്കാർ നികുതിയിളവ് നൽകണം.കഴിഞ്ഞ തവണയും നികുതിയിളവ് നൽകിയിട്ടും ടിക്കറ്റ് നിരക്കിൽ ഇത് പ്രതിഫലിച്ചില്ല. ഇതൊക്കെ ആരാണ് കൊണ്ടുപോകുന്നതെന്ന് പരിശോധിക്കണം. നികുതിപ്പണം കൊണ്ട് മുട്ടത്തറയിൽ ഫ്ലാറ്റ് നിർമ്മിക്കും.
തദ്ദേശ ഭരണവകുപ്പ് മന്ത്രി പറഞ്ഞത്.
തിരുവനന്തപുരം കോർപറേഷനോടും കേരളാ ക്രിക്കറ്റ് അസോസിയേഷനോടും ചർച്ച ചെയ്ത്, ഇരുകൂട്ടരുടെയും സമ്മതപ്രകാരമാണ് നികുതി നിരക്ക് നിശ്ചയിച്ചത്. ദീർഘകാലം സ്റ്റേഡിയത്തിൽ മത്സരമില്ലാതിരുന്നതും സംഘാടകർക്ക് സ്റ്റേഡിയം മത്സരത്തിനായി ഒരുക്കുക ദുഷ്‌കരമായ സാഹചര്യത്തിലായിരുന്നു മുമ്പ് ഇളവ് നൽകിയത്.
സാഹചര്യം മാറിയതിനാൽ, ഇപ്പോഴും അതേ തോതിലുള്ള ഇളവ് നൽകേണ്ടതില്ല.
പണമുള്ളവർ മാത്രം കളി കണ്ടാൽ മതിയെന്ന കായിക മന്ത്രിയുടെ പ്രസ്താവന കായികപ്രേമികളെ അവഹേളിക്കുന്നതാണ്. പണമുള്ളവർ മാത്രം പങ്കെടുക്കാൻ ഇത് ഐ.പി.എൽ ലേലമല്ല, ക്രിക്കറ്റ് മത്സരമാണെന്ന് മന്ത്രി ഓർക്കണം. എങ്ങനെയും ജനങ്ങളെ കൊള്ളയടിക്കുക എന്നതാണ് സർക്കാരിന്റെ രീതി. ധിക്കാരപരമായ പരാമർശം പിൻവലിച്ച് മന്ത്രി മാപ്പ് പറഞ്ഞ് നികുതി കുറയ്‌ക്കണം
ബി.ജെ.പി അദ്ധ്യക്ഷൻ
കെ. സുരേന്ദ്രൻ
പാവപ്പെട്ട ജനങ്ങളാണ് കളി കാണേണ്ടത്. പട്ടിണി കിടക്കുന്നവരും കാണേണ്ടതാണ് ക്രിക്കറ്റ്. നികുതി വർദ്ധിപ്പിച്ച് ജനങ്ങളുടെ പോക്കറ്റടിക്കുന്ന നടപടി മന്ത്രിയും സർക്കാരും അവസാനിപ്പിക്കണം.
രമേശ് ചെന്നിത്തല
എം.എൽ.എ
കായിക മന്ത്രിയുടെ മനോഭാവം സമ്പന്നരുടെ താത്പര്യം സംരക്ഷിക്കൽ: കെ.സുധാകരൻ
തിരുവനന്തപുരം:കായിക വിനോദങ്ങൾ കാശുള്ളവർ മാത്രം ആസ്വദിച്ചാൽ മതിയെന്ന കായികമന്ത്രിയുടെ മനോഭാവം സമ്പന്നരുടെ താത്പര്യം സംരക്ഷിക്കലാണ് എൽ.ഡി.എഫ് സർക്കാരിന്റെ നയമെന്നത് അടിവരയിടുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി പ്രസ്താവിച്ചു. മന്ത്രിയുടെ പട്ടിണി പ്രയോഗം ബ്രിട്ടീഷ് അധിനിവേശകാലത്തെ ഓർമ്മപ്പെടുത്തുന്നതാണ്.
നവചങ്ങാത്ത മുതലാളിത്തത്തിന്റെ അപ്പോസ്തലന്മാരായ കമ്യൂണിസ്റ്റുകാർ പൗരൻമാരെ കാശിന്റെ അടിസ്ഥാനത്തിൽ വേർതിരിക്കുന്നു. പട്ടിണിപ്പാവങ്ങളെയും തൊഴിലാളികളെയും പിന്നാക്ക വിഭാഗങ്ങളെയും വോട്ടിന് വേണ്ടിയുള്ള ഉപാധിയായാണ് കമ്യൂണിസ്റ്റുകാർ കാണുന്നത്.
അധികാരം കിട്ടിയത് മുതൽ ഫ്യൂഡൽ മാടമ്പിമാരുടെ പ്രവർത്തന ശൈലിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും കാഴ്ചവയ്ക്കുന്നത്. മുതലാളിത്തത്തിന്റെ ആരാധകരായ സി.പി.എം നയിക്കുന്ന മുന്നണിയുടെ ഭാഗമായ മന്ത്രി പട്ടിണിക്കാരെ തള്ളിപ്പറയുന്നതിൽ അത്ഭുതപ്പെടാനില്ലെന്നും സുധാകരൻ പറഞ്ഞു.
അസംബന്ധം പറഞ്ഞ കായികമന്ത്രിയെ മുഖ്യമന്ത്രി പുറത്താക്കണം: സതീശൻ
തിരുവനന്തപുരം: പട്ടിണി കിടക്കുന്നവരൊന്നും കളി കാണേണ്ടെന്ന കായിക മന്ത്രി വി. അബ്ദുറഹ്മാന്റെ പ്രസ്താവന ഞെട്ടിച്ചെന്നും പാവങ്ങളെക്കുറിച്ച് അസംബന്ധം പറഞ്ഞ മന്ത്രിയെ ഒരു മണിക്കൂർ പോലും ആ കസേരയിലിരിക്കാൻ മുഖ്യമന്ത്രി അനുവദിക്കരുതെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.
ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ ഒരു മന്ത്രിയാണിത് പറഞ്ഞത്. മൂന്ന് നേരവും ഭക്ഷണം കഴിക്കാത്ത ആളുകൾ ഇന്നും നാട്ടിലുണ്ട്. അവരൊന്നും കളി കാണേണ്ടെങ്കിൽ ആർക്കു വേണ്ടിയാണ് ഇതൊക്കെ നടത്തുന്നത്. ചില ക്ലബ്ബുകളിൽ സ്യൂട്ടും ബൂട്ടും കോട്ടും ഇടുന്നവർക്കേ പ്രവേശനമുള്ളൂവെന്ന് പറയുന്നത് പോലെയാണ് ക്രിക്കറ്റ് മത്സരം കാണുന്നതിൽ നിന്നും പട്ടിണി കിടക്കുന്നവരെ മാറ്റി നിറുത്തുമെന്ന് മന്ത്രി പറഞ്ഞത്. പട്ടിണി കിടക്കുന്നവർക്ക് വേണ്ടിയുള്ള പാർട്ടിയാണെന്ന് പറയുന്ന സി.പി.എമ്മിന് ഇതേക്കുറിച്ച് എന്താണ് പറയാനുള്ളതെന്നും സതീശൻ ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |