തിരുവനന്തപുരം: ശശി തരൂർ ലോക്സഭയിലേക്കില്ലെന്നും നിയമസഭയിലേക്ക് മത്സരിക്കുമെന്നുള്ള സൂചനകൾ പുറത്തുവന്നതോടെ ഏറെ പ്രതീക്ഷയുള്ള തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം പിടിച്ചെടുക്കാനുള്ള നീക്കങ്ങൾ ബി ജെ പി ശക്തമാക്കുന്നതായി റിപ്പോർട്ട്. തരൂർ ഇല്ലെങ്കിൽ സുരേഷ് ഗോപിയിലൂടെ മണ്ഡലം പിടിച്ചെടുക്കാമെന്ന ധാരണയിലാണ് ബി ജെ പി. അതിനനുസരിച്ചുള്ള കരുനീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ബി ജെ പി സംസ്ഥാനത്ത് ഏറെ പ്രതീക്ഷ വച്ചുപുലർത്തുന്ന മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം. നേരത്തേയുള്ള തിരഞ്ഞെടുപ്പുകളിൽ ശക്തമായ മത്സരമാണ് ബി ജെ പി കാഴ്ചവച്ചത്. വോട്ടുവിഹിതം കാര്യമായ തോതിൽ വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ കാര്യങ്ങൾ കൂടുതൽ അനുകൂലം എന്നാണ് പാർട്ടികേന്ദ്രങ്ങളുടെ വിലയിരുത്തൽ.
ആറ്റിങ്ങലിൽ കേന്ദ്രമന്ത്രി വി മുരളീധരനെ മത്സരിപ്പിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. നിലവിലെ യു ഡി എഫ് എം പി അടൂർ പ്രകാശ് മണ്ഡലം മാറിയേക്കുമെന്ന് സൂചനയുണ്ട്. അത്തരമൊരു സാഹചര്യത്തിൽ മുരളീധരൻ മത്സരിക്കുന്നത് അനുകൂല ഘടകമായാണ് പാർട്ടി കണക്കാക്കുന്നത്.
ഈ രണ്ട് മണ്ഡങ്ങൾക്കൊപ്പം ഏറെ പ്രതീക്ഷ പുലർത്തുന്ന പത്തനംതിട്ടയിലും മാവേലിക്കരയിലും പാലക്കാട്ടും ശക്തരായ സ്ഥാനാർത്ഥികളെ കൊണ്ടുവരാനാണ് ബി ജെ പി അണിയറയിൽ കോപ്പുകൂട്ടുന്നത്. ഈ മണ്ഡങ്ങളിൽ ദേശീയ നേതൃത്വത്തിലുള്ളവരെയടക്കം മത്സരിപ്പിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |