■പാരവയ്പ് 1:1 അനുപാതത്തിൽ
ആലപ്പുഴ: വിഭാഗീതയ പാറിപ്പറക്കുന്ന ആലപ്പുഴയിലെ സി.പി.എമ്മിൽ ഏതു നിമിഷവും എന്തും സംഭവിക്കാമെന്ന അസന്നിഗ്ദ്ധാവസ്ഥയ്ക്ക് തടയിടാനാവാതെ നേതൃത്വം.
ഒരു നേതാവിന് പണി കിട്ടിയാൽ മറുവിഭാഗത്തിലെ ഏതെങ്കിലും ഒരു നേതാവിനെ ദിവസങ്ങൾക്കകം കുടുക്കുന്ന അവസ്ഥയാണിപ്പോൾ. ലോറിയിലെ ലഹരിക്കടത്ത് കേസിൽ സി.പി.എം കൗൺസിലർ ആരോപണ വിധേയനായതും, യുവ ഏരിയ കമ്മിറ്റിയംഗത്തിന്റെ മൊബൈൽ ഫോണിൽ നിന്ന് നിരവധി യുവതികളുടെ അശ്ലീല വീഡിയോകൾ കണ്ടെത്തിയതും, കുട്ടനാട്ടിലെ ലോക്കൽ കമ്മിറ്റികളിൽ കൂട്ട രാജി തുടരുന്നതും വല്ലാത്ത അലോസരമാണ് പാർട്ടിയിൽ സൃഷ്ടിച്ചിരിക്കുന്നത്.
പുളിങ്കുന്ന് ലോക്കൽ കമ്മിറ്റിയംഗങ്ങൾ ഒന്നാകെ പാർട്ടി വിടാൻ തീരുമാനിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ഇതോടെ ഒരു മാസത്തിനുള്ളിൽ കുട്ടനാട്ടിൽ നിന്ന് 267 പേരാണ് പാർട്ടി വിട്ടത്. കുട്ടനാട് ഏരിയ നേതൃത്വത്തിന്റെ അവഗണനയിലും, പക്ഷപാത നിലപാടിലും പ്രതിഷേധിച്ചാണ് രാജിയെന്ന് പാർട്ടി വിട്ടവർ പറയുന്നു. സംസ്ഥാന നേതൃത്വം മന്ത്രി സജി ചെറിയാനെ കളത്തിലിറക്കി ഒത്തുതീർപ്പിനുള്ള ശ്രമത്തിലാണ്.പുറത്താക്കാൻ നേരത്തേ പാർട്ടി തീരുമാനിച്ചവരാണ് രാജിക്കത്ത് നൽകിയതെന്ന ജില്ലാ സെക്രട്ടറി ആർ. നാസറിന്റെ പരാമർശവും വിവാദമായി.
ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റിയിലെ ഒരംഗത്തിന്റെ മൊബൈൽ ഫോണിൽ യുവതികളുടെ അശ്ലീല ചിത്രങ്ങൾ കണ്ടെത്തിയതോടെയാണ് ചേരിപ്പോര് ശക്തമായത്. .
പിന്നാലെയാണ് ലഹരിക്കടത്ത് വിവാദം ഉയർന്നത്. ആരോപണ വിധേയനായ ഏരിയ കമ്മിറ്റി അംഗം എ.ഷാനവാസിനെ പുറത്താക്കണമെന്ന് ജില്ലാ സെക്രട്ടറി ആർ. നാസറും പി.പി. ചിത്തരഞ്ജൻ എം.എൽ.എയും ജില്ലാ സെക്രട്ടേറിയറ്റിൽ ആവശ്യപ്പെട്ടപ്പോൾ, അശ്ലീല കേസിൽ കമ്മിഷനെ നിയോഗിച്ചത് ചൂണ്ടിക്കാട്ടിയാണ് മറുവിഭാഗം തടയിട്ടത്. എച്ച്. സലാം എം.എൽ.എ ഉൾപ്പെടെ ഭൂരിപക്ഷം പേരും ഷാനവാസിനെ പുറത്താക്കുന്നതിനെ എതിർത്തു.
സമവാക്യങ്ങൾ മാറി
മുമ്പ് വി.എസ്. അച്യുതാനന്ദൻ, പി.കെ.ചന്ദ്രാനന്ദൻ എന്നിവരായിരുന്നു ജില്ലയിലെ പാർട്ടിയിൽ അവസാന വാക്ക്. ഇവർക്ക് ശേഷം ജി. സുധാകരന്റെ കൈകളിലായി കടിഞ്ഞാൺ. എന്നാൽ, പ്രായപരിധിയുടെ പേരിൽ പാർട്ടി ഘടകങ്ങളിൽ നിന്ന് ഒഴിഞ്ഞതോടെ ജി.സുധാകരൻ സജീവമല്ല. യുവ നേതാക്കൾ അടക്കമുള്ളവർ പല തട്ടുകളായി ചേരിതിരിഞ്ഞു.
കുട്ടനാട്ടിൽ
സി.പി.എം
(ലോക്കൽ കമ്മിറ്റി, പാർട്ടി വിട്ടവർ )
രാമങ്കരി: 46,വെളിയനാട്: 27,തകഴി: 19,വലവടി: 40,കാവാലം: 60,പുളിങ്കുന്ന്: 75.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |