കണ്ണൂർ: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായി ബന്ധപ്പെട്ടുയർന്ന വിവാദത്തിൽ പ്രതികരിച്ച് ജ്യോത്സ്യൻ മാധവ പൊതുവാൾ. എം.വി. ഗോവിന്ദനും കുടുംബവും വീട്ടിലെത്തി തന്നെ സന്ദർശിച്ചിരുന്നുവെന്ന് മാധവ പൊതുവാൾ സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തി. എം.വി. ഗോവിന്ദനുമായി വർഷങ്ങളായുള്ള ബന്ധമാണെന്നും അസുഖ വിവരമറിഞ്ഞാണ് കുടുംബ സമേതം എത്തിയതെന്നും മാധവ പൊതുവാൾ വ്യക്തമാക്കി. മുഹൂർത്തമോ സമയമോ ഒന്നും എം.വി. ഗോവിന്ദൻ ചോദിച്ചിട്ടില്ല. സ്നേഹ ബന്ധങ്ങളിൽ ജ്യോതിഷം കൂട്ടിക്കലർത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
എംവി ഗോവിന്ദൻ വന്ന് ജാതകം നോക്കി എന്ന പ്രചാരണം സഹിക്കാൻ പറ്റില്ല. അമിത് ഷാ അടക്കമുള്ള ബിജെപി നേതാക്കളും തന്നെ വന്ന് കാണാറുണ്ട്. അദാനിയും വന്നു കണ്ടിരുന്നു. അമിത്ഷാ എത്തിയത് ജാതകം നോക്കാനായിരുന്നുവെന്നും മാധവ പൊതുവാൾ പറഞ്ഞു. പാർട്ടിക്കകത്തെ പ്രശ്നങ്ങൾ കൊണ്ടാകാം ഇപ്പോൾ വിവാദമുണ്ടാകാൻ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചില നേതാക്കൾ ജ്യോത്സ്യനെ കാണുന്നുവെന്ന് സി.പി.എം സംസ്ഥാന സമിതിയിൽ വിമർശനം ഉയർന്നതായി റിപ്പോർട്ടുണ്ടായിരുന്നു.എന്നാൽ അങ്ങനെയൊരു വിമർശനം ഉണ്ടായിട്ടില്ലെന്നായിരുന്നു എം.വി.ഗോവിന്ദന്റെ പ്രതികരണം. ജ്യോതിഷികളുടെ വീട്ടിൽ പോയാൽ എന്താണ് കുഴപ്പമെന്ന് എ.കെ. ബാലനും ചോദിച്ചിരുന്നു. താനുൾപ്പെടയുള്ള നേതാക്കൾക്ക് ജ്യോതിഷികളുമായി നല്ല ബന്ധമുണ്ട്. സമയം നോക്കാനോ ജ്യോതിഷം നോക്കാനോ അല്ല അവിടെ പോകുന്നത്. സി.പി.എം അല്ല കോൺഗ്രസുകാരാണ് കൂടോത്രവും ജ്യോതിഷവുമായി പോകുന്നത്. വൈരുദ്ധ്യാത്മക ഭൗതികവാദത്തിൽ വിശ്വസിക്കുന്നവരാണ് തങ്ങളെന്നും എ.കെ. ബാലൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |