മെൽവിൻ ജോൺസ് ദിനം ഇന്ന്
.........................................
ലയൺസ് ക്ളബ് ഇന്റർനാഷണൽ സ്ഥാപകനായ മെൽവിൻ ജോൺസിന്റെ ജന്മദിനമായ ഇന്ന് ലോകം മെൽവിൻ ജോൺസ് ദിനമായി ആചരിക്കുന്നു. അംഗസംഖ്യ കൊണ്ടും പ്രവർത്തന വിപുലത കൊണ്ടും ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സേവന സംഘടനയാണ് ലയൺസ് ക്ളബ് .
200 രാജ്യങ്ങളിലെ 50056 ക്ളബുകളിൽ 14 ദശലക്ഷം അംഗങ്ങളുടെ
സേവനങ്ങളിലൂടെ അശരണർക്ക് പ്രത്യാശയുടെ തിരിനാളമാണ് ലയൺസ് ക്ളബ്. ഒന്നാംലോക മഹായുദ്ധവും ദ്രുതഗതിയിലുള്ള വ്യവസായവത്‌കരണവും സൃഷ്ടിച്ച സാമൂഹികപ്രശ്നങ്ങൾക്ക് മറുപടിയായി മെൽവിൻ ജോൺസ് എന്ന ചിക്കാഗോ ബിസിനസുകാരൻ യു.എസ്.എയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ബിസിനസ് ക്ളബുകളെ അസോസിയേഷൻ ഒഫ് ലയൺസ് ക്ളബുകൾ രൂപീകരിക്കുന്ന മീറ്റിംഗിലേക്ക് ക്ഷണിക്കുന്നു. സാമ്പത്തിക നേട്ടങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കാതെ സഹജീവികളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും സമയം കണ്ടെത്തണമെന്ന മെൽവിൻ ജോൺസിന്റെ ആശയമാണ് 1917 ൽ ക്ളബുകളിലെ അംഗങ്ങളെ ഉൾപ്പെടുത്തി ലയൺസ് ക്ളബ്സ് ഇന്റർനാഷണൽ രൂപീകരിക്കാൻ കാരണമായത്.
ഒാരോ ലയൺസ് ക്ളബും തങ്ങൾ പ്രവർത്തിക്കുന്ന പ്രദേശത്തെ പ്രശ്നങ്ങളും ആവശ്യങ്ങളും പൊതുജനങ്ങളുമായി ചർച്ചചെയ്ത് ഭരണസ്ഥാപനങ്ങളുമായി സഹകരിച്ച് മുൻഗണന നിശ്ചയിച്ച് പദ്ധതികൾ തയ്യാറാക്കുന്നു. ക്ളബ് അംഗങ്ങൾ സ്വരൂപിക്കുന്ന ധനം ഉപയോഗിച്ച് തന്നെയാണ് ഇവ നടപ്പാക്കുന്നത്.
1968 ൽ സ്ഥാപിതമായ പ്രസ്ഥാനം 9900 കോടി രൂപ ലോകമെമ്പാടും സേവന പ്രോഗ്രാമുകൾക്കും പ്രോജക്ടുകൾക്കുമായി നൽകിയിട്ടുണ്ട്. വൃദ്ധജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി മുൻ ഇന്റർനാഷണൽ ഡയറക്ടർ ആർ. മുരുകൻ തിരുവനന്തപുരത്ത് ലയൺസ് ക്ളബ്സ് ഇന്റർനാഷണൽ ഫൗണ്ടേഷൻ സഹായത്തോടെ ആരംഭിച്ച ലയൺസ് ഭവൻ (ലയൺസ് ജീറിയാട്രിക് കെയർ സെന്റർ ) 17 വർഷമായി മഹത്തായ സേവനമാണ് നടത്തുന്നത്. മറവിരോഗം ബാധിച്ച വയോജനങ്ങളെ പാർപ്പിച്ച് സംരക്ഷിക്കുന്ന ഇന്ത്യയിലെ ഏക ലയൺസ് സ്ഥാപനമാണിത്.
ഐകോൺസ് ആഡിയോളജി ലബോറട്ടറി 5, തിരുവനന്തപുരം ലയൺസ് സ്കൂൾ, കൊല്ലം ഡയാലിസിസ് സെന്റർ, സെന്റ് ജോൺസ് ഹോസ്പിറ്റൽ പിരപ്പൻകോട്, ബ്ളഡ് ബാങ്ക് ശ്രീരാമകൃഷ്ണാശ്രമ ഹോസ്പിറ്റൽ ( തിരുവനന്തപുരം ) ഡയാലിസിസ് സെന്റർ സെന്റ് ജോസഫ്സ് മിഷൻ ഹോസ്പിറ്റൽ അഞ്ചൽ, പാവപ്പെട്ടവർക്ക് സൗജന്യമായി നിർമ്മിച്ച് നൽകിയ 25 വീടുകളുടെ പ്രോജക്ട് എന്നിവയാണ് ലയൺസ് ക്ളബ്സ് ഇന്റർനാഷണൽ ഫൗണ്ടേഷൻ ധനസഹായത്തോടെ നടപ്പാക്കിയ മറ്റു ചില പ്രോജക്ടുകൾ.
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമാണ് ഐക്യരാഷ്ട്രസഭയും ഇന്റർനാഷണൽ അസോസിയേഷൻ ഒഫ് ലയൺസ് ക്ളബും തമ്മിലുള്ള ബന്ധം ആരംഭിച്ചത്. യുനിസെഫ് (യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻ ഫണ്ട്), ഡബ്‌ള്യു.എച്ച്.ഒ (ലോകാരോഗ്യ സംഘടന), യുനെസ്കോ (യുണൈറ്റഡ് നേഷൻസ് എജ്യൂക്കേഷണൽ സയന്റിഫിക് ആൻഡ് കൾച്ചറൽ ഒാർഗനൈസേഷൻ) തുടങ്ങി നിരവധി യു.എൻ. ഏജൻസികളുടെ പദ്ധതികൾക്ക് ലയൺസ് ക്ളബ്സ് ഇന്റർനാഷണൽ സഹായവും മനുഷ്യശക്തിയും നൽകിയിട്ടുണ്ട്. രണ്ട് സംഘടനകളും തമ്മിലുള്ള നല്ല ബന്ധം കണക്കിലെടുത്ത് യു.എൻ ഫെബ്രുവരി മാർച്ച് മാസങ്ങളിൽ യുണൈറ്റഡ് നേഷൻസിൽ ഒരു ദിവസം ലയൺ ദിനമായി ആചരിക്കാൻ തുടങ്ങി.
കഴിഞ്ഞവർഷം ലോകമെമ്പാടുമുള്ള 495 ദശലക്ഷത്തിലധികം ആളുകളെ ലയൺസ് ക്ളബുകൾ സേവന പ്രവർത്തനങ്ങളിലൂടെ സഹായിച്ചു. സമൂഹത്തിലെ നിറവേറ്റപ്പെടാത്ത ആവശ്യങ്ങൾ നിറവേറ്റാൻ ഇൗ പ്രസ്ഥാനത്തിലെ അംഗങ്ങൾ കൈകോർത്തുപിടിച്ച് അവരുടെ ഹൃദയത്തിലെ അഭിനിവേശം സേവനങ്ങളിലൂടെ പൊതുജനങ്ങൾക്ക് നൽകുകയുണ്ടായി. ഇപ്പോൾ ലോകമെമ്പാടുമുള്ള 495 ദശലക്ഷത്തിലധികം ആളുകൾ ഇൗ സേവനങ്ങളുടെ ഫലമായി ജീവിതം നയിക്കുന്നു.
പ്രമേഹത്തിന്റെ വ്യാപനം കുറയ്ക്കുകയും രോഗനിർണയം നടത്തിയവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ചെയ്തുകൊണ്ട് 27 ദശലക്ഷം ആളുകൾക്ക് ലയൺസ് സേവനം എത്തിച്ചു. കാഴ്ച വൈകല്യമുള്ള ആളുകളിൽ ഒഴിവാക്കാവുന്ന അന്ധത തടയുകയും കാഴ്ചയില്ലാത്ത 23 ദശലക്ഷത്തിലധികം പേരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ചെയ്തു.
79 ദശലക്ഷത്തിലധികം ജനങ്ങൾക്ക് പോഷകസമൃദ്ധമായ ഭക്ഷണം ഉറപ്പുവരുത്തി 156 ദശലക്ഷം ആളുകളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താനായി. പരിസ്ഥിതി സംരക്ഷിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്യുന്ന പദ്ധതികൾ നടപ്പാക്കി. കാൻസർ ബാധിച്ച 11 ദശലക്ഷത്തിലധികം കുട്ടികൾക്കും കുടുംബങ്ങൾക്കും ചികിത്സാധനസഹായം നൽകി. ഞങ്ങൾ സേവനം ചെയ്യും എന്നതാണ് ഇൗ പ്രസ്ഥാനത്തിന്റെ ആപ്തവാക്യം. സമൂഹത്തെ സേവിക്കാനുള്ള തങ്ങളുടെ കടമ പ്രസ്ഥാനം ഒാരോ അംഗത്തെയും ഒാർമ്മിപ്പിക്കുന്നു. മെൽവിൻ ജോൺസ് ദിനം ഉൾപ്പെടുന്ന ഒരാഴ്ച എൽ.സി.ഐ.എഫ് വാരമായി ആചരിക്കുന്നു. ക്ളബുകൾ സേവന പ്രവർത്തനങ്ങൾ നടപ്പാക്കികൊണ്ടാണ് വാരം ആചരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |