തിരുവനന്തപുരം: കെ.പി.സി.സിയിലെ ഫണ്ട് വിവാദത്തിന്റെയും, പ്രസിഡന്റിന്റെ മുൻ സ്റ്റാഫിനെ ചൊല്ലിയുയർന്ന ആക്ഷേപങ്ങളുടെയും പശ്ചാത്തലത്തിൽ കെ.പി.സി.സി ആസ്ഥാനത്തെയും ഡി.സി.സി ആസ്ഥാനങ്ങളിലെയും നിയമനങ്ങൾക്ക് മാർഗരേഖ നിശ്ചയിച്ചു. സ്റ്റാഫായി നിയമിതരാകുന്നവരുടെ സാമൂഹ്യപശ്ചാത്തലം സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കി നേതൃത്വത്തിന് റിപ്പോർട്ട് ചെയ്യണം.
ആകെ നിയമനങ്ങളിൽ വിദ്യാഭ്യാസ യോഗ്യതയ്ക്ക് പുറമേ അമ്പത് ശതമാനം നിയമനങ്ങൾ വനിതകൾ, പിന്നാക്കക്കാർ, പട്ടികവിഭാഗക്കാർ എന്നിവർക്കായി നീക്കിവയ്ക്കണമെന്നതാണ് സുപ്രധാന തീരുമാനം. ഇവരിൽ തന്നെ 45 വയസ്സിന് താഴെയുള്ളവർക്കാവണം നിയമനം..
കെ.പി.സി.സിയിലെ ആകെ ജീവനക്കാരുടെ എണ്ണം പരമാവധി 18ഉം ഡി.സി.സികളിൽ 7ഉം ആയിരിക്കണം. നിയമനം ലഭിക്കുന്നവരെപ്പറ്റി അതത് ബൂത്ത്കമ്മിറ്റി പ്രസിഡന്റ് മുതൽ ഡി.സി.സി അദ്ധ്യക്ഷൻ വരെയുള്ളവർ കൃത്യമായ പരിശോധന നടത്തി അവർ കുഴപ്പക്കാരല്ലെന്നും പാർട്ടി കൂറുള്ളവരുമാണെന്ന് സാക്ഷ്യപ്പെടുത്തിയ റിപ്പോർട്ട് കെ.പി.സി.സി നേതൃത്വത്തിന് കൈമാറണം. കെ.പി.സി.സി സ്വന്തം നിലയ്ക്കും അന്വേഷണം നടത്തി ഇവരുടെ പശ്ചാത്തലം ഉറപ്പ് വരുത്തണം. എല്ലാ ജീവനക്കാർക്കും നിയമനത്തിന് നിശ്ചിത കാലയളവ് വേണം. അതുവരെയുള്ള പ്രവർത്തനം തൃപ്തികരമാണെങ്കിൽ ആവശ്യമെങ്കിൽ പുനർനിയമനം നൽകാം. നിയമിതരാകുന്നവർക്ക് ആദ്യത്തെ ആറ് മാസം പരിശീലന കാലയളവാണ്. ഈ ഘട്ടത്തിൽ സ്റ്റൈപ്പന്റ് മാത്രമേ ലഭിക്കൂ. സർക്കാർ സർവീസിൽ നിന്നും മറ്റും വിരമിച്ച ശേഷം വരുന്നവർക്ക് ശമ്പള വ്യവസ്ഥയിൽ പാർട്ടി ഓഫീസിൽ നിയമനം നൽകുന്നത് നിരുത്സാഹപ്പെടുത്തണം. ഇത്തരക്കാർക്ക് സന്നദ്ധസേവനമാകാം. മുഴുവൻ സമയ സന്നദ്ധസേവനത്തിന് തയാറായെത്തുന്നവർക്ക് പ്രത്യേക പരിഗണന നൽകും. ജീവനക്കാർക്ക് വിരമിക്കൽ പ്രായമേർപ്പെടുത്താനും നിർദ്ദേശമുണ്ട്. 65 വയസ്സായി നിജപ്പെടുത്താനാണ് ഉദ്ദേശ്യം..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |