മോസ്കോ : യുക്രെയിനിൽ അധിനിവേശത്തിന് മേൽനോട്ടം വഹിക്കാൻ പുതിയ സൈനിക ജനറലിനെ നിയമിച്ച് റഷ്യ. ചീഫ് ഒഫ് ദ ജനറൽ സ്റ്റാഫ് വലേറി ഗെറസിമോവിനാണ് യുക്രെയിനിലെ റഷ്യൻ സൈനിക നടപടികളുടെ മേൽനോട്ട ചുമതല. മൂന്ന് മാസങ്ങൾക്ക് മുമ്പ് നിയമിച്ച ജനറൽ സെർജി സറോവികിന് പകരമാണ് വലേറിയുടെ നിയമനം. യുക്രെയിനിലെ ഊർജ കേന്ദ്രങ്ങൾക്ക് നേരെ റഷ്യ നടത്തിയ ശക്തമായ ആക്രമണങ്ങൾക്ക് പിന്നിൽ സെർജിയായിരുന്നു. സേനകൾ തമ്മിലെ ഏകോപനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് തലപ്പത്തെ അഴിച്ചുപണിയെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം പറയുന്നു. സോവിയറ്റ് യുഗത്തിന് ശേഷം ഏറ്റവും കൂടുതൽ കാലം സർവീസിൽ തുടരുന്ന റഷ്യൻ ചീഫ് ഒഫ് ജനറൽ സ്റ്റാഫ് ആണ് ഗെറസിമോവ്. അതിനിടെ, കിഴക്കൻ യുക്രെയിനിലെ സോളേഡാർ നഗരത്തിൽ പോരാട്ടം രൂക്ഷമായി തുടരുകയാണ്. നിരവധി സാധാരണക്കാർ ഇവിടെ കുടുങ്ങിയിട്ടുണ്ടെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |