വാരാണാസി: ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ നദീജല ആഡംബരക്രൂയിസ് എംവി ഗംഗാവിലാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിൽ വിഡിയോ കോൺഫറൻസ് വഴി ഫ്ലാഗ് ഒഫ് ചെയ്തു. ഫ്ലാഗ് ഒഫിനൊപ്പം 1000 കോടിയിലധികം വരുന്ന മറ്റു ഉൾനാടൻ ജലപാത പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു.
3,200 കിലോമീറ്ററിലധികം ദൂരം എംവി ഗംഗാവിലാസ് സഞ്ചരിക്കും. ഒഴുകും കൊട്ടാരം എന്ന് വിശേഷണമുള്ള എംവി ഗംഗാ വിലാസ് ഇന്ത്യയിൽ നിർമ്മിക്കുന്ന ആദ്യത്തെ ക്രൂയിസ് കപ്പലാണ്. റിവർ ക്രൂയിസ് സെക്ടറിലെ സ്വാശ്രയ ഇന്ത്യയുടെ (ആത്മനിർഭർ ഭാരത്) പ്രതീകമാണിത്.
The beginning of the world's longest river cruise service on river Ganga is a landmark moment. It will herald a new age of tourism in India: PM Narendra Modi pic.twitter.com/5MTmkPtoeV
— ANI (@ANI) January 13, 2023
യാത്ര 27 നദികളിലൂടെ
ഗംഗ, ഭാഗീരഥി, ഹൂഗ്ലി, ബ്രഹ്മപുത്ര, വെസ്റ്റ് കോസ്റ്റ് കനാൽ തുടങ്ങി 27 നദികളിലൂടെയാണ് കപ്പൽ സഞ്ചരിക്കുക. ആഡംബര ട്രിപ്പിൾ ഡെക്ക് ക്രൂയിസായ എം വി ഗംഗാ വിലാസ് തിങ്കളാഴ്ചയാണ് കൊൽക്കത്തയിൽ നിന്ന് കാശിയിലെത്തിയത്. വാരണാസിയിൽ നിന്ന് അസമിലെ ദിബ്രുഗഡിലേക്കാണ് പ്രഥമ യാത്ര നിശ്ചയിച്ചിട്ടുള്ളത്. സ്വിസ് വിനോദസഞ്ചാരികളാണ് ആദ്യ യാത്രാ സംഘത്തിലുള്ളത്. ഒരു ജർമൻ പൗരനുമുണ്ട്. ആകെ 33 പേരാണ് സീറ്റ് ബുക്ക് ചെയ്തിട്ടുള്ളത്. വാരണാസിയിൽ നിന്ന് ദിബ്രുഗഢിലേക്ക് 3200 കിലോമീറ്റർ ദൂരമാണ് യാത്ര. അമ്പത് ദിവസമെടുത്താണ് യാത്ര പൂർത്തീകരിക്കുക. ഏകദേശം 13 ലക്ഷം രൂപയാണ് ഈ യാത്രയ്ക്കായി ഒരാൾക്ക് ചെലവാകുക. അതായത്. ഒരു ദിവസം ഉദ്ദേശം 25000 രൂപ വേണ്ടിവരും.
യാത്രയിൽ സഞ്ചാരികൾക്ക് ലോക പൈതൃക പട്ടികയിൽ ഇടം നേടിയതടക്കമുള്ള 50ലധികം സ്ഥലങ്ങൾ കൺനിറയെ കാണാനും അവസരമുണ്ട്. സുന്ദർബൻസ് ഡെൽറ്റ, കാസിരംഗ നാഷണൽ പാർക്ക് തുടങ്ങിയ ദേശീയ പാർക്കുകളിലൂടെയും വന്യജീവി സങ്കേതങ്ങളിലൂടെയും കപ്പൽ കടന്നുപോകും.
62.5 മീറ്റർ നീളവും 12.8 മീറ്റർ വീതിയുമുള്ള ഭീമൻ കപ്പലാണ് എം വി ഗംഗാ വിലാസ്. എല്ലാ സൗകര്യങ്ങളോടും കൂടിയ 18 സ്യൂട്ടുകൾ ഇതിലുണ്ട്. ഇതിന് പുറമേ ജിം, സ്പാ തുടങ്ങിയ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. യാത്രയ്ക്കിടെ സംഗീത, സാംസ്‌കാരിക പരിപാടികളും ഒരുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |