SignIn
Kerala Kaumudi Online
Sunday, 28 April 2024 6.09 AM IST

കറണ്ട് ചാർജ് വെള്ളിടിയാകുമ്പോൾ

photo

ഉത്പാദനച്ചെലവിന്റെ ഏറ്റക്കുറച്ചിലിന് അനുസരിച്ച് കറന്റ് ചാർജ് എല്ലാ മാസവും പുതുക്കി നിശ്ചയിക്കണമെന്ന കേന്ദ്ര തീരുമാനം കേരളവും നടപ്പാക്കാൻ പോവുകയാണല്ലോ. കേരളത്തിലെ ഉപഭോക്താക്കൾക്ക് ഞെട്ടലോടെയല്ലാതെ ഈ തീരുമാനം ശ്രവിക്കാനാകില്ല. നിരക്കുകൂട്ടി ഉപഭോക്താക്കളെ പിഴിയുന്ന വൈദ്യുതി ബോർഡിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ലല്ലോ.

എല്ലാ മാസവും വൈദ്യുതി നിരക്ക് മാറുന്ന സ്ഥിതിവന്നാൽ രാജ്യത്ത് ഏറ്റവുമധികം ചാർജ് ‌ഈടാക്കുന്ന കേരളത്തിൽ ഉപഭോക്താവിന്റെ ഗതിയെന്താകും ? വേനൽക്കാലത്ത് ഏറ്റവും ഉയർന്ന നിരക്കും മഴക്കാലത്ത് കുറഞ്ഞ നിരക്കും എന്ന വാഗ്ദാനം കൗശലമാണ്. കാരണം പുറത്തുനിന്ന് കൂടുതലായി വൈദ്യുതി വാങ്ങേണ്ടിവരുന്ന സമയത്ത് ഉപഭോക്താവിന്റെ കൈയിൽ നിന്ന് ബോർഡ് പരമാവധി പണം ഊറ്റിയെടുക്കും.

ഇന്ധനവിലയും തത്ഫലമായി നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിലും ശ്വാസംമുട്ടിക്കഴിയുന്ന ഒരു ജനതയുടെ കഴുത്തിൽ കുരുക്കിടുന്ന നടപടിയാണിത്. നിരക്ക് നിശ്ചയിക്കൽ വൈദ്യുതി ബോർഡിന്റെ കുത്തകയായതിനാൽ അവർക്ക് തോന്നുന്ന നിരക്ക് ഈടാക്കുമെന്ന് ഉറപ്പാണ്. ഈ ദുസ്സഹമായ സാഹചര്യത്തെ ജനം എങ്ങനെ തരണം ചെയ്യണം എന്നുകൂടി അധികാരികൾ പറഞ്ഞുതരണം.

വേദനാഥ് പി.ആർ

ഇരിങ്ങാലക്കുട

ആശ്രിത നിയമനം;
അവരെ ഇരുട്ടിലാക്കരുത്

ആകെ സർക്കാർ നിയമനങ്ങളുടെ അഞ്ച് ശതമാനമേ ആശ്രിത നിയമനം പാടുള്ളൂവെന്ന ഹൈക്കോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി ആശ്രിത നിയമന രീതിയിൽ മാറ്റം വരുത്തിയാൽ നിയമനം കാത്തിരിക്കുന്ന ഒട്ടേറെപേരുടെ പ്രതീക്ഷകൾ ഇരുളിലാകും. സർക്കാർ ജീവനക്കാർ സർവീസിലിരിക്കെ മരിച്ചാൽ ചട്ടം അനുസരിച്ച് ജീവിതപങ്കാളിക്കോ മക്കളിൽ ഒരാൾക്കോ ജോലി ലഭിക്കും. മരിച്ചയാൾ വിവാഹിതനല്ലെങ്കിൽ അവിവാഹിതരായ സഹോദരങ്ങൾക്കോ മാതാപിതാക്കളിൽ ഒരാൾക്കോ സ‍ർക്കാർ ജോലി ലഭിക്കും. നിയമനം കാത്ത് നിരവധി കുടുംബങ്ങൾ ഇപ്പോൾത്തന്നെയുണ്ട്. അവരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്നത് അനീതിയാണ്. അതിനാൽ ആശ്രിതനിയമനത്തിന്റെ മനുഷ്യത്വം എന്ന വശം കൂടി പരിഗണിക്കേണ്ടതുണ്ട്. ഏത് നിയമത്തിന്റെയും ആത്മാവ് മനുഷ്യത്വമാണല്ലോ.

രോഹിണി ഗോപിനാഥ്

പാലക്കാട്

കലോത്സവ കലവറയിലും ‌

ജാതിയെന്ന ദുഷ്ചിന്ത

സംസ്ഥാന കലോത്സവങ്ങളിൽ നോൺ വെജ് വിളമ്പൽ എന്ന അഭിപ്രായം ഏതുതലം വരെ കയറിപ്പോയെന്ന് കേരളം കണ്ടു. സാക്ഷരകേരളമെന്നും നവോത്ഥാന കേരളമെന്നും അഭിമാനിക്കുന്ന നമ്മുടെ സോഷ്യൽ മീഡിയ പ്ളാറ്റ് ഫോമുകളിൽ ജാതിയുടെ വിഷം വമിക്കുന്നത് വളർന്നുവരുന്ന നമ്മുടെ കുഞ്ഞുങ്ങൾ കാണേണ്ടി വന്നില്ലേ! ഇത് ശുഭലക്ഷണമല്ല. പഴയിടം മോഹനൻ നമ്പൂതിരിക്ക് നേരെ ആക്രമണം അഴിച്ചുവിട്ടവർ തങ്ങളുടെ മനസിലെ വൈകൃതങ്ങളെയാണ് കുത്തി പുറത്തിട്ടത്.

പതിനായിരങ്ങൾക്ക് ഭക്ഷണമൊരുക്കുന്ന സ്ഥലത്ത് മാംസാഹാരം എങ്ങനെ സുരക്ഷിതമായി തയാറാക്കി നല്കാനാവും എന്ന യുക്തിയെ പടിക്ക് പുറത്തു നിറുത്തിയല്ലേ ഈ വിദ്വാന്മാരൊക്കെ ഇവിടെ വിളയാടിയത് ?​

സുശീലാ മോഹനൻ

മാവേലിക്കര

കെ.എസ്.ആർ.ടി.സി അപകടങ്ങളിൽ

സമഗ്ര അന്വേഷണം വേണം

അടുത്തിടെ തിരുവനന്തപുരം കിള്ളിപ്പാലത്തു സിഗ്‌നലിൽ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി.ബസ് ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങളിൽ ഇടിച്ചു കയറി. കഴിഞ്ഞമാസം തിരുവന്തപുരത്തു നിന്ന് നാഗർകോവിലിന് പോയ ബസിന്റെയും എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസിന്റെയും ടയർ ഓടിക്കൊണ്ടിരിക്കെ ഇളകിത്തെറിച്ചിരുന്നു . അടുത്തിടെ നടന്ന ഈ മൂന്ന് സംഭവങ്ങളിലും ഭാഗ്യം കൊണ്ട് മാത്രം ആർക്കും ജീവൻ നഷ്ടമായില്ല. തുടരെ കെ.എസ്.ആർ.ടി.സി ഉൾപ്പെടുന്ന അപകടങ്ങളിൽ വലിയ ചർച്ചയോ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയോ കാണാൻ കഴിയുന്നില്ല .സ്വകാര്യ വാഹനങ്ങൾ അപകടത്തിൽപ്പെടുമ്പോൾ മാത്രം റോഡുകളിൽ പൊലീസ് - മോട്ടോർവാഹന ഉദ്യോഗസ്ഥർ കർശന പരിശോധന നടത്തും. കെ.എസ് ആർ.ടി.സി ബസുകൾക്ക് റോഡിൽക്കൂടി ഓടാനുള്ള ഫിറ്റ്‌നസ് ഉണ്ടോ എന്ന് പരിശോധിക്കാൻ ഉദ്യോഗസ്ഥർ തയാറാകണം. പല ബസുകളിലും പ്രത്യേകിച്ച് ദീർഘദൂര ബസുകളിൽ ബ്രേക്ക് പോലും പ്രവർത്തനക്ഷമമാണോ എന്ന് സംശയമുണ്ട് . കെ.എസ്.ആർ.ടി.സി സർക്കാർ വണ്ടിയായതു കൊണ്ട് നിയമങ്ങൾ പാലിക്കപ്പെടേണ്ട എന്നാണോ?​ അതിൽ യാത്ര ചെയ്യുന്ന മനുഷ്യരുടെ ജീവന് വിലയില്ലേ.

സുകുമാർ സെൻ
ഉദുമ , കാസർഗോഡ്‌

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LETTERS
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.